നമ്മൾ ചിന്തിക്കുന്നതുപോലെ ആയിരിക്കില്ല പലപ്പോഴും കാര്യങ്ങൾ, അലംഭാവമരുത്: അനുഭവം

Mail This Article
ഉറങ്ങുമ്പോൾ കാണുന്നതല്ല, നമ്മെ ഉറങ്ങാൻ അനുവദിക്കാത്ത ആഗ്രഹങ്ങളെയാണ് സ്വപ്നം എന്ന് വിളിക്കുന്നതെന്ന് യുഗപ്രഭാവനായ എപിജെ അബ്ദുൽ കലാം പറഞ്ഞിട്ടുണ്ടെങ്കിലും ഈയടുത്തകാലത്ത് ഉറക്കത്തിൽ തന്നെ ഞാൻ ഒരു സ്വപ്നം കണ്ടു.
'സ്വപ്നം' എന്ന് പറയുമ്പോൾ അതൊരു പ്രേത സ്വപ്നമോ, ഇക്കിളി സ്വപ്നമോ ഒന്നും ആയിരുന്നില്ല. മനുഷ്യത്വവും ദീനാനുകമ്പയും വഴിഞ്ഞൊഴുകുന്ന ഒരു മാതൃകാ സ്വപ്നം. സംഗതി ഇങ്ങനെയാണ്.
ഞാൻ ഒരു കാടിനടുത്തുകൂടി നടന്നു വരികയാണ്. അപ്പോഴാണ് രണ്ടു മൂന്നു പൂച്ചക്കുഞ്ഞുങ്ങൾ ആ വഴിയരികിൽ ആരോരുമില്ലാതെ കിടക്കുന്നത് കാണുന്നത്. തെരുവ് നായ്ക്കൾ ഒക്കെ കണ്ടമാനം ഉള്ള സ്ഥലമാണ്, അവയുടെ കണ്ണിൽ പെട്ടാൽ ഈ കുഞ്ഞുങ്ങളുടെ കാര്യം പിന്നെ പോക്കാണ്. അതോടെ മേൽപറഞ്ഞ മനുഷ്യത്വവും ദീനാനുകമ്പയും എന്നിൽ വഴിഞ്ഞൊഴുകി, തള്ളപ്പൂച്ച വരുന്നതുവരെ ആ പൂച്ചക്കുഞ്ഞുങ്ങളുടെ സംരക്ഷണം ഞാൻ ഏറ്റെടുത്തു.
അങ്ങനെ ഞാൻ പൂച്ചക്കുഞ്ഞുങ്ങളെ തൊട്ടു തലോടാൻ ആരംഭിച്ചു, കയ്യിലെടുത്തു ലാളിക്കാൻ ആരംഭിച്ചു.. ഈ വിധം എന്റെ പൂച്ചസ്നേഹം വഴിഞ്ഞൊഴുകവേയാണ് ചില പന്തികേടുകൾ എനിക്ക് തോന്നാൻ തുടങ്ങിയത്. അതായത് ഈ പൂച്ചക്കുഞ്ഞുങ്ങൾക്ക് സാമാന്യത്തിലധികം വലുപ്പമുണ്ട്, കൂടാതെ അവയുടെ കൈകാലുകൾക്ക് നല്ല ഉറപ്പുമുണ്ട്.
മാത്രമല്ല സാധാരണ പൂച്ചകൾ ഉണ്ടാക്കുന്ന പതിഞ്ഞ ശബ്ദത്തിനു പകരം ഏതാണ്ടൊരു മുരൾച്ചയാണ് ഇവറ്റകൾ ഉണ്ടാക്കുന്നത്. അതോടെ ആ നഗ്നസത്യം എനിക്ക് മുന്നിൽ വെളിവായി. പൂച്ചക്കുട്ടികൾ എന്ന് കരുതി ഞാൻ ലാളിച്ചുകൊണ്ടിരിക്കുന്നത് കടുവക്കുഞ്ഞുങ്ങളെയാണ്, അവയുടെ തള്ള വരാൻ വേണ്ടിയാണ് ഞാൻ കാത്തിരിക്കുന്നത്.
എന്തായാലും അപ്പോൾ തന്നെ ഞെട്ടിയെണീറ്റു സ്വൽപം വെള്ളവും കുടിച്ചു കിടന്നുറങ്ങിയതുകൊണ്ടു ഞാൻ കടുവയുടെ പിടിയിൽ നിന്ന് തലനാഴിഴയ്ക്ക് രക്ഷപ്പെട്ടു എന്ന് പറയാം. നമ്മൾ ചിന്തിക്കുന്നതുപോലെ ആയിരിക്കില്ല പലപ്പോഴും കാര്യങ്ങൾ എന്ന് സ്ഥാപിക്കാൻ വേണ്ടിയാണ് ഇപ്പോൾ ഞാനീ സ്വപ്നകഥ നിങ്ങളോടു പറഞ്ഞത്.
ഇക്കാര്യം മറ്റേതു മേഖലയിൽ എന്നപോലെ സിവിൽ എൻജിനീയറിങ് മേഖലയിലും പ്രസക്തമാണ്. നീട്ടിവലിക്കാതെ ഒരുദാഹരണം പറയാം.
ഈയടുത്തകാലത്ത് പ്രവാസിയായ ഒരു സുഹൃത്തിനു വേണ്ടി ഞാനൊരു വീട് രൂപകൽപന ചെയ്തു. ഇന്നലെയാണ് അതിന്റെ ഇന്റീരിയർ ഡിസൈനുമായി അദ്ദേഹം എന്നെ കാണാൻ വരുന്നത്. ഇന്റീരിയർ എന്ന് വച്ചാൽ കിടിലൻ ഇന്റീരിയർ. അങ്ങനെ ആ ഇന്റീരിയറിലേക്കു നോക്കിയിരിക്കവെയാണ് എനിക്ക് ചില തിരിച്ചറിവുകൾ ഉണ്ടാവുന്നത്.
എന്നുവച്ചാൽ നമ്മുടെ സ്വപ്നത്തിലെ പൂച്ച യഥാർഥത്തിൽ പുലിയാണ് എന്ന് മനസ്സിലായതുപോലുള്ള ഒരു തിരിച്ചറിവ്. ഞാൻ പ്ലാൻ ചെയ്ത പല ഭിത്തികളും ഇന്റീരിയറിൽ അപ്രത്യക്ഷമായിരിക്കുന്നു. എന്നുവച്ചാൽ ആ പ്ലാനിന്റെ സ്രഷ്ടാവായ എന്റെ അറിവോ സമ്മതമോ കൂടാതെ അതിൽ സ്ട്രക്ചറലായ ചില മാറ്റങ്ങൾ അദ്ദേഹം വരുത്തിയിരിക്കുന്നു.
നേരെ നാട്ടിലെ ഇന്റീരിയർ ഡിസൈനറെ വിളിച്ചു.
" ചേട്ടാ, എന്റേതു ഒരു ഓപ്പൺ കൺസപ്റ്റ് ആണ്, അതിനാലാണ് ഞാൻ ഇടയ്ക്കുള്ള ചില ഭിത്തികൾ നീക്കം ചെയ്തത്".
ഞെട്ടി മാമാ.
ഇതിൽ എന്താണിത്ര ഞെട്ടാൻ എന്ന് ചോദിക്കുന്നവർ കണ്ടേക്കാം. കാരണമുണ്ട്. ഒരു ഇന്റീരിയർ ഡിസൈനറെ സംബന്ധിച്ചിടത്തോളം ഒരു ഭിത്തി അയാളുടെ കലാവിരുത് പ്രദർശിപ്പോക്കാനുള്ള ഒരിടമാണ്. അകത്തളങ്ങൾക്ക് വിശാലത വർധിപ്പിക്കാനായി അത് ഒഴിവാക്കുന്നതിനെപ്പറ്റി അയാൾക്ക് ചിന്തിക്കാം.
എന്നാൽ എൻജിനീയറുടെ കാര്യം അങ്ങനെയല്ല. അയാളെ സംബന്ധിച്ചിടത്തോളം ഭിത്തി എന്ന് പറയുന്നത് ഒന്നാം നിലയുടെയും, മേൽക്കൂരയുടെയും ഒക്കെ ലോഡിനെ സുരക്ഷിതമായി ഭൂമിയിലേക്ക് ട്രാൻസ്ഫർ ചെയ്യാനുള്ള മാധ്യമമാണ്. അതങ്ങനെ കണ്ണുമടച്ചു വേണ്ടെന്നു വയ്ക്കാൻ അയാൾക്കാവില്ല.
നമ്മുടെ നാട്ടിൽ കാണുന്ന സാധാരണ വീടുകളിൽ ഏതാണ്ട് തൊണ്ണൂറ്റി അഞ്ചു ശതമാനം ഭിത്തികളും ചെറുതോ വലുതോ ആയ ലോഡുകൾ താങ്ങുന്നവയാണ്. ഇത്തരം ഭിത്തികളെയാണ് ലോഡ് ബെയറിങ് വാളുകൾ എന്ന് പറയുന്നത്.
