വീടുപണിയുടെ ഏറ്റവും മർമപ്രധാന ഭാഗം പ്ലാനിങ്ങാണ്. സ്വന്തം ആവശ്യങ്ങൾ മുന്നിൽ കണ്ടാവണം വീടു നിർമിക്കാൻ. അല്ലാതെ മറ്റേതെങ്കിലും വ്യക്തിയുടെ വീടിനോടു തോന്നിയ ആകർഷണം മുൻനിർത്തി അതേ രീതിയിൽ വീടു നിർമിക്കരുത്. വീട്ടിൽ അംഗങ്ങളുടെ എണ്ണം കുറവാണെങ്കിൽ ധാരാളം മുറികളുള്ള വലിയ വീടിനെക്കാൾ നല്ലത് വൃത്തിയാക്കാനെളുപ്പമുള്ള ചെറിയ വീടാണ്. ചെറിയ വീട് സ്റ്റാറ്റസ് സിംബലല്ല എന്നു കരുതുന്നവർ ധാരാളം. എന്നാൽ, വലിയ വീടു നിർമിക്കുകയും അതിൽ താമസിക്കാൻ ആളില്ലാതെ വരികയും സാമ്പത്തികഭദ്രത ഇല്ലാതാകുകയും ചെയ്യുന്നതിനെക്കാൾ നല്ലത് ചെറുതും സൗകര്യങ്ങൾക്കു ചേർന്നതുമായ വീടാണ്.
ആകൃതി
അടുത്ത ഘട്ടം വീടിന്റെ ആകൃതിയാണ്. ചെലവു ചുരുക്കിയാണ് വീടു നിർമിക്കാൻ ഉദ്ദേശിക്കുന്നതെങ്കിൽ ദീർഘ ചതുരാകൃതിയിലുള്ള വീടാണു നല്ലത്. കൂടുതൽ കട്ടിങ്ങും വളവുകളും തിരിവുകളുമുള്ള വീടിന് ഭിത്തിയുടെ വിസ്തീർണം കൂടും. സ്ഥലം ഉപയോഗശൂന്യമാവുകയും ചെയ്യും. ദീർഘചതുരാകൃതിയില്‍ വീടുകൾ നിർമിക്കുകയാണെങ്കിൽ അതിന്റെ എല്ലാ ഭാഗങ്ങളും കൃത്യമായി ഉപയോഗപ്രദമാക്കാം. എന്നാൽ, സ്റ്റൈൽ സ്റ്റേറ്റ്മെന്റിൽ മാത്രം ശ്രദ്ധയൂന്നിയാണ് വീടിന്റെ നിർമാണമെങ്കിൽ ഈ മാതൃക പിന്തുടരാനാവില്ല.
മുറികൾ
കൂടുതൽ മുറികളുള്ള വീട് ചെലവ് കൂട്ടും. ചിലർ ഗെസ്റ്റുകൾക്കായും ഓഫിസിനായുമെല്ലാം മുറികൾ പണിയുകയും പിന്നീട് ഇവ ഉപയോഗശൂന്യമായി മാറുകയും ചെയ്യാറുണ്ട്. അതിനാൽ, എന്താണ് ഏറ്റവും അത്യാവശ്യമായ ഘടകങ്ങൾ എന്നു മനസ്സിലാക്കിയ ശേഷം മാത്രം വീടു പണിയുക. കൂടുതൽ ജനലുകളും വാതിലുകളുമുള്ള മുറികൾ നിർമിക്കുന്നതും ചെലവു ചുരുക്കാൻ സഹായിക്കും. സ്ഥലപരിമിതി പ്രശ്നമല്ലെങ്കിൽ ഒറ്റ നില വീടുകളാണ് ചെലവു ചുരുക്കാൻ നല്ലത്.
English Summary- Small House Practical Importance