ചെലവ് കുറഞ്ഞ് ഒരു വീട് ചെയ്യാനാവുമോ? അടുത്തിടെ ഒരു ഓട്ടോറിക്ഷക്കാരൻ എന്നോട് ചോദിച്ച ചോദ്യമാണ്. പലരുടേയും ചോദ്യമാണത്. വീട് നമ്മുടെയൊക്കെ ജീവിതത്തിലെ ഏറ്റവും ചെലവുള്ള ഒരു പരിപാടി തന്നെയാണ്. ചെലവ് കുറഞ്ഞ വീട് ഒരു സങ്കൽപമാണ്. നമ്മളിൽ പലരും ആഗ്രഹിക്കുന്നതുമാണ്.
ചെലവ് കുറയ്ക്കാനെന്താ വഴി?
നിർമ്മാണവസ്തുക്കളുടെ വില കൂടിക്കൊണ്ടേയിരിക്കുന്നു. തൊഴിലാളികളുടെ കൂലിയാണെങ്കിൽ കുറയുന്നുമില്ല. അപ്പോൾ പിന്നെ മറ്റെന്തെങ്കിലും സൂത്രങ്ങളുണ്ടൊ? ഇല്ല! ചെലവ് കുറയ്ക്കാൻ ഒരു എളുപ്പവഴിയുമില്ല. ഒരുഭാഗത്ത് ചെലവ് കുറച്ചാൽ അതേ വീടിന്റെ മറ്റൊരു ഭാഗത്ത് ചെലവ് കൂടും. വീടിനെപ്പറ്റിയുള്ള കാഴ്ചപ്പാടുകൾ മാറാത്തിടത്തോളം നിർമ്മാണചെലവ് കുറയില്ല എന്നതാണ് പച്ചയായ യാഥാർത്ഥ്യം.
എന്റെ അനുഭവത്തിൽ, വീടുനിർമ്മാണത്തിൽ ചെലവ് കുറയ്ക്കാൻ ഏറ്റവും ആദ്യത്തെ മാർഗ്ഗം ചെറിയ വീട് മതി എന്ന തീരുമാനമാണ്. തറവിസ്തീർണ്ണം ഒരു ദയയും കാണിക്കാതെ കുറയ്ക്കുകതന്നെ വേണം. തറവിസ്തീർണ്ണം കുറയുന്തോറും ചെലവ് കുറഞ്ഞ് വരും. സ്ഥിരം കാണുന്ന പല വർക്കുകളും നിർദ്ദയം ഒഴിവാക്കണം.
അതായത് അകവും പുറവും പ്ലാസ്റ്ററിങ് ചെയ്യൽ ഒഴിവാക്കണമെന്നർത്ഥം. ഇപ്പോഴത്തെ വിലനിലവാരംവച്ച് 1000 ചതുരശ്രഅടി വീടിന് പ്ലാസ്റ്ററിങ് ചെയ്യാൻ ഏകദേശം 2 ലക്ഷം രൂപ ചെലവ് വരും. അത് ഒരുലക്ഷത്തിലേക്ക് പിടിച്ച് കെട്ടണം. പ്ലാസ്റ്ററിങ്ങിനുമേൽ പെയിന്റിങ് പണ്ടത്തെപ്പോലെയല്ല ചെലവേറിയ പ്രക്രിയയാണ്. 1000 ചതുരശ്രഅടി വീടിന് ഏറ്റവും ചുരുങ്ങിയത് രണ്ടരലക്ഷം രൂപ വരും.
അത് ഒരുലക്ഷത്തിലേക്ക് കൊണ്ടുവരണം. അതായത് പലയിടങ്ങളിലും പെയിന്റിങ് ഒഴിവാക്കണം. പുട്ടിയിടൽ ഏറ്റവും അത്യാവശ്യമായ സ്ഥലങ്ങളിലേക്ക് പരിമിതപ്പെടുത്തണം. മരം തേക്കിൽ നിന്ന് വിലകുറഞ്ഞ മറ്റ് മരങ്ങളിലേക്ക് മാറണം. പറ്റുമെങ്കിൽ ഉപയോഗിച്ച മരം പുനരുപയോഗിക്കണം.
UPVC ജനാലകളാണെങ്കിൽ കാലങ്ങളോളം യാതൊരുവിധ പരിചരണവും വേണ്ടതില്ല. അയേൺ ബാർ ഉപയോഗിച്ച് ഗ്രിൽ പണിത് അതിൽ മരത്തിന്റെ ഷട്ടേഴ്സ് വച്ച് ജനാലകളുണ്ടാക്കാം. ഏറ്റവും വില കുറഞ്ഞ ഫ്ലോർ ടൈൽസ് ഉപയോഗിക്കണം. പരമാവധി സ്ലാബ് കോൺക്രീറ്റിൽ വീടുകൾക്ക് 8 mm കമ്പികൾ ധാരാളമാണ്. പക്ഷെ നമ്മുടെ ശീലം 10 mm കമ്പിയിലെത്തി നിൽക്കുന്നു.
