ADVERTISEMENT

കിണറും സെപ്റ്റിക് ടാങ്കും തമ്മിൽ എന്ത് ദൂരം വേണം..? വീടുപണിയുന്ന പലരും ചോദിക്കുന്ന സംശയമാണ്. ന്യായമായ ചോദ്യവുമാണ്. 30 മീറ്റർ, 10 മീറ്റർ, ഏഴര മീറ്റർ എന്നിങ്ങനെ പല ഉത്തരങ്ങളും പലരും പറയുന്നതും കേട്ടിട്ടുണ്ട്. ഇവയെല്ലാം ശരിയാണ്, തെറ്റുമാണ്. 94 ൽ ഞാൻ പഠിക്കുന്ന കാലത്തു ടെക്സ്റ്റ് ബുക്കുകളിൽ ഉണ്ടായിരുന്നത് 30 മീറ്റർ എന്നായിരുന്നു. പിന്നീടെപ്പോഴോ 15 മീറ്ററായി എന്ന് വായിച്ചു. ചില സെപ്റ്റിക്ക് ടാങ്ക് ചിന്തകൾ...

1. 94ൽ 30 മീറ്ററായിരുന്ന ദൂരം പിന്നീട് 15 മീറ്ററാക്കിയത് മറ്റെന്തെങ്കിലും വ്യതിയാനങ്ങൾ കൊണ്ടല്ല, കെട്ടിട നിർമ്മാണ ചട്ടങ്ങളിൽ ഒരു ഇളവ് നൽകി എന്നേ അർത്ഥമുള്ളൂ.

2. ഒരു സെപ്റ്റിക് ടാങ്കിലെ വെള്ളം തൊട്ടടുത്ത കിണറിനെ സ്വാധീനിക്കുമോ എന്ന് ആധികാരികമായി പറയാൻ തദ്ദേശ സ്ഥാപനത്തിലെ ഉദ്യോഗസ്ഥർക്ക് കഴിയണമെന്നില്ല. കാരണം അത് മണ്ണിന്റെ സ്വഭാവം, നീരൊഴുക്ക്, വാട്ടർ ടേബിൾ തുടങ്ങി അനേകം ഘടകങ്ങളെ ആശ്രയിച്ചാണ് ഇരിക്കുന്നത്. അതിനാൽ ഈ ദൂരം നിശ്ചയിക്കേണ്ടത് പരിചയസമ്പന്നനായ ഒരു എൻജിനീയർ ആയിരിക്കണം. 

3. നാലുപേരുള്ള ഒരു കുടുംബത്തിന് വേണ്ടുന്ന സെപ്റ്റിക് ടാങ്കും, നാല്പതു പേരുടെ ഒരു ഹോസ്റ്റലിലെ ടാങ്കും, നാനൂറു പേരുള്ള ഒരു ആശുപത്രിയിലെ സെപ്റ്റിക് ടാങ്കും പുറംതള്ളുന്ന മാലിന്യത്തിനു ഒരേതോതല്ല. അതിനാൽ ഈ വസ്തുത കണക്കിലെടുക്കാതെ ദൂരം നിശ്ചയിക്കുന്നതിൽ ഒരു കാര്യവുമില്ല.

4. ലൂസായ മണ്ണ്, ജലലഭ്യത കൂടുതലുള്ള സ്ഥലങ്ങൾ എന്നിവിടങ്ങളിൽ കൂടുതൽ ദൂരം പാലിക്കുന്നതാണ് അഭികാമ്യം.

5. പാടം നികത്തി വീട് വയ്ക്കുന്നവരാണ് ഇതിന്റെ ഏറ്റവും ദയനീയ ഇരകൾ. പാടത്തു വാട്ടർ ടേബിൾ പൊതുവെ ഉയർന്ന നിലയിലായിരിക്കും. ഈ വാട്ടർ ടേബിളിലൂടെ വളരെ എളുപ്പം സെപ്റ്റിക് മാലിന്യങ്ങൾ കിണറ്റിൽ എത്തും. അഞ്ചോ പത്തോ സെന്റ്‌ പ്ലോട്ടുകളിൽ കൂടുതൽ ദൂരപരിധി പാലിക്കാൻ കഴിയാത്തതും ഈ മലിനീകരണത്തിന്റെ തോത് കൂടുന്നു.

6. സാധാരണ കിണറുകളിൽ നിന്നും വെള്ളം പമ്പു ചെയ്യപ്പെടുമ്പോൾ, ഏതാനും മീറ്റർ അകലെ സെപ്റ്റിക് ടാങ്കുകളിലെ ജലം മണ്ണിലേക്ക് തള്ളുന്നു. ഈ രണ്ടിനും ഇടക്ക് നീരൊഴുക്ക് ഉണ്ടാവുമെന്ന് ചിന്തിക്കാൻ അസാമാന്യ ബുദ്ധിയുടെ ഒന്നും ആവശ്യമില്ല. 

7. ഇക്കാര്യത്തിൽ കുഴൽകിണറുകൾ അൽപംകൂടി സുരക്ഷിതമാണ്. കുഴൽകിണറുകൾ തരുന്ന വെള്ളം സെപ്റ്റിക് മാലിന്യങ്ങൾക്കു എത്താൻ കഴിയാത്ത അത്രയും ആഴത്തിൽ നിന്നാണ് വരുന്നത് എന്നത് കൊണ്ടാണിത്.

8. സാധാരണക്കാരുടെ പരിധിക്കുള്ളിൽ നിന്നുകൊണ്ട് ഈ വിഷയത്തിന്  ഒരു പരിഹാരം നിർദ്ദേശിക്കാൻ ഞാൻ അശക്തനാണ്. വൻ നഗരങ്ങളേതുപോലുള്ള കേന്ദ്രീകൃത ടോയ്‌ലെറ്റ് മാലിന്യസംസ്കരണ സംവിധാനങ്ങൾ ആണ് ഇതിനു നിർദ്ദേശിക്കാവുന്ന ഒരു പരിഹാരം. അതിന്‌ ശക്തമായ രാഷ്ട്രീയ തീരുമാനങ്ങൾ അനിവാര്യമാണ്.

അതുവരെ ഇതൊക്കെ ഒരു വെറും ഭ്രാന്തന്റെ സ്വപ്നം..

അടിക്കുറിപ്പ് - സെപ്റ്റിക് ടാങ്ക് 'വാട്ടർ സീൽഡ്' ആയ ഒന്നാണ്. ഇവിടെ 'സെപ്റ്റിക് ടാങ്ക്' എന്ന് പറയുന്നത് സെപ്റ്റിക് ടാങ്കിൽ നിന്ന് വെള്ളം മണ്ണിലേക്ക് ഒഴുക്കുന്ന സോക് പിറ്റിനെ ഉദ്ദേശിച്ചാണ്.

ലേഖകന്റെ വാട്സാപ്പ് നമ്പർ- +971 50 731 0906

കഴിഞ്ഞ 25 കൊല്ലമായി ഇന്ത്യയിലും യു.എ.ഇ യിലുമായി  സിവിൽ എൻജിനീയറിങ് രംഗത്തു ജോലി ചെയ്യുന്ന ലേഖകൻ വാസ്തുവിദ്യയും പഠനവിധേയമാക്കിയിട്ടുണ്ട്.

English Summary- Distance Between Septic Tank and Well-Expert Talk

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com