ADVERTISEMENT

കുറച്ചുവർഷങ്ങൾക്ക് മുൻപുള്ള കഥയാണ്. അത്യാവശ്യം സാമ്പത്തിക ഭദ്രതയുണ്ടായിരുന്ന എന്റെ ഒരു ബന്ധുവിന് സംഭവിച്ച അനുഭവം. ഖത്തറിൽ നല്ല നിലയിൽ ജോലി ചെയ്തിരുന്ന അദ്ദേഹത്തിന് മാന്യമായ സമ്പാദ്യമുണ്ടായിരുന്നു. ആ സമ്പാദ്യംകൊണ്ട് സംസ്ഥാന പാതയോരത്ത് കുറച്ച് വസ്തു വാങ്ങി അതിൽ തരക്കേടില്ലാത്ത ഒരു വീട് അദ്ദേഹം പണിതു. ആ വീട്ടിൽ അവർ സന്തോഷമായി ജീവിച്ചു പോരുമ്പോഴാണ് അദ്ദേഹത്തിന്റെ അഞ്ചാം ക്ലാസ്സിൽ പഠിക്കുന്ന മകൾക്ക് മാനസികമായ ചില അസ്വസ്ഥതകൾ കണ്ടുതുടങ്ങിയത്.

നല്ലൊരു മനഃശാസ്ത്രജ്ഞനെ കൺസൽറ്റ് ചെയ്യുന്നതിന് പകരം യാഥാസ്ഥിതികയും അന്ധവിശ്വാസിയുമായ അദ്ദേഹത്തിന്റെ ഭാര്യ, കുട്ടിയെ ഏതൊ ഒരു സിദ്ധനെയാണ് കാണിച്ചത്. രോഗം മാറാൻ അയാൾ എന്തൊക്കെയൊ ചെപ്പടി വിദ്യകൾ പ്രയോഗിച്ചെങ്കിലും 'പണം പോയത് മിച്ചം' എന്നല്ലാതെ യാതൊരു ഫലവും കണ്ടില്ല. പിന്നീടങ്ങോട്ട് കുട്ടിയെയുംകൊണ്ട് സിദ്ധൻമാരേയും ജോത്സ്യൻമാരേയും തേടിയുള്ള യാത്രയായിരുന്നു...

കുട്ടിയുടെ അസുഖത്തിന് മുന്നിൽ സിദ്ധൻമാരും ജോത്സ്യൻമാരും പരാജയപ്പെട്ടതുകൊണ്ടാകണം അവർ വീടിന്റെ നിൽപിലേക്കും കിണറിന്റെ സ്ഥാനത്തേക്കും വാസ്തുവിലേക്കും കന്നിമൂലയിലേക്കുമെല്ലാം തിരിഞ്ഞത്. അങ്ങനെ അവരുടെ ജീവിതത്തിലെ കഷ്ടപ്പാടുകൾക്ക് കാരണക്കാരനെന്ന്, വീട് ആരോപണവിധേയനായി.

ആദ്യം പൊളിപ്പിച്ചത് വീടിന്റെ അടുക്കളയാണ്. പിന്നീട് നല്ല വെള്ളമുള്ള കിണർ മൂടി. അതിനുശേഷം അടുക്കളപ്പുറത്ത് നിന്നിരുന്ന 'നന്നായി കായ്ഫലം തരുന്ന' രണ്ടു തെങ്ങുകളും മുറിപ്പിച്ചു. വീടും, അതോടൊപ്പം സാമ്പത്തികവും, മനഃസമാധാനവുമെല്ലാം പതിയെ തകർന്നു പോകുന്നതല്ലാതെ കുട്ടിയുടെ അസുഖത്തിന് യാതൊരു കുറവുമുണ്ടായില്ല.

വീടിന്റെ കന്നിമൂലയാണ് പ്രശ്നമെന്നും വീട് മുഴുവനായും പൊളിച്ചുമാറ്റി പുതിയത് പണിയുകയൊ, അതല്ലെങ്കിൽ വീട് കിട്ടിയ വിലയ്ക്ക് മറ്റാരുടേയെങ്കിലും തലയിൽ കെട്ടിവച്ച്, മറ്റൊരു വീടുവാങ്ങി അതിൽ താമസിക്കുകയൊയാണ് പ്രതിവിധി എന്ന് ഇക്കൂട്ടത്തിലെ ഏതൊ ഒരു സിദ്ധന് വെളിപാടുണ്ടാകുന്നു...അങ്ങനെ നിസ്സാര വിലയ്ക്ക് അവർ ആ വീട് വിറ്റു മറ്റൊരു സ്ഥലത്തേക്ക് താമസം മാറുകയാണ് ചെയ്ത്.

ഈ കാലയളവിൽ അയാൾ മരുഭൂമിയിൽ അധ്വാനിച്ചുണ്ടാക്കിയ സകലതും നഷ്ടപ്പെടുകയും ജീവിതം വളരെ താഴെ തട്ടിലേക്ക് വരുകയും ചെയ്തു എന്നതല്ലാതെ കുട്ടിയുടെ രോഗത്തിന് യാതൊരു ശമനവും ഉണ്ടായില്ല.. പിന്നീട് ആരുടെയൊക്കെയൊ നിർബന്ധത്തിനും ശകാരത്തിനും വഴങ്ങി കുട്ടിയെ നല്ല മനഃശാസ്ത്ര ഡോക്ടറെ കാണിച്ചു ചികിൽസ തേടുകയുണ്ടായി. വേണ്ട സമയത്ത് ശരിയായ ചികിൽസ ലഭിക്കാതെ അസുഖം മൂർച്ഛിച്ചതുകൊണ്ട് ഇനി പരിപൂർണ്ണ ശമനം പ്രതീക്ഷിക്കേണ്ടതില്ല എന്നായിരുന്നു ഡോക്ടർമാരുടെ അഭിപ്രായം.

നോക്കൂ, കന്നിമൂലയുണ്ടാക്കിയ പുകിൽ... വിശ്വാസവും അന്ധവിശ്വാസവും തമ്മിലുള്ള അതിർവരമ്പുകൾ തിരിച്ചറിയാനാകാതെ പോകുന്നതാണ് ഇവിടെ പ്രശ്‌നമാകുന്നത്. വർഷങ്ങൾക്കിപ്പുറം നാടും നാട്ടുകാരും ഒരുപാട് പുരോഗമിച്ചു. പക്ഷേ ഇപ്പോഴും ചിലയിടങ്ങളിലെങ്കിലും മലയാളി വീടുപണിയുമ്പോൾ ഒളിഞ്ഞും തെളിഞ്ഞും കന്നിമൂലയും മരണചുറ്റുമൊക്കെ ഭീഷണിയുമായി വിലസി നടക്കുന്നുണ്ട്...

English Summary- Hardships in Life and Villain Kannimoola; Malayali Veedu Experience

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com