പുതിയതായി വീടുകൾ പണിയാൻ പോകുന്ന സാധാരണക്കാർക്ക് വേണ്ടിയുള്ള ചില കാര്യങ്ങൾ പറയാം. വലിയ വീടുകൾ പണിയുന്ന സാമ്പത്തികശേഷിയുള്ളവർക്കും പിന്നീട് തിരിച്ചറിവുണ്ടാകുന്ന ദീർഘകാലയളവിൽ ഈ പറയുന്ന കാര്യങ്ങൾ പ്രസക്തമാണ്. ചെലവ് കുറച്ച് പരമാവധി സൗകര്യങ്ങൾ ഉൾകൊള്ളുന്ന വീടുകൾ പണിയാൻ, പണി തുടങ്ങുന്നതിനു മുൻപ് എന്തൊക്കെ കാര്യങ്ങൾ ശ്രദ്ധിക്കണം എന്ന കുറച്ചുചിന്തകളാണ് പങ്കുവയ്ക്കുന്നത്.
1. അനാവശ്യമായ ട്രെൻഡിന്റെ പിന്നാലെ പോകാതിരിക്കുക. മറ്റുള്ളവരുടെ കാഴ്ചാസുഖത്തിനുവേണ്ടി വീട് പണിയാതിരിക്കുക. കാരണം ലുക്ക് നോക്കൽ മാക്സിമം ആദ്യത്തെ 6 മാസം മാത്രമായിരിക്കും, എന്നാൽ സൗകര്യങ്ങളും മെയിന്റനൻസും ജീവിതകാലം മുഴുവൻ അനുഭവിക്കേണ്ട കാര്യമാണ്.
2. പണി കഴിഞ്ഞിട്ട് നാലഞ്ചു വർഷങ്ങൾ കഴിഞ്ഞിട്ടുള്ള വീടുകളാണ് നമ്മൾ പണി തുടങ്ങുന്നതിനു മുൻപ് പോയി കാണേണ്ടത്. എങ്കിൽ മാത്രമേ ദോഷങ്ങൾ എന്തൊക്കെയാണ് എന്ന് മനസ്സിലാകൂ. നിലവിൽ ഇപ്പോൾ പണികഴിഞ്ഞ വീടുകളിൽ മാത്രം പോയി കണ്ടാൽ ദോഷങ്ങൾ ഒന്നും മനസ്സിലാകില്ല. എന്നാൽ കുറച്ചു പുതിയകാര്യങ്ങൾ നമുക്ക് കിട്ടും.
3. നമ്മുടെ നാട്ടിലെ കാലാവസ്ഥയ്ക്ക് പ്രാധാന്യം കൊടുത്തുകൊണ്ട് ആയിരിക്കണം വീടിന്റെ ഡിസൈൻ ചെയ്യേണ്ടത്. ഇല്ലെങ്കിൽ പിന്നീട് നല്ലരീതിയിൽ അനുഭവിക്കേണ്ടി വരും. ഇപ്പോൾ കൂടെ നിന്ന് പ്രോത്സാഹിപ്പിക്കുന്ന ആരും ഉണ്ടാകില്ല. അപ്പോൾ നമ്മൾ ഒറ്റപ്പെടും.
4. പ്ലാനാണ് ഒരു വീടിന്റെ ഏറ്റവും പ്രധാനകാര്യം. ക്യാഷ് പിന്നീട് വരുമ്പോൾ നമുക്ക് വീട് കൂടുതൽ ഭംഗിയാക്കാൻ സാധിക്കും, എന്നാൽ പ്ലാൻ ശരിയല്ലെങ്കിൽ പിന്നീട് വീടിന്റെ സൗകര്യം കൂട്ടിയെടുക്കാൻ നല്ലതുപോലെ ബുദ്ധിമുട്ടേണ്ടിവരും.
5. അന്ധവിശ്വാസങ്ങൾക്ക് അടിമപ്പെടാതെ സൗകര്യങ്ങൾക്കും മെയിന്റനൻസിനും പ്രാധാന്യം കൊടുത്തു മാത്രം വീടിന്റെ പ്ലാനും എലവേഷനും വരപ്പിക്കുക. ഇല്ലെങ്കിൽ ക്യാഷ് പോകും എന്ന് മാത്രമല്ല സൗകര്യങ്ങളും സമാധാനവും പോയിക്കിട്ടും.
6. പൊതുവായ ഏരിയകൾ പരമാവധി ഓപ്പൺ ആക്കി ഭിത്തികളുടെ അളവ് കുറയ്ക്കുക. അപ്പോൾ വെളിച്ചവും വായുവും കൂടുതൽ കിട്ടും എന്നുമാത്രമല്ല വീടിനുള്ളിൽ കൂടുതൽ സ്ഥലസൗകര്യം കിട്ടുകയും ചെയ്യും.
7. വീടിനുള്ളിൽ എന്തു എക്സ്ട്രാ കാര്യങ്ങൾ ചെയ്യുമ്പോഴും അത് പിന്നീട് ആവശ്യപ്പെടുന്ന ക്ളീനിങ് കൂടി മുൻകൂട്ടി കാണണം, ഇല്ലെങ്കിൽ ആദ്യ നാളിലെ ഫോട്ടോ എടുപ്പും ഉത്സാഹവും കഴിയുമ്പോൾ ബാധ്യതയായി തോന്നും. ഉദാഹരണത്തിന് ആരംഭശൂരത്വത്തിന് ട്രെഡ്മിൽ മേടിച്ച പലരും ഇപ്പോൾ അതിലാണ് തുണി ഉണക്കുന്നത്..
English Summary- Some Practical Tips to Follow while Planning House