ഏതാണ്ട് മൂന്നു നാല് മാസം മുൻപാണ് ദുബായിൽ നിന്നുള്ള ആ ദമ്പതികൾ എന്നെക്കാണാനായി അബുദാബിയിൽ വരുന്നത്. അവർക്ക് കൊല്ലത്ത് പഴയൊരു വീടുണ്ട്, നാട്ടിൽ പോകുമ്പോൾ ഞാൻ അതൊന്നു പോയി കാണണം, അത് പൊളിച്ചു അവിടെ ഒരു പുതിയ വീട് രൂപകൽപന ചെയ്യുന്നതിനെപ്പറ്റിയുള്ള ഒരു രൂപരേഖ തയാറാക്കണം. അത്രയേ ഉള്ളൂ.
പാലക്കാടുനിന്നു കൊല്ലം വരെ വണ്ടിയോടിച്ചു പോവുക എന്ന് പറഞ്ഞാൽ വലിയൊരു ചടങ്ങാണ്, അതും ഓർത്ത് വിമ്മിഷ്ടനായിരിക്കുമ്പോഴാണ് അവർ പറയുന്നത്:
"വീട്ടിൽ പ്രായമായ അമ്മച്ചിയും, പിന്നെ വേലക്കാരി ജാനുവും മാത്രമേ ഉള്ളൂ, വീടും പറമ്പും ഒക്കെ ജാനു കാണിച്ചുതരും. ചേട്ടൻ ഒന്ന് പോയാൽ മാത്രം മതി"
എങ്കിൽ പിന്നെ കൊല്ലം വരെ പോയിക്കളയാം എന്ന് ഞാനും തീരുമാനിച്ചു. അല്ലെങ്കിൽ തന്നെ പ്രായമായവരോടും അവരെ ശുശ്രൂഷിക്കുന്ന വേലക്കാരോടും ഒക്കെ മിണ്ടിയും പറഞ്ഞും ഇരിക്കുക എന്ന് പറഞ്ഞാൽ മാനസികമായി അതൊരു റിലാക്സേഷനാണ് എന്നാണു പണ്ടുള്ളവർ പറഞ്ഞിട്ടുള്ളത്. അങ്ങനെയാണ് കഴിഞ്ഞ അവധിക്കാലത്ത് ഞാൻ കൊല്ലത്തേക്ക് വച്ചുപിടിക്കുന്നത്.
അമ്മച്ചിക്ക് പ്രായാധിക്യമുണ്ട്. വിവാഹം വേർപിരിഞ്ഞു നിൽക്കുന്ന ജാനുവാണ് സഹായത്തിനുള്ളത്. അതുകൊണ്ടുതന്നെ വീടും പറമ്പും ഒക്കെ കാണിച്ചു തരുന്ന ഉത്തരവാദിത്വവും ജാനു ഏറ്റെടുത്തു. നിലവിൽ കേരളത്തിൽ ഒരു വീട് പണിയാനുള്ള സ്ഥലം സന്ദർശിക്കുമ്പോൾ ആദ്യം ശ്രദ്ധിക്കേണ്ടത് അവിടെ വെള്ളം കെട്ടിനിൽക്കാനുള്ള സാധ്യത ഉണ്ടോ എന്നതാണ്. ഈ പറഞ്ഞ വെള്ളക്കെട്ട് എന്ന് പറഞ്ഞാൽ വെള്ളപ്പൊക്കം അല്ല. വെള്ളപ്പൊക്കത്തെ സംബന്ധിച്ച കാര്യങ്ങൾ ആ പ്രദേശവാസികൾക്കൊക്കെ അറിയാവുന്ന കാര്യമായിരിക്കും. എന്നാൽ ഇവിടെ പ്രാദേശികമായ വെള്ളക്കെട്ടുകളെയാണ് ഞാൻ ഉദ്ദേശിച്ചത്.
ഭൗമോപരിതലത്തിലെ നിമ്നോന്നതങ്ങൾ സർവസാധാരണമായ കേരളത്തിൽ ഏതൊരു സ്ഥലത്തും വെള്ളക്കെട്ടുണ്ടാകാം. ഒരുപക്ഷേ പത്തോ അമ്പതോ മീറ്റർ അകലെ പുതുതായി നിർമിക്കുന്ന ഒരു കെട്ടിടം മൂലമോ, അയൽക്കാരൻ പുതിയതായി പണിയുന്ന കോമ്പൗണ്ട് വോൾ കാരണമോ ഇതുണ്ടാകാം. സൂക്ഷ്മമായ നിരീക്ഷണത്തിലൂടെ മാത്രമേ ഇത് മനസ്സിലാക്കാനാകൂ.
അതുപോലെ മണ്ണിന്റെ ഉറപ്പ്, ചെരിവ്, നിലവിലുള്ള കിണറുകളും പൊസിഷൻ, തൊട്ടപ്പുറത്തെ വീട്ടുകാരന്റെ സെപ്റ്റിക് ടാങ്കിന്റെ സ്ഥാനം, ദിശകൾ, പ്ലോട്ടിന് റോഡുമായുള്ള ഉയരവ്യത്യാസം, വീട്ടിനു ഏറ്റവും നല്ല കാഴ്ച ലഭിക്കുന്ന സ്ഥാനം തുടങ്ങീ ഒരു പേജിൽ ഉപന്യസിച്ചാൽ തീരാത്ത അത്രയും കാര്യങ്ങൾ ഓരോ സൈറ്റ് പരിശോധനയിലും ശ്രദ്ധിക്കാനുണ്ട്.
എന്തായാലും സ്ഥലപരിശോധന ഒക്കെ കഴിഞ്ഞു വന്നപ്പോഴാണ് അൽപം നാണത്തോടെ കാൽവിരലുകൾ കൊണ്ട് നക്ഷത്രം വരച്ചുകൊണ്ട് ജാനു എന്നോട് ആവശ്യപ്പെടുന്നത്:
" എനിക്ക് സാറിനോട് ഒരു കാര്യം പറയാനുണ്ട്"
കാര്യങ്ങൾ അത്രയുമായതോടെ മണിച്ചിത്രത്താഴ് സിനിമയിലെ തിലകൻ ചേട്ടനെ സ്മരിച്ചുകൊണ്ട് ഞാൻ പറഞ്ഞു:
" എങ്കിൽ പിന്നെ നമുക്ക് വടക്കുവശത്ത് എവിടേക്കെങ്കിലും മാറിനിന്ന് സംസാരിക്കാം"
അങ്ങനെയാണ് വേലക്കാരി ജാനു തന്റെ മനസ്സിലെ ആഗ്രഹം വെളിവാക്കുന്നത്.
പുതിയ വീട് പണിയുമ്പോൾ ചൂല്, മുറം, വാക്വം ക്ളീനർ, തേപ്പുതുണികൾ, ക്ളീനറുകൾ എന്നിവയൊക്കെ സൂക്ഷിക്കാൻ ജാനുവിന് അടച്ചുറപ്പുള്ള ഒരു സ്ഥലം വേണം.
എന്റെ കണ്ണ് തള്ളിപ്പോയി. കാരണമുണ്ട്.
ഏതാണ്ട് കാൽ നൂറ്റാണ്ടു നീണ്ട പ്രൊഫനണൽ ജീവിതത്തിനിടയ്ക്ക് എത്രയോ വീടുകൾ ഞാൻ രൂപകൽപന ചെയ്തിട്ടുണ്ട്, നിർമാണ മേൽനോട്ടം നിർവഹിച്ചിട്ടുണ്ട്. ആ വീടുകളിലെ വീട്ടമ്മമാരിൽ കൂലിപ്പണിക്കാർ മുതൽ ഡോക്ടർമാരും, എൻജിനീയർമാരും, അഭിഭാഷകരും ഒക്കെയുണ്ട്. അവരുടെ എല്ലാം ആവശ്യങ്ങളിൽ ഗസ്റ്റ് റൂമും, നടുമുറ്റവും, പാഷ്യോയും, ഹോം തീയേറ്ററും, ലൈബ്രററിയും ഒക്കെയുണ്ട്. എന്നാൽ ഇത്രയും അടിസ്ഥാനപരമായ ഒരാവശ്യം എന്നോട് ഒരാളും ഇന്നേവരെ ഉന്നയിച്ചിട്ടില്ല. അതുകൊണ്ടുതന്നെ ജാനു മുന്നോട്ടുവച്ച ആവശ്യം ഏതൊരു മലയാളി വീട്ടിലും അത്യാവശ്യമായ ഒന്നാണ് എന്നാണ് എന്റെ അഭിപ്രായം.
ഇനി നമുക്ക് ജാനുവിന്റെ ആവശ്യത്തെ സൂക്ഷ്മമായി നിരീക്ഷിക്കാം. നമുക്ക് അടുക്കളയുമായി ബന്ധപ്പെട്ട ഭക്ഷ്യ സാധനങ്ങൾ സൂക്ഷിക്കാൻ സ്റ്റോറേജ് സ്‌പേസുകളുണ്ട്. വസ്ത്രങ്ങൾ സൂക്ഷിക്കാൻ വാഡ്രോബുകളുണ്ട്. കള്ള് സൂക്ഷിക്കാൻ വൈൻ റാക്കുകൾ ഉണ്ട്, പുസ്തകങ്ങൾ സൂക്ഷിക്കാൻ ഷെൽഫുകളുണ്ട്. എന്തിനധികം, വീടിന്റെ പാലുകാച്ചൽ ദിവസം സമ്മാനമായി കിട്ടുന്ന കരകൗശല വസ്തുക്കൾ വരെ സൂക്ഷിക്കാൻ നമുക്ക് സ്ഥലമുണ്ട്.
എന്നാൽ ഒരു വീടിനെ ഏറ്റവും വൃത്തിയായും, ഭംഗിയായും സൂക്ഷിക്കാൻ ഉപകരിക്കുന്ന ഹൗസ് കീപ്പിങ് ഉപകരണങ്ങൾ നമ്മൾ എവിടെയെങ്കിലും അനാഥമായി കൂട്ടിയിടും. ഈ പ്രവണതയ്ക്ക് എതിരെയാണ് ജാനു വിരൽ ചൂണ്ടിയത്. അതുകൊണ്ടുതന്നെ നമ്മുടെ പ്ലാനുകളിൽ ഇതിനായി ഒരു പ്രത്യേക ഇടം നമുക്ക് കണ്ടെത്തണം. അത് ഗോവണിക്കടിയിലോ, വർക്ക് ഏരിയയിലോ ഒക്കെ ആകാം. അതിൽ എന്തെല്ലാം സാധനങ്ങൾ സൂക്ഷിക്കേണ്ടതുണ്ട് എന്നൊരു കണക്കുകൂട്ടൽ നമുക്കുണ്ടാകണം.
ചൂല്, തുടപ്പ് തുണികൾ, വാക്വം ക്ളീനർ, മുറം, സ്പോൻജുകൾ, ലിക്വിഡുകൾ, ഗ്ലൗസുകൾ, ബക്കറ്റുകൾ, മഗ്ഗുകൾ, ഫ്ലോർ വൈപ്പറുകൾ എന്നിവയൊക്കെ ഉപയോഗശേഷം ഇവിടെ സൂക്ഷിക്കാം. അതിനു നല്ലൊരു ഡോറും ഘടിപ്പിക്കാം. ഇത്തരം സാധനങ്ങളുടെ സ്റ്റെപ്പിനി സ്റ്റോർ ആയും ഈ സ്ഥലം ഉപയോഗിക്കാം.
ഇതിനായി വലിയ സ്ഥലമൊന്നും വേണ്ട. ഒരു ചെറിയ അലമാരയ്ക്ക് വേണ്ടുന്ന സ്ഥലം മാത്രം മതി. അതിനെ ഭംഗിയായി ഒളിപ്പിക്കാനുള്ള വൈദഗ്ധ്യം മാത്രം ഡിസൈനർക്ക് ഉണ്ടായാൽ മതി. എന്തായാലും ജാനുവിന്റെ ചോദ്യം എന്നെ ഒന്നിരുത്തി ചിന്തിപ്പിച്ചു. തുടർന്നുള്ള ഫർണിച്ചർ പ്ലാനുകളിൽ ഹൗസ് കീപ്പിങ് സാമഗ്രികളുടെ സൂക്ഷിപ്പിനായി ഒരിടം കണ്ടെത്താൻ അതെന്നെ പ്രേരിപ്പിച്ചു. കാരണം, ഒരു എൻജിനീയർ സമൂഹത്തിലേക്ക് കണ്ണും കാതും തുറന്നിരിക്കണം എന്ന് എന്നെ പഠിപ്പിച്ചത് എന്റെ അധ്യാപകരാണ്.
എന്നാൽ സമൂഹത്തിന്റെ ആവശ്യങ്ങൾ എന്താണെന്ന് നാം പഠിക്കുന്നത് നമുക്ക് ചുറ്റും ജീവിക്കുന്ന വിവിധ തരക്കാരായ ആളുകളിൽ നിന്നാണ്. വേലക്കാരി ജാനുവും അവരിലൊരാളാണ് ..
ലേഖകന്റെ വാട്സാപ്പ് നമ്പർ- +971 50 731 0906
കഴിഞ്ഞ 25 കൊല്ലമായി ഇന്ത്യയിലും യു.എ.ഇ യിലുമായി സിവിൽ എൻജിനീയറിങ് രംഗത്തു ജോലി ചെയ്യുന്ന ലേഖകൻ വാസ്തുവിദ്യയും പഠനവിധേയമാക്കിയിട്ടുണ്ട്.
English Summary- Need for Utility space for Housemaid- Veedu Experience