പഴയ ഓടുവച്ച് വാർക്കുന്ന ഫില്ലർ സ്ലാബ് രീതി അവലംബിക്കണം. ഏറ്റവും അത്യാവശ്യമായ ഇന്റീരിയർ ജോലികളൊഴിച്ച് മറ്റെല്ലാം അനാവശ്യമാണെന്ന് കരുതി വേണ്ടെന്നുവയ്ക്കണം.
കിച്ചൻ കാബിനറ്റ് ഒരു ദയാദാക്ഷിണ്യവുമില്ലാതെ വേണ്ടെന്ന് തീരുമാനിക്കണം. ബാത്ത്റൂമുകളുടെ എണ്ണം കുറക്കണം. ഒരു ബാത്ത്റൂമിന് മൊത്തം ചിലവ് ഏറ്റവും കുറഞ്ഞത് ഒരു ലക്ഷം രൂപയെങ്കിലും ആവുമെന്നോർക്കുക. എല്ലാ സൺഷേഡുകളും പാരപ്പറ്റും ഒഴിവാക്കി ടെറസിനെ അയേൺ സ്ക്വയർട്യൂബ് വച്ച് റൂഫിങ് ഷീറ്റ് കവർ ചെയ്ത് ചുമരിൽ നിന്ന് നല്ല പോലെ പ്രൊജക്‌ഷൻ കൊടുത്താൽ നല്ല യൂട്ടിലിറ്റി സ്റ്റോറേജ് ചെറിയ ഗെറ്റുഗദർ എന്നിവക്ക് ആവശ്യത്തിന് ഇടം കിട്ടും.
സൺഷേഡിന്റെ കുറവും നികത്താം. എല്ലാ ചുമരുകളും മഴനനയുന്നതിൽ നിന്ന് സംരക്ഷിക്കുകയും ചെയ്യാം. ഏറ്റവും കുറവ് ലൈറ്റ് പോയിന്റുകൾ മതിയെന്നു വയ്ക്കണം. അലങ്കാരവിളക്കുകൾ ചെലവേറിയതാവും. ഇത്രമാത്രം മതി ഏതൊരു വീടിനും 25 ശതമാനം ചെലവ് കുറയ്ക്കാൻ.
ഇതിനൊക്കെ പുറമെ മെയിന്റൻസ് കോസ്റ്റ് എന്ന പേരിൽ ഓരോ രണ്ട് വർഷത്തിലും വീടിനുവേണ്ടി ചിലവഴിക്കേണ്ടിവരുന്ന തുക നമ്മളാരും മുൻകൂട്ടി കാണാറുമില്ല. 1000 ചതുരശ്ര അടിയുടെ വീടിന് ഓരോ 2/3 വർഷത്തിലും വേണ്ടി വരുന്ന തുക ഏറ്റവും കുറഞ്ഞത് ഒന്നര ലക്ഷം രൂപയാവും. പെയിന്റിങ്ങായിരിക്കും വില്ലൻ.
അതായത് വീട് പെയിന്റിങ് എന്നത് കാലാകാലങ്ങളിൽ ചെയ്യേണ്ടിവരുന്നുണ്ട്. അത് ഒഴിവാക്കണമെങ്കിൽ ഏറ്റവും കുറഞ്ഞ പെയിന്റിങ് സർഫസ് ആയിരിക്കണം വീടിനുണ്ടാവേണ്ടത്. പെയിന്റിങ് സർഫസ് കുറക്കണമെങ്കിൽ പ്ലാസ്റ്ററിങ് സർഫസ് കുറയ്ക്കണം. ഇത്തരം രീതികൾ അവലംബിക്കണമെങ്കിൽ നമുക്ക് ചില തീരുമാനങ്ങളുണ്ടാവണം.
ദൗർഭാഗ്യവശാൽ അത്തരം തീരുമാനങ്ങളെടുക്കാൻ നമുക്കാവുകയുമില്ല. ചെലവ് കുറയണമെങ്കിൽ വീട് നമ്മുടെ കൈപ്പിടിക്കുള്ളിലായിരിക്കണം നിർമ്മിക്കേണ്ടത്. നമ്മുടെയൊക്കെ പോക്കറ്റിലിടാൻ പാകത്തിലുള്ള കൊച്ചുവീട്. അതല്ലാതെ നാം നിർമ്മിച്ച വീട് നമ്മെ വിഴുങ്ങുന്ന തരത്തിലാവരുത്. അത്രമാത്രമാണ് ചെലവ് കുറച്ച് വീട് പണിയണമെന്ന് ആഗ്രഹിക്കുന്നവർ മനസിൽ കരുതേണ്ട അടിസ്ഥാന പ്രമാണം.
ലേഖകൻ ഡിസൈനറാണ്.
English Summary- How to Build a Budget House in this Inflation Period