ഇത് അല്ലാത്തവയും ഉണ്ട്. കേവലം സ്വകാര്യതയ്ക്ക് വേണ്ടി നിർമ്മിക്കുന്നവ. ഇവയെയാണ് പാർട്ടീഷൻ വാളുകൾ എന്ന് വിളിക്കുന്നത്. ഈ പാർട്ടീഷൻ വാളുകൾ പൊളിച്ചു നീക്കി എന്ന് കരുതി കെട്ടിടത്തിന് ഒരു ചുക്കും സംഭവിക്കില്ല. എന്നാൽ ലോഡ് ബെയറിങ് വാളുകൾ അങ്ങനെ അല്ല. വേണ്ടുന്ന സ്ഥലത്ത് ഇത്തരം ഭിത്തികൾ നിർമിക്കാതിരിക്കുന്നതു മൂലം കെട്ടിടത്തിന്റെ മൊത്തം സുരക്ഷ അപകടത്തിലാവാം. പൊളിഞ്ഞു വീഴുക വരെ ചെയ്യാം.
വീടുകൾ പുതുക്കിപ്പണിയുമ്പോഴും പ്ലാനിൽ മോഡിഫിക്കേഷൻ നടത്തുമ്പോഴും ഇത്തരം ഭിത്തികൾ വളരെ ജാഗ്രതയോടെ മാത്രമേ കൈകാര്യം ചെയ്യാൻ പാടുള്ളൂ. 'ഇതൊന്നും നോക്കാതെ ചെയ്തിട്ടും വീട് ചക്കക്കുരുപോലെ നിലനിൽക്കുന്നുണ്ടല്ലോ ചേട്ടാ' എന്ന് വാദിക്കുന്നവർ ഉണ്ടാവാം. തെറ്റാണ്.
ഒരു ലോഡ് ബെയറിങ് വാൾ അശാസ്ത്രീയമായി പൊളിച്ചു നീക്കുകയോ, പ്ലാനിൽ നിന്നും ഒഴിവാക്കുകയോ ചെയ്തിട്ടും ആ കെട്ടിടം നിലനിൽക്കുമ്പോൾ ഒന്ന് മാത്രമേ അതിനർഥമുള്ളൂ. ആ ഭിത്തി താങ്ങിയിരുന്ന ലോഡ് ഭാഗ്യവശാൽ അതിനടുത്തുള്ള ഏതോ ഭിത്തിയിലേക്കു ട്രാൻസ്ഫർ ചെയ്യപ്പെട്ടു എന്ന് മാത്രം. ഒന്നുകൂടി വ്യക്തമാക്കിയാൽ പൊളിച്ചു നീക്കപ്പെട്ട ഭിത്തിക്ക് സമീപമുള്ള ഏതോ ഭിത്തി അതിസമ്മർദ്ദത്തിലാണ് നിൽക്കുന്നത് എന്നർഥം. അങ്ങനെ അതിസമ്മർദ്ദത്തിൽ നിൽക്കുന്ന ഭിത്തിയുടെ ആയുസ്സു കുറയും. ഭിത്തിയുടെ ആയുസ്സു കുറയും എന്ന് പറഞ്ഞാൽ കെട്ടിടത്തിന്റെ ആയുസ്സു കുറയും എന്നർഥം.
അതുകൊണ്ടുതന്നെ നമ്മുടെ ഇന്റീരിയർ ഡിസൈനറുടെ വിശാലമനസ്സിനെ അംഗീകരിക്കാൻ എനിക്കായില്ല. അങ്ങനെ പോയ ഭിത്തികൾ അതുപോലെ തിരിച്ചുവന്നു. അതിനാൽ കെട്ടിടങ്ങളുടെ രൂപകല്പനയിൽ അതിന്റെ കെട്ടുറപ്പിന് പ്രാധാന്യം നൽകുക, ഒരു പരിധിയിൽ അപ്പുറം ഭിത്തികൾ ഒഴിവാക്കുന്ന പ്രവണത പ്രോത്സാഹിപ്പിക്കാതിരിക്കുക. അതുപോലെ അശാസ്ത്രീയമായ തിരുത്തലുകൾ പ്ലാനിൽ നടപ്പാക്കാതിരിക്കുക. അങ്ങനെ വേണ്ടിവന്നാൽ അത് സ്ട്രക്ചറൽ എൻജിനീയറിങ്ങിൽ സാമാന്യ അവഗാഹം ഉള്ള ഒരാളുടെ കാർമ്മികത്വത്തിൽ നടപ്പാക്കