തട്ടടിച്ചു കഴിയുമ്പോൾ കോൺക്രീറ്റിനുള്ള കമ്പി കെട്ടിത്തുടങ്ങുന്നു. കമ്പിയുടെ സാധാരണ സ്പെയ്സിങ് എന്നത് 10 മുതൽ 12 സെന്റിമീറ്റർ വരെയാണ്. ഈ അകലത്തിൽ തലങ്ങും വിലങ്ങും കമ്പികൊണ്ട് വല നെയ്തെടുക്കുന്നു. ഇവ രണ്ടു െലയർ ഉണ്ടാകും. മെയിൻ, ഡിസ്ട്രബ്യൂട്ടർ എന്നിങ്ങനെയാണ് വാർപ്പിന് കമ്പി കെട്ടുക. മെയിൻ എട്ട് എം എമ്മും ഡിസ്ട്രിബ്യൂട്ടർ ആറ് എം എമ്മും ഉപയോഗിക്കുന്നു. സൺഷേയ്ഡ്, റാക്ക് എന്നിവയ്ക്ക് മെയിൻ എട്ട് എംഎമ്മും ഡിസ്ട്രിബ്യൂട്ടർ ആറ് എംഎമ്മുമായിരിക്കും. എട്ട് എംഎം 18 സെമീ ഇടവിട്ടും ആറ് എംഎം 20 സെമീ ഇടവിട്ടുമാണ് കെട്ടുക. കൂടുതൽ നീളമുള്ള സ്പാനിൽ പ്രത്യേക രീതിയിൽ കമ്പി വളച്ചു കെട്ടുകയും ചെയ്യും. കമ്പിയുടെ സ്പെയ്സിങ് ശരിയാണോ എന്നാണ് ആദ്യം പരിശോധിക്കേണ്ടത്.
സ്പെയ്സിങ് ശരിയാണെങ്കിൽ കമ്പിയുടെ വല നന്നായി കവർ ചെയ്തിട്ടുണ്ടോ എന്ന് ഉറപ്പു വരുത്താം. തട്ടിന്റെ പ്രതലത്തിൽ നിന്ന് രണ്ടര സെന്റിമീറ്റർ മുതൽ കമ്പിവല ഉയർന്നു നിൽക്കണം. ഇതിന് സാധാരണയായി കോൺക്രീറ്റ് കട്ടകള്‍ (കവർ ബ്ലോക്കുകൾ) ഉണ്ടാക്കി താഴെ വയ്ക്കുകയാണ് പതിവ്. ഇതിനെയാണ് കവറിങ് എന്നു പറയുന്നത്. മെറ്റൽ കഷണങ്ങൾ, ചെറിയ ചീളുകൾ എന്നിവ കൊണ്ട് കവറിങ് ചെയ്യുന്നതും കണ്ടിട്ടുണ്ട്. ഇത് അത്ര ഫലവത്തായ രീതിയല്ല. നന്നായി കവർ ചെയ്യാത്ത കോൺക്രീറ്റിന് ബലം വ്യത്യാസപ്പെടും. മാത്രമല്ല, കമ്പിയുടെ വികാസ–സങ്കോചങ്ങൾക്ക് അനുസരിച്ച് വളഞ്ഞുപുളഞ്ഞിരിക്കുന്ന ഭാഗങ്ങളിൽ വിള്ളൽപോലെയും വരാം. കോൺക്രീറ്റ് ഇടുമ്പോൾ ഈ കവർ തെന്നിമാറിപ്പോകാതെ നോക്കുകയും വേണം.
കമ്പി കെട്ടിക്കഴിഞ്ഞാൽ വയറിങ്ങിനുളള ൈപപ്പുകളും ഹുക്കുകളും മറ്റും പിടിപ്പിക്കാം. തൂക്കിയിടാനുള്ള ലൈറ്റുകൾ, ഫാൻ, കർട്ടനുകൾ എന്നിവയ്ക്കെല്ലാം ഹുക്കുകൾ ആവശ്യമാണ്. ഇതെല്ലാം മുൻകൂട്ടി കണ്ട് ആദ്യമേ തന്നെ ഹുക്കുകൾ നൽകുന്നത് പിന്നീടുള്ള കുത്തിപ്പൊളിക്കൽ ഒഴിവാക്കാൻ സഹായിക്കും.
English Summary- Preparing Roof Iron Construction Before Concreting