പോക്കറ്റ് കാലിയാക്കി വിലക്കയറ്റം; വീടുപണി ചെലവ് കുറയ്ക്കാൻ 10 വഴികൾ

house
Representative Image: Photo credit: Hashif Chembakath/ Shutterstock.com
SHARE

കണക്കുകൂട്ടലുകൾ തെറ്റിച്ച് കുതിക്കുകയാണ് ഭവനനിർമാണ ചെലവുകൾ. സാധാരണക്കാരെയാണ് ഇത് കൂടുതൽ ബാധിച്ചിരിക്കുന്നത്. ചെലവുകൾ കൈവിട്ടുപോയി പാതിവഴിയിൽ പണിമുടങ്ങിയ വീടുകളും അധികസാമ്പത്തിക ബാധ്യത വീട്ടുകാരന്റെ ചുമലിലേറ്റി പൂർത്തിയായ വീടുകളും ധാരാളമുണ്ട്. വിലക്കയറ്റത്തിനിടയിലും ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ ചെലവ് പിടിച്ചുനിർത്താൻ സാധിക്കും. അവ പരിശോധിക്കാം.

1. സാധാരണ ഉപയോഗിക്കുന്ന വീടുനിർമാണ രീതികൾക്കും ഉൽപന്നങ്ങൾക്കും പകരം ബദൽ രീതികളും ഉൽപന്നങ്ങളും ഉപയോഗിച്ചും ചെലവു കുറയ്ക്കാൻ സാധിക്കും. ഫെറോസിമെന്റ് രീതിയിൽ സിമെന്റും കമ്പിയും മിനിമെറ്റലും മറ്റും ഉപയോഗിച്ച് നിർമിക്കുന്ന പ്രീ കാസ്റ്റ് പലകകള്‍ കമ്പിയും കോൺക്രീറ്റ് മിശ്രിതവും ഉപയോഗിച്ചു നിർമിക്കുന്ന റീ ഇൻഫോഴ്സ്ഡ് കോൺക്രീറ്റ് പോലെ ബലമുള്ളതും അത്ര തന്നെ ഭാരമില്ലാത്തതും കൈകാര്യം ചെയ്യാൻ എളുപ്പവുമാണ്. ഫെറോസിമെന്റ് പാളികൾ നിർമിക്കുന്നതിന് തട്ടടിക്കൽ, നിഷ്കർഷതയോടെയുള്ള ക്യൂറിങ് തുടങ്ങിയ വിഷമകരമായ കാര്യങ്ങള്‍ ആവശ്യമില്ല എന്നതാണ് മേന്മ. ഗുണനിലവാരത്തിൽ കുറവുവരുന്നുമില്ല.

2. തേക്ക്, ഈട്ടി തുടങ്ങിയ തടികൾക്കു പകരം ചെറുതേക്ക്, ആഞ്ഞിലി, പ്ലാവ്, തെങ്ങ് തുടങ്ങിയ തടികൾ എടുത്താൽ വില അമ്പതു ശതമാനത്തിൽ അധികം ലാഭിക്കാം. പ്ലാവ്, ആഞ്ഞിലി പോലുള്ള തടികൾ പരമാവധി നഷ്ടം കുറച്ച് അറുത്തെടുക്കണം. ഫ്രെയിമുകൾക്ക് ഭാരം കൂടിയ തടികൾ എടുക്കാം. ഷട്ടറുകൾ ഉണ്ടാക്കാൻ മഹാഗണിയോ തേക്കോ പ്ലാവോ പോലുള്ള ഭാരം കുറഞ്ഞ തടികളാണു നല്ലത്.

3. ചെലവു കുറയ്ക്കാനുള്ള ഏറ്റവും പ്രധാനമാർഗം കൃത്യസമയത്തു ജോലികൾ തീർക്കുന്നു എന്ന് ഉറപ്പു വരുത്തുകയാണ്, പ്രത്യേകിച്ച് ഫിനിഷിങ് ഘട്ടത്തിൽ. ഏറ്റവും ചെലവ് വരുന്ന ഘട്ടമാണിത്. ചെറിയ കാര്യങ്ങളിൽ പോലും ശ്രദ്ധ പുലർത്തിയാൽ പാഴ്ചെലവുകൾ ഒഴിവാക്കാം.

4. വീടിന്റെ പുറത്തേക്കുള്ള വാതിലുകൾക്ക് മാത്രം നല്ല കരുത്തുള്ളവ നൽകിയാൽ മതിയാകും. വീടിനുള്ളിലെ വാതിലുകളിൽ വയ്ക്കുന്ന ബോൾട്ടുകൾ ചെറുതുമതി. അതുപോലെ ഉള്ളിലെ വാതിലുകൾക്ക് മരത്തിന്റെ കട്ടിളകള്‍ വേണമെന്നില്ല. കോൺക്രീറ്റ് പ്ലഗ് ഉപയോഗിച്ച് വിജാഗിരികൾ പിടിപ്പിച്ചാൽ മതി. തടി ലാഭിക്കാം. പെയിന്റ്, വാർണിഷ്, തുടങ്ങിയ ചെലവും കുറയ്ക്കാം. ടോയ്‍ലറ്റ് തുടങ്ങി ഈർപ്പം കൂടിയ സ്ഥലങ്ങളിൽ പ്ലാസ്റ്റിക് / ഫൈബർ വാതിലുകളാണ് ഉത്തമം.

5. അടുക്കളയുടെ ക്യാബിനറ്റുകളും ക്യാബിനറ്റ് ഷട്ടറുകളും തടികൊണ്ടുതന്നെ വേണമെന്ന നിർബന്ധം വേണ്ട. പകരം കംപ്രസ്ഡ് വുഡ് ഉപയോഗിച്ച് ഷട്ടറുകൾ ചെയ്യാം. അതിനു മുകളിൽ ഓട്ടമോട്ടീവ് പെയിന്റ് അടിച്ചാൽ ചെലവു കുറയ്ക്കാൻ കഴിയും. ഗ്ലോസി ഫിനിഷിലുള്ള പെയിന്റ് ഫിനിഷ് നൽകുന്നതാണ് ദീർഘകാലാടിസ്ഥാനത്തിൽ നോക്കുമ്പോൾ സാമ്പത്തികലാഭം തരുന്നത്.

6. വെയിലടിക്കുന്ന സിറ്റ്ഔട്ട്, വരാന്ത തുടങ്ങിയ ഭാഗങ്ങളിലും അരിക് ഉരുട്ടേണ്ട സ്ഥലത്തും വിട്രിഫൈഡ് ടൈലോ ഗ്രാനൈറ്റോ ഉപയോഗിച്ച് ബോർഡർ ആയി ചെയ്തിട്ട് ബാക്കി വരുന്ന ഭാഗം സെറാമിക് ടൈലും ഉപയോഗിച്ചാൽ ഭംഗിവരുത്താനും ചെലവ് കുറയ്ക്കാനും സാധിക്കും. ഗ്രാനൈറ്റും മാർബിളും അതിന്റെ മെറ്റീരിയലിന്റെ വില കൂടുന്നത് മാത്രമല്ല അത് വിരിക്കുന്നതിനുള്ള ചെലവും കൂടുതലാണ്. ഗ്രാനൈറ്റിന്റെ കടുപ്പമനുസരിച്ച് നിറം കൂടും. ഇളം നിറമുള്ള ഗ്രാനൈറ്റ് കടുപ്പം കുറഞ്ഞതും ഈർപ്പം പിടിക്കാൻ സാധ്യതകൂടുതലുള്ള തുമാണ്.

7. പൈപ്പുകളും ഇലക്ട്രിക് വയറുകളും പെയിന്റുമെല്ലാം ഒന്നിൽക്കൂടുതൽ കടകളിൽ കയറി വിലനിലവാരം അറിഞ്ഞതിനു ശേഷം മാത്രം വാങ്ങിക്കുക. താൽക്കാലിക ലാഭം നോക്കി മെറ്റീരിയലുകൾ വാങ്ങിക്കുന്നത് പിന്നീടുള്ള മെയിന്റനൻസ് ചെലവ് കൂട്ടും. അതുകൊണ്ട് ഗുണമേന്മയുള്ള മെറ്റീരിയലുകൾക്ക് പ്രാധാന്യം നൽകുക. പ്രത്യേകിച്ചും വയറിങ്, പ്ലംബിങ് എന്നിവയ്ക്കുള്ള ഉൽപന്നങ്ങൾ വാങ്ങു മ്പോൾ ഐ.എസ്.ഐ മാർക്കുള്ളവയ്ക്ക് പ്രാമുഖ്യം കൊടുക്കുന്നതാണു നല്ലത്.

8. പ്ലാൻ തയാറാക്കുന്നതുമുതൽ കൃത്യമായ കണക്ക് എഴുതി സൂക്ഷിക്കുക. ആഴ്ചതോറും ഇതു പരിശോധിച്ചാൽ എവിടെയെല്ലാം അധിക ചെലവ് വരുന്നു എന്ന് അറിയാൻ സാധിക്കും. വീടുപണിയുടെ ഓരോ ഘട്ടവും കഴിയുമ്പോൾ മൊത്തം ബജറ്റിന്റെ എത്ര ശതമാനം ചെലവായി എന്നു മനസ്സിലാക്കാനും വരാനിരിക്കുന്ന ചെലവുകളെക്കുറിച്ച് ധാരണയുണ്ടാക്കാനും സാധിക്കും.

9. ബെഡ്റൂം 10x10 മതി, ഡൈനിങ് 11x12 മതി എന്നൊക്കെ പറഞ്ഞാണ് പലരും ആർക്കിടെക്ടിനെ കാണുന്നത്. എന്നാല്‍ ആ സ്പെയ്സ് എത്ര വരുമെന്ന് പലർക്കും അറിയില്ല. നിലവിൽ താമസിക്കുന്ന മുറിയുടെ അളവുകൾ എടുത്തു നോക്കി അളവുകളെ കുറിച്ച് അടിസ്ഥാനപരമായ അറിവുണ്ടാക്കിയിട്ടു വേണം ഇത്തരം കാര്യങ്ങളൊക്കെ തീരുമാനിക്കാൻ. വിസ്തീർണത്തിന്റെ അളവു മനസ്സിലാക്കുക എന്നതാണ് ഇതിൽ പ്രധാനം. ഒരു മുറിയുടെ നീളവും വീതിയും തമ്മിൽ ഗുണി ച്ചാൽ വിസ്തീർണമായി. ഇത്തരത്തിൽ വീടിന്റെ മൊത്തം വിസ്തീർണം കണക്കാക്കാൻ സാധിക്കും. ഇങ്ങനെ ചെയ്യുമ്പോൾ ഒരു കാര്യം മറക്കരുത്. ഭിത്തിക്കുള്ളിൽ വരുന്ന സ്ഥലം കൂടി കണക്കിലെടുക്കണം. ഏകദേശം എട്ട് ഇഞ്ചോളം സ്ഥലം ഒരു ഭിത്തിക്കായി വിടേണ്ടി വരും. ഈ സ്ഥലം ഒഴിച്ച് ബാക്കി ഉപയോഗശൂന്യമായ സ്പെയ്സിനെ കാർപെറ്റ് ഏരിയ എന്നു പറയും.

10. വീടുപണിയിൽ എവിടെ പിശുക്കു കാണിച്ചാലും തറപണിയുടെ കാര്യത്തിൽ പിശുക്കു വേണ്ട. മണ്ണിന്റെ ഉറപ്പിന് അനുസരിച്ച് ഫൗണ്ടേഷൻ ബലപ്പെടുത്തിയേ പറ്റൂ. എന്നാല്‍ ആവശ്യത്തില്‍ കവിഞ്ഞുള്ള ബലപ്പെടുത്തൽ അധികച്ചെലവു വരുത്തി വയ്ക്കും.

വീട് വിഡിയോസ് കാണാം...

English Summary- Tips to reduce House constrution cost- Veedu

മനോഹരമായ വീട് പണിയാം! ആർക്കിടെക്റ്റിനെ കണ്ടെത്തൂ...www.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

'റിയൽ ലൈഫിലെ കണ്ണനും യമുനയും ഇന്ന് ഒന്നിച്ചില്ല'

MORE VIDEOS
FROM ONMANORAMA