ADVERTISEMENT

കോവിഡ് കാലത്തിനുശേഷം നിർമാണസാമഗ്രികളുടെ വിലക്കയറ്റം മൂലം സകലകണക്കുകൂട്ടലുകളും തെറ്റിച്ച് കുതിക്കുകയാണ് വീടുപണി ചെലവുകൾ. ഒരൽപം പ്ലാൻ ചെയ്താൽ നിങ്ങളുടെ പോക്കറ്റിനിണങ്ങുന്ന ബജറ്റിൽ വീട് പൂർത്തിയാക്കാം. ഇതാ 10 വഴികൾ.

1. തേക്കിന്റെ വാതിലിന് സുരക്ഷിതത്വം കൂടുതലൊന്നുമില്ല. തേക്കിനോടുള്ള മലയാളിയുടെ പ്രേമം നിർമാണച്ചെലവ് വർധിപ്പിക്കും. കന്റംപ്രറി ശൈലിയിൽ വീടുപണിത് തേക്കിന്റെ വാതിൽ കൊടുക്കും. എന്നിട്ട് കളർതീമിനോട് ഇണങ്ങാൻ പെയിന്റടിക്കും. ഇത്തരം പ്രവണതകൾ ഒക്കെ ധൂർത്താണ്. മറ്റൊരു കളർ കൊടുക്കാനാണെങ്കിൽ എന്തിനാണ് തേക്ക്?

2. അത്യാവശ്യം ബെഡ്റൂമുകളും ഒന്നിലധികം ഉപയോഗമുള്ള മൾട്ടി പർപ്പസ് മുറികളും പണിയുന്നതാണ് നല്ലത്. വർഷത്തിൽ ഏറിപ്പോയാൽ മൂന്നോ നാലോ തവണയൊക്കെയാണ് അതിഥികളും മറ്റും വീട്ടിൽ താമസിക്കാൻ വരുന്നത്. അങ്ങനെ വല്ലപ്പോഴും എത്തുന്ന അതിഥികൾക്കു വേണ്ടി ലക്ഷങ്ങൾ ചെലവഴിച്ച് ആർഭാടം നിറഞ്ഞ ഗസ്റ്റ് റൂം ഒരുക്കുന്നത് പാഴ്ചെലവാണ്.

3. ഭിത്തികൾ പരമാവധി കുറച്ച് സ്പെയ്സ് ഉപയുക്തമാക്കാം. അടുക്കളയ്ക്കും വർക്ക് ഏരിയയ്ക്കും ഇടയിൽ നീക്കിയിടാവുന്ന ഷെൽഫ് ക്രമീകരിച്ചാൽ വലുപ്പം ആവശ്യാനുസരണം ക്രമീകരിക്കാം. അതുപോലെതന്നെ ലിവിങ്, ഡൈനിങ്, ഫാമിലി ലിവിങ് എന്നീ സ്പെയ്സുകൾക്ക് ഇടയിൽ അധികം ഭിത്തികള്‍ ഇല്ലാതിരിക്കുന്നതാണു നല്ലത്. ടെലിവിഷൻ പാനലുകളോ സെമീ പാർട്ടീഷൻ വാളുകളോ മതിയാവും. സ്പെയ്സുകളെ വേർതിരിക്കാൻ. ഭിത്തി കെട്ടാൻ വേണ്ട ചെലവ് ലാഭിക്കുന്നതിനൊപ്പം തന്നെ ഉള്ള സ്പെയ്സിന് വിശാലത തോന്നാനും ഇതു സഹായിക്കും.

4. കിച്ചന്‍ വലുതാവുന്നതിലല്ല, ഉള്ള കിച്ചൻ വൃത്തിയോടെയും ഒതുക്കത്തോടെയും സൂക്ഷിക്കുന്നതിലാണു കാര്യം, ചിലയിടങ്ങളിൽ ഷോ കിച്ചൻ, വർക്കിങ് കിച്ചൻ, വർക്ക് ഏരിയ, സ്റ്റോർ റൂം എന്നിങ്ങനെ നാലും അഞ്ചും സ്പെയ്സുകൾ ചേരുന്നതാണ് കിച്ചൻ. യഥാർത്ഥത്തിൽ ഇത്രയേറെ സ്പെയ്സുകളുടെ ആവശ്യമില്ല. എല്ലാം കയ്യെത്തും ദൂരത്ത് കിട്ടുന്ന രീതിയിൽ ക്രമീകരിക്കുന്നതാണ് വീട്ടമ്മമാരുടെ സമയം ലാഭിക്കാൻ നല്ലത്. ഷോ കിച്ചൻ അക്ഷരാർഥത്തിൽ ധൂർത്തുതന്നെയാണ്. ആവശ്യത്തിന് സ്റ്റോറേജ് സ്പെയ്സുള്ള ഒരു കിച്ചനും വർക്ക് ഏരിയയും ഉണ്ടെങ്കിൽ തന്നെ കാര്യങ്ങൾ സുഗമമാകും.

