മഴക്കാലം എത്തുന്നതോടെ വീട്ടിൽ പലവിധ പ്രാണികളുടെയും ശല്യം അധികരിക്കും. കൊതുകുകൾ പെരുകുന്നതാണ് മഴക്കാലത്ത് ഏറ്റവുമധികം ബുദ്ധിമുട്ടുണ്ടാക്കുന്ന ഒരു കാര്യം. ചിക്കന്‍ ഗുനിയ, ഡെങ്കി പനി, മലേറിയ എന്ന് തുടങ്ങി കൊതുകിന്റെ ശല്യം മൂലം ഭയക്കേണ്ട രോഗങ്ങളുടെ ലിസ്റ്റ് വലുതാണ്. കൊതുകുകളെ തുരത്താനുള്ള പല ഉല്പന്നങ്ങളും വിപണിയിൽ ലഭ്യമാണെങ്കിലും അവയൊക്കെയും ഒരുതരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ ആരോഗ്യത്തിന് ഹാനികരമാകാറുണ്ട്. എന്നാൽ ഇവയൊന്നും ഉപയോഗിക്കാതെ തന്നെ കൊതുകുകളെ അകറ്റിനിർത്താൻ ചില നുറുങ്ങുവഴികളുണ്ട്.
സാഹചര്യം ഒഴിവാക്കാം
എല്ലാ നിവാരണനടപടികളും സ്വീകരിക്കുന്നതിനു മുൻപായി ചെയ്യേണ്ട ഒരു കാര്യം ആദ്യം വീട്ടില്‍ നിന്നും കൊതുക് വരാതിരിക്കാനുള്ള സാഹചര്യങ്ങള്‍ ഒഴിവാക്കുക എന്നതാണ്. കെട്ടികിടക്കുന്ന വെള്ളം, മലിനജലം, പാട്ടകളിലും മറ്റും വെള്ളം കെട്ടിനില്‍ക്കുന്ന അവസ്ഥ ഇതൊക്കെ ഒഴിവാക്കാം. വീടും പരിസരവും വൃത്തിയോടെ സൂക്ഷിച്ചാല്‍ തന്നെ കൊതുക് വരില്ല.

കർപ്പൂരം
കൊതുകുകളെ തുരത്താൻ ഏറ്റവും എളുപ്പത്തിൽ ഉപയോഗിക്കാവുന്ന ഒന്നാണ് കർപ്പൂരം. കതകുകളും ജനാലകളും അടച്ചിട്ട ശേഷം മുറികളിൽ പല ഭാഗങ്ങളിലായി കർപ്പൂരം കത്തിച്ചു വയ്ക്കുക. ഇതിന്റെ പുക അകത്തളത്തിലെ വായുവിൽ നിറയുന്നതോടെ കൊതുകുകൾ അത് ചെറുത്തു നിൽക്കാനാവാതെ സ്ഥലം വിടും. കൊതുക് ശല്യം അധികമില്ലാത്ത സമയമാണെങ്കിൽ കർപ്പൂരക്കട്ടകൾ കത്തിക്കാത്ത നിലയിൽ തന്നെ പലഭാഗങ്ങളിലായി വയ്ക്കുക. കൂടുതൽ കൊതുകുകൾ അകത്തേക്ക് കയറാതെ തടയാൻ ഇതിലൂടെ സാധിക്കും.
വേപ്പെണ്ണ
വേപ്പെണ്ണയും മികച്ച ഒരു കൊതുകു നിവാരണിയാണ്. ഇഞ്ചിപ്പുല്ല് എണ്ണയുമായി വേപ്പെണ്ണ കലർത്തിയശേഷം പലയിടങ്ങളിലായി വയ്ക്കുക. വലിയ ഒരു ബൗളിൽ വെള്ളം എടുത്ത ശേഷം അതിലേക്ക് ഏതാനും തുള്ളി എണ്ണ ചേർത്ത് വച്ചാലും മതിയാകും. ഈ ഗന്ധം പരക്കുന്നതോടെ കൊതുകുകൾ പിന്നെ അകത്തേക്ക് പ്രവേശിക്കില്ല.
തുളസി നീര്
കൊതുകുകൾ പെരുകുന്നത് തടയാൻ ഫലപ്രദമായ മാർഗമാണ് തുളസിനീരിന്റെ ഉപയോഗം. വെള്ളം നീക്കം ചെയ്യാനാവാത്ത വിധം കെട്ടിക്കിടക്കുന്നിടത്തോ കൊതുകുകൾ പെറ്റുപെരുകാൻ സാധ്യതയുള്ള മറ്റിടങ്ങളിലോ തുളസി നീര് തളിക്കുക. ഇതോടെ അവയ്ക്ക് അവിടങ്ങളിൽ മുട്ടയിടാൻ സാധിക്കാതെ വരും.
വെളുത്തുള്ളി സ്പ്രേ
മൂന്നോ നാലോ അല്ലി വെളുത്തുള്ളി എടുത് ശേഷം അതിൽ അല്പം വെള്ളം കലർത്തി നന്നായി മിക്സ് ചെയ്തെടുക്കുക. ഈ മിശ്രിതം അരിപ്പ ഉപയോഗിച്ച് അരിച്ചെടുത്ത ശേഷം അതിലേക്ക് കൂടുതൽ വെള്ളം ചേർത്ത് ഒരു സ്പ്രേ ബോട്ടിലിലേയ്ക്ക് മാറ്റാം. ചവറ്റുകൂനകളിലും വെള്ളം കെട്ടിക്കിടക്കുന്ന ഇടങ്ങളിലും കൊതുകുകൾ അധികമായി വരുന്ന സ്ഥലങ്ങളിലുമൊക്കെ ഈ മിശ്രിതം സ്പ്രേ ചെയ്താൽ കൊതുകുകളെ നിയന്ത്രിക്കാനും അവ മുട്ടയിട്ട് പെരുകുന്നത് തടയാനും സാധിക്കും.
English Summary- Prevent Mosquito at Home- Monsoon Tips