ADVERTISEMENT

ഭൂരിഭാഗം മലയാളികളും അഭിമുഖീകരിച്ചിട്ടുള്ള കാര്യമാണ് വഴിപ്രശ്നം. വാക്കുതർക്കം കയ്യാങ്കളിയിലേക്കും കേസിലേക്കുമൊക്കെ പോയി മനഃസമാധാനം നഷ്ടപ്പെട്ട അനുഭവകഥകൾ മിക്ക മലയാളികൾക്കുമുണ്ടാകും. ഇതിനു പലപല വേർഷനുകളുമുണ്ടാകും. 'ഭീമന്റെ വഴി' എന്ന സിനിമ അത്തരത്തിലൊരു വേർഷനാണ് പറഞ്ഞത്. ഇനി പറയുന്നത് മറ്റൊരു വേർഷനാണ്. 

പത്തിരുപത് വർഷം മുൻപുള്ള (റിയൽ എസ്റ്റേറ്റ് വ്യവസായം ചൂടുപിടിക്കും മുൻപ്) കഥയാണ്. ദിവാകരേട്ടനും (യഥാർഥ പേരല്ല) കുടുംബവും എറണാകുളത്തെ റോഡ് സൈഡിലുള്ള 50 സെന്റ് വസ്തുവിലാണ് വീടുവച്ച് താമസിക്കുന്നത്. പെൺമക്കളെ കെട്ടിക്കാനും മറ്റും പറമ്പിന്റെ പിന്നിൽ അതിരിലുള്ള 10 സെന്റ് ദിവാകരേട്ടൻ വിറ്റിരുന്നു. ഇവിടെ ഉസ്മാനും (യഥാർഥ പേരല്ല) കുടുംബവും വീടുവച്ച് താമസിക്കുന്നു. ഇവർക്ക് മൂന്നടി നടവഴി വീടിന്റെ കിഴക്കേ വശത്തുകൂടി പ്രമാണം ചെയ്തുകൊടുത്തിരുന്നു. പക്ഷേ മെയിൻ റോഡിൽനിന്ന് ദിവാകരേട്ടന്റെ ഗെയ്റ്റ് വഴി കയറി, വീടിന്റെ വശത്തുകൂടെ എളുപ്പത്തിൽ ഉസ്മാന്റെ വീട്ടിലേക്ക് എത്താം. അതായിരുന്നു പതിവ്. സ്നേഹബന്ധത്തിന്റെ പേരിൽ അതൊന്നും ദിവാകരേട്ടൻ കാര്യമാക്കിയിരുന്നില്ല.

കുറച്ചുകാലത്തിനുള്ളിൽ ആ പ്രദേശം പെട്ടെന്ന് വികസിച്ചു. വിശ്രമകാലത്ത് ഒരു വരുമാനത്തിനായി പിന്നിലുള്ള ബാക്കി വസ്തുവിൽ ഒരു വീട് വച്ച് വാടകയ്ക്ക് കൊടുക്കാം എന്ന് ദിവാകരേട്ടനും മകനും തീരുമാനിച്ചു. അങ്ങനെ കെട്ടിടം പണിക്ക് പിന്നിലെ പറമ്പിലേക്ക് സാധനങ്ങൾ എത്തിക്കാനുള്ള സൗകര്യത്തിനായി, പ്രധാന ഗെയ്റ്റിനെയും വീടിനെയും ശല്യപ്പെടുത്താതെ, അൽപം മതിൽ പൊളിച്ച് റോഡിൽനിന്ന് വഴിയൊരുക്കി. വീടുപണിയുടെ പലഘട്ടങ്ങളിലും താൽപര്യത്തോടെ ഓടിനടന്നതും അയൽവാസിയായ ഉസ്മാനായിരുന്നു.

ഇതിനുകുറച്ചുമുമ്പ് ഉസ്മാൻ മറ്റൊരു അഭ്യർഥനയുമായി ദിവാകരേട്ടനെ സമീപിച്ചിരുന്നു: മൂന്നടി നടവഴി കുറച്ചുകൂടി വീതികൂട്ടാൻ കുറച്ച് സ്ഥലം വിട്ടുതരണം. അതിനായി അഡ്വാൻസായിട്ട് അൻപതിനായിരം രൂപയും പിടിച്ചേല്പിച്ചു. നല്ലബന്ധത്തിൽ ഇരിക്കുന്നതിനാൽ ദിവാകരേട്ടൻ സമ്മതിച്ചു.

അങ്ങനെ വാടകയ്ക്ക് കൊടുക്കാനുള്ള വീടിന്റെ പണികഴിഞ്ഞു. സാധനങ്ങൾ എത്തിക്കാൻ പൊളിച്ച മതിൽ വീണ്ടും കെട്ടിയടയ്ക്കാൻ ദിവാകരേട്ടൻ ശ്രമിച്ചപ്പോഴാണ് കഥയിലെ ട്വിസ്റ്റ്.

അതുവരെ നന്മമരമായിരുന്ന ഉസ്മാന്റെ മട്ടുംഭാവവും മാറി. കിഴക്കുവശത്തെ നടവഴി വീതികൂട്ടാൻ അഡ്വാൻസായി നൽകിയ അൻപതിനായിരം, പടിഞ്ഞാറുവശത്തെ പുതിയ വാടകവീടിനു മുന്നിലൂടെ തന്റെ പറമ്പിലേക്കുള്ള വഴിക്കായി നൽകിയതാണെന്നായി അയാളുടെ അവകാശവാദം.  അതിനൊരു ഗൂഢലക്ഷ്യമുണ്ട്. പ്രദേശത്തിന്റെ വികസനസാധ്യതകൾ മനസിലാക്കിയ റിയൽ എസ്റ്റേറ്റ് മാഫിയ അയാൾക്ക് ചില കുബുദ്ധികൾ പറഞ്ഞുകൊടുത്തിരുന്നു.

അതായത് നിലവിൽ വാടകയ്ക്കായി പണിത വീടിന്റെ തൊട്ടുപുറകിലാണ് ഉസ്മാന്റെ വീട്. ഇവിടേക്ക് വാഹനം എത്താനുള്ള വഴിയില്ല. പടിഞ്ഞാറുവശത്ത് വാടകയ്ക്ക് പണിത വീട്ടിലേക്ക് സാധനങ്ങൾ എത്തിക്കാൻ താത്കാലികമായി വെട്ടിയ വഴിക്കൊപ്പം അൽപം കൂടി വഴികിട്ടിയാൽ അയാളുടെ പ്ലോട്ടിൽനിന്ന് റോഡിലേക്ക് നേരിട്ട് വഴിയാകും. അതോടെ തുച്ഛമായി വാങ്ങിയ അയാളുടെ വസ്തുവിന് പതിന്മടങ്ങ് മൂല്യമുണ്ടാകും. തീർന്നില്ല, അതിനോടുചേർന്ന് കുറച്ചു തരിശ് പ്ലോട്ടുകൾ കിടപ്പുണ്ട്. ഭാവിയിൽ ഹൗസിങ് കോളനിയാക്കി വികസിപ്പിക്കാൻ സ്കോപ്പുള്ളത്. അത് ചുളുവിൽ മേടിച്ച് മറിച്ചുവിട്ടാൽ കമ്മീഷനായി കോടികൾ കീശയിലെത്തും.

അതോടെ അയാളുടെ കണ്ണ് മഞ്ഞളിച്ചു. സ്നേഹബന്ധം മറന്നു. ഒടുവിൽ വാക്കേറ്റമായി, കേസായി..കുറച്ചുവർഷങ്ങൾക്കുശേഷം തെളിവുകളുടെ അഭാവത്തിൽ ദിവാകരേട്ടന് അനുകൂലമായി കേസ് വിധിയായി. എങ്കിലും ഒരു സഹായം ചെയ്തതിന്റെ പേരിൽ അദ്ദേഹത്തിന് നേരിടേണ്ടി വന്ന മാനസിക പ്രയാസങ്ങൾ ചെറുതായിരുന്നില്ല. ഒരുപക്ഷേ ഇതിന്റെ സാധ്യതകൾ ബോധ്യപ്പെടുത്തി നേർവഴിക്ക് മാന്യമായി ഡീൽ ചെയ്തിരുന്നെങ്കിൽ ദിവാകരേട്ടൻ സമ്മതിച്ചേനെ. അവിടെയും എല്ലാം ഒറ്റയ്ക്ക് വിഴുങ്ങണം എന്ന നയമാണ് അയാൾ സ്വീകരിച്ചത്. വേറെ നടവഴി തന്നിട്ടും അത്രയും കാലം ദിവാകരേട്ടന്റെ വീട്ടിലൂടെ കുറുക്കുവഴിയുടെ ആനുകൂല്യം അനുഭവിച്ചതൊന്നും അയാൾ ഓർത്തതേയില്ല. പണത്തിന്റെ വലിയ സാദ്ധ്യതകൾ വരുമ്പോൾ മനുഷ്യൻ മാറുന്നതിന്റെ ഉദാഹരണമാണിത്.

കഥയുടെ ഗുണപാഠമിതാണ്- 'സൂചി കുത്താൻ ഇടംകൊടുത്താൽ അവിടെ ജെസിബി കയറ്റാൻ' നോക്കുന്ന പ്രവണത കാലാകാലങ്ങളായി പല മലയാളികൾക്കുമുണ്ട്. സ്നേഹബന്ധങ്ങളുടെ പേരിൽ ഇന്ന് ചെയ്തുകൊടുക്കുന്ന 'ഔദാര്യങ്ങൾ' വർഷങ്ങൾ കഴിഞ്ഞു 'അവകാശത്തിന്റെ' കാർക്കശ്യവുമായി തിരികെയെത്താം. നമ്മുടെ മനഃസമാധാനം നഷ്ടപ്പെടാം. അതുകൊണ്ട് ഔദാര്യങ്ങൾ അർഹതപ്പെട്ടവർക്ക് മാത്രം അറിഞ്ഞുചെയ്യുന്നതാകും പുതിയകാലത്ത് അനുയോജ്യം.

English Summary- Road Dispute between Neighbours- Crooked Ways of Malayalis- Experience

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com