5. നാലു ചുറ്റും സൺഷെയ്ഡ് വേണ്ട. ജനലുകൾക്ക് മുകളിൽ മാത്രം സൺഷെയ്ഡ് നൽകാം. അതിനുതന്നെ കട്ടയും സിമെന്റും വേണമെന്നില്ല. വീടിന്റെ ഡിസൈനു ചേരുന്ന രീതിയിൽ ഇരുമ്പു ഫ്രെയിമും റൂഫിങ് ഷീറ്റും പോലുള്ള മെറ്റീരിയലുകൾ ഉപയോഗിച്ചാൽ കാഴ്ചയ്ക്കു ഭംഗി തോന്നും. ഒപ്പം ചെലവും കുറയ്ക്കാൻ സഹായിക്കും.

6. പെയിന്റിങ്ങിൽ കടുംനിറങ്ങൾ ഒഴിവാക്കാം. വെളുത്ത നിറത്തിന്റെ ഭംഗി മറ്റൊന്നിനും ഇല്ല. നിറപ്പകിട്ടു വേണം വീടിന് എന്നാണെങ്കിൽ ഒന്നോ രണ്ടോ ചുമരുകൾ കടുംനിറങ്ങളാൽ ഹൈലൈറ്റ് ചെയ്യാം. ഫർണിഷിങ് മെറ്റീരിയലുകളും കളർ ഫുൾ ആക്കാം. പല നിറത്തിലുള്ള പെയിന്റുകൾ വാങ്ങാൻ പോയാൽ ചെലവ് കൂടും.

7. ഗ്ലാസിന്റെ ഉപയോഗം കഴിയുന്നത്ര കുറയ്ക്കാം. ഗ്ലാസ് വാതിൽ, പാർട്ടീഷൻ, പർഗോളയ്ക്കു മുകളിൽ എന്നു തുടങ്ങി ഗ്ലാസിന്റെ കളിയാണ് ഇന്നത്തെ കന്റംപ്രറി വീടുകളിൽ. വെയിലിന്റെ ദിശ നോക്കിയല്ല ഗ്ലാസിന്റെ ഉപയോഗമെങ്കിൽ അതുതന്നെ പിന്നീട് ബുദ്ധിമുട്ടാവും. . ട്രെൻഡിനു പിറകെ പാഞ്ഞ് വീടിനകത്തെ ചൂട് എന്തിന് കൂട്ടണം?

8. ഫോൾസ് സീലിങ് അത്യാവശ്യത്തിനു മാത്രം നൽകുക. ബീമുകൾ സീലിങ്ങിന്റെ ഭംഗി നശിപ്പിക്കുന്നിടത്തും ചൂട് കുറയ്ക്കാനും ശബ്ദം പ്രതിരോധിക്കാനും ഭംഗിയുള്ള ലൈറ്റിങ് നൽകാനുമൊക്കെയാണ് ഫാൾസ് സീലിങ് നൽകുന്നത്. എല്ലാ സ്പെയ്സുകളിലും ഫാൾസ് സീലിങ്ങിന്റെ ആവശ്യമില്ല.

9. പേവ്മെന്റ് ടൈലുകൾ പലരും സ്റ്റാറ്റസ് സിംബൽ പോലെയാണ് ഉപയോഗിക്കുന്നത്. മുറ്റത്ത കള വരാതിരിക്കാൻ വേണ്ടി ചെയ്യുന്ന ഈ ടൈലുകൾ ഭൂമിയിലേക്ക് വെള്ളമിറങ്ങുന്നതിന് തടസ്സം സൃഷ്ടിക്കുന്നു. ഒപ്പം പണച്ചെലവും ഉണ്ടാക്കുന്നു.

10. വാർക്ക ചെയ്യുമ്പോൾ മോർട്ടാർ പോലുള്ള യന്ത്രസൗകര്യങ്ങൾ പ്രയോജനപ്പെടുത്താം. ഇവ കൂലി കുറയ്ക്കാൻ സഹായിക്കുന്നതിനൊപ്പം 10% വരെ സിമെന്റ് ലാഭിക്കാനും സഹായിക്കും. നല്ല ഫലവും കിട്ടും. എളുപ്പത്തിൽ ജോലികൾ തീർക്കാൻ സാധിക്കും. എന്നതാണ് മറ്റൊരു സവിശേഷത.


English Summary- Cost cutting tips in House Construction

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT