ADVERTISEMENT

ഗൃഹനിർമാണത്തിൽ ഏറ്റവും ശ്രദ്ധിക്കേണ്ടതും പ്രാധാന്യ മേറിയതുമായ ഒന്നാണ് എസ്റ്റിമേറ്റ് ബജറ്റിങ്. വീടുപണിക്കായി ചെലവഴിക്കാൻ നമ്മുടെ കയ്യിലുള്ള പണമെത്രയാണെന്ന് മുൻകൂട്ടി തീരുമാനിക്കണം. ബാങ്ക് ലോൺ അല്ലെങ്കിൽ മറ്റ് വായ്പകൾ, അതിന്റെ തിരിച്ചടവിനായി വരുന്ന മാസതുക, കാലാവധി ഇവയെല്ലാം ബജറ്റിന്റെ കാര്യത്തിൽ കണക്കാ ക്കേണ്ടി വരും. വീട് നിർമാണത്തിന്റെ പൂർത്തീകരണ സമയം മുൻകൂട്ടി തീരുമാനിക്കണം. കാരണം നിർമാണച്ചെലവ്/ ബജറ്റ് വീടുപണിയുടെ കാലാവധിയുമായി ബന്ധപ്പെട്ടിരിക്കുന്നു.

വിശദമായ കെട്ടിടനിർമാണത്തിന്റെ എസ്റ്റിമേറ്റും എൻജിനീയറുടെ/ആർക്കിടെക്റ്റിന്റെ കയ്യിൽ നിന്നും വാങ്ങണം. വീടിന്റെ നിർമാണച്ചെലവിനോടൊപ്പം ചുറ്റുമതിൽ, കിണർ, ഔട്ട്ഹൗസ്, സ്റ്റോർ, മറ്റ് ലാൻഡ് സ്കേപ്പിങ് എന്നിവയ്ക്കുള്ള വിശദമായ ചെലവ് കൂടി ഉൾപ്പെടുത്താൻ ശ്രദ്ധിക്കുക. വീടുപണിയോടൊപ്പം ഇവയെല്ലാം ചേർത്താലെ നിർമാണ പൂർത്തീകരണം ആകുന്നുള്ളൂ എന്ന വസ്തുത മറക്കരുത്. ഡിസൈനറുടെ ഫീസ്, സർക്കാർതലത്തിൽ അടയ്ക്കേണ്ട ഫീസ് ഇവയും കണക്കിലെടുക്കണം.

വീടിന്റെ എസ്റ്റിമേറ്റ് തയാറാക്കുമ്പോൾ തന്നെ സ്പെസിഫിക്കേഷൻ ഡീറ്റെയിൽസ് (നിർമാണവസ്തുക്കളുടെ വിശദ വിവരം) ശ്രദ്ധിക്കുക. കാരണം എസ്റ്റിമേറ്റ് തുകയിലെ വ്യതിയാനങ്ങൾ എന്നത് ഉപയോഗിക്കുന്ന വസ്തുക്കളുടെ ബ്രാൻഡനുസരിച്ചുള്ള വിലവ്യത്യാസം കൂടിയാണെന്ന് തിരിച്ചറിയണം. ഉദാഹരണത്തിന് ഫ്ളോറിങ് മെറ്റീരിയൽസ്, സ്വിച്ചുകൾ, ടാപ്പുകൾ തുടങ്ങിയവയിൽ വിവിധ കമ്പനികളുടെ ബ്രാൻഡുകൾക്ക് വിലവ്യത്യാസം ഉണ്ട്. ഇന്റീരിയർ ജോലികൾക്കുപയോഗിക്കുന്ന സാമഗ്രികളായ മൾട്ടിവുഡ്, മറൈൻ പ്ലൈ, എം.ഡി.എഫ്, അവയുടെ പെയിന്റിങ് ഇവയ്ക്കെല്ലാം വലിയ തോതിൽ വിലവ്യത്യാസം പ്രകടമായിത്തന്നെ ഉണ്ട്. ബജറ്റ് ഹോമിന്റെ നിർമാണവേളയിൽ അധികച്ചെലവുകൾ നിയന്ത്രി ക്കുന്നതിന് മെറ്റീരിയൽ സ്പെസിഫിക്കേഷൻ നന്നായി മനസ്സിലാക്കി, നമുക്കാവശ്യമുള്ള സാമഗ്രികൾ തിരഞ്ഞെടുക്കണം.

വീടുപണി പൂർത്തിയാകുന്ന മുറയ്ക്ക്, വേണ്ടി വരുന്ന ഫർണി ച്ചറുകളെക്കുറിച്ചും നേരത്തേതന്നെ മനസ്സിലാക്കണം. നമ്മുടെ കൈവശമുള്ള ഫർണീച്ചറുകൾ, പഴയ തടി ഷെൽഫുകൾ, കബോഡുകൾ, ഇവയെല്ലാം അതേപടി ഉപയോഗിക്കാമോ എന്നും അതോ റീസെറ്റ് ചെയ്ത് പുതിയ വീട്ടിലെ സ്ഥല ലഭ്യതയ്ക്കും, രൂപഭംഗിക്കും അനുസൃതമായി ക്രമപ്പെടുത്താമോ എന്നുള്ളതും മുൻകൂട്ടി തീരുമാനിച്ചാൽ നന്നായിരിക്കും.

പലപ്പോഴും വീടിന്റെ യഥാർഥ എസ്റ്റിമേറ്റിനെക്കാൾ പണി തീർന്നപ്പോൾ തുക വർധിച്ചു എന്ന പരാതി, ശരിയായ ബജറ്റിങ് രീതികൾ നടപ്പിലാക്കാത്തതിനാലാണ് സംഭവിക്കുന്നത്.

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

∙വീടിന്റെ നിർമാണച്ചെലവ് എത്രവരെയാകാമെന്ന് മുൻകൂട്ടി തീരുമാനിക്കുക.

∙കോമ്പൗണ്ട് വാൾ, കിണർ നിർമാണം, ലാൻഡ്സ്കേപ്പ് ഇവയ്ക്കായും തുക നീക്കി വയ്ക്കുക. ഒപ്പം ഡിസൈൻ ഫീസ്, സർക്കാർ തലത്തിലെ ഫീസുകൾ ഇവയും മനസ്സിലാക്കുക.

∙എസ്റ്റിമേറ്റ് തയാറാക്കുമ്പോൾ സ്പെസിഫിക്കേഷൻ ഡീറ്റെയിൽസ് നിർബന്ധമായും അറിഞ്ഞിരിക്കുക.

∙നിർമാണത്തിന്റെ ചെലവ് ചുരുക്കേണ്ട പട്ടിക നേരത്തേ ഡിസൈനറുമായി ചർച്ച ചെയ്ത് ഉറപ്പിക്കുക.

English Summary- Budget Estimation during House Construction Planning

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com