ADVERTISEMENT

ഗൃഹനിർമാണത്തിൽ അത്യന്താപേക്ഷിതമായ വസ്തുക്കളിൽ ഒന്നാണ് കമ്പി. കോൺക്രീറ്റിങ്ങിന്റെ വരവോടെ നിർമാണമേഖലയിൽ കാതലായ മാറ്റം വരുകയും കമ്പി ഉപയോഗിക്കാതെ നിർമാണം സാധ്യമല്ലെന്ന അവസ്ഥ വരികയും ചെയ്തു. കമ്പി ഉപയോഗിച്ചുള്ള റീഇൻഫോസ്ഡ് സിമെന്റ് കോൺക്രീറ്റ് (ആർസിസി) രീതിയിൽ നൂറുനില കെട്ടിടങ്ങൾ വരെ പണിതുയർത്താൻ മനുഷ്യന് ഇന്ന് സാധിക്കുന്നു എന്നത് നിർമാണ മേഖലയിലെ ഏറ്റവും വലിയ നേട്ടമായിത്തന്നെ വിലയിരുത്തേണ്ട വസ്തുതയാണ്. സിമെന്റ്, മണൽ, മെറ്റൽ എന്നിവയുടെ മിശ്രിതം കോൺക്രീറ്റിങ്ങിന് നൽകുന്ന കംപ്രസീവ് സ്ട്രെങ്തും കമ്പിയിൽ നിന്നുള്ള ടെൻസൈൽ സ്ട്രെങ്തും സമന്വയിപ്പിച്ചാണ് ആർ.സി.സി. ചെയ്ത കെട്ടിടങ്ങൾ കരുത്താർജിക്കുന്നത്. 

സാധാരണ പ്ലെയിൻ കമ്പി, പിരിയൻ കമ്പി എന്നിവയുടെ യുഗം ഇപ്പോൾ ടിഎംടി (തെർമോ മെക്കാനിക്കലി ട്രീറ്റഡ്) കമ്പികളിൽ എത്തിനിൽക്കുന്നു. കോൺക്രീറ്റുമായി കമ്പിയുടെ പിടിത്തം ഉറപ്പേറിയതാക്കാൻ ഗ്രിപ്പ് പിരികൾ സഹായിക്കുന്നു. പ്ലെയിൻ കമ്പിക്ക് 140 N/mm2 ആണ് ബലമെങ്കിൽ പിരിയൻ കമ്പിക്ക് 230 N/mm2 ആണ് ബലം. 2005 കാലയളവിലാണ് 90 ഡിഗ്രി വരകളിട്ട ടിഎംടി ബാറുകൾ വ്യാപകമായിത്തുടങ്ങിയത്. അതോടെ അവയുടെ ബലം 230 ൽ നിന്ന് 500 N/mm2 ആയി വർധിക്കുകയും ചെയ്തു. ബലം പോലെ തന്നെ പിടിത്തവും ഈ കമ്പികൾക്ക് കൂടുതലാണ്. ഏതു രൂപത്തിലും ഇവ വളച്ചെടുക്കാം. ടിഎംടി കമ്പികൾക്ക് മഴയേറ്റാൽ പെട്ടെന്ന് തുരുമ്പെടുക്കും. അതുകൊണ്ട് കമ്പി വാങ്ങുമ്പൾ ഷെഡ്ഡിൽ നനയാതെ സൂക്ഷിച്ച കമ്പികൾ നോക്കി വാങ്ങണം. അതുപോലെ കമ്പി വാങ്ങുമ്പോൾ ഐഎസ്ഐ മുദ്രയുണ്ടെന്ന് ഉറപ്പു വരുത്തണം. എല്ലാ ടിഎംടി കമ്പികളും ഐസ്ഐ മുദ്രയുള്ളതല്ല എന്നറിയണം. ലാഭം കൂടുമെന്നതിനാൽ പലപ്പോഴും ഐഎസ്ഐ മുദ്രയില്ലാത്ത കമ്പികൾ വിൽക്കാൻ വ്യാപാരികൾ കൂടുതൽ താൽപര്യം കാണിക്കും. ഇത്തരത്തിലുള്ള ചൂഷണങ്ങൾക്ക് തലവച്ചു കൊടുക്കരുത്. 

വാർക്കാനും മറ്റും പിരിയുളള കമ്പിയും (ടോര്‍ സ്റ്റീൽ), ജനൽക്കമ്പി പോലെയുള്ളതിന് പിരിയില്ലാത്ത കമ്പിയും ഉപയോഗിച്ചു വരുന്നു. വളച്ചാൽ വളയുന്നതാണു നല്ല കമ്പി. നിലവാരമില്ലാത്തത് വളച്ചാൽ പൊട്ടിപ്പോകും. 12 മീറ്ററിലുള്ള ഫുൾ ലെങ്ത് കമ്പികൾ വാങ്ങിയാൽ വേസ്റ്റ് കുറയ്ക്കാൻ സഹായിക്കും. പഴയ കമ്പി ഉരുക്കിയുണ്ടാക്കുന്ന റീ റോളിങ് കമ്പികൾ നല്ല കമ്പികളുമായി കൂട്ടിക്കലർത്തി വിൽക്കാനുള്ള ശ്രമത്തിൽ വഞ്ചിതരാവാതിരിക്കുക. വാർക്കക്കമ്പികൾ കൂട്ടിക്കെട്ടാനുള്ള കെട്ടുകമ്പിയും നല്ലതു തന്നെ വാങ്ങണം. 6 എം എം മുതൽ 32 എം എം വരെയുള്ള കമ്പികൾ വിപണിയിൽ ലഭ്യമാണ്. കോൺക്രീറ്റിന് സാധാരണയായി 6, 8 എം എം കമ്പികളാണ് ഉപയോഗിക്കാറുള്ളത്. 300 സ്ക്വയർ ഫീറ്റ് നാലിഞ്ച് കനത്തിൽ (ഒരു യൂണിറ്റ്) വാർക്കാൻ 150–175 കിലോ കമ്പി വേണ്ടി വരും. വലിയ മുറികൾ വാർക്കാൻ മുഴുവനായും എട്ട് എംഎം കമ്പി തന്നെ ഉപയോഗിക്കുന്നതാണു നല്ലത്.

English Summary- Selecting Steel Bars for Construction- things to know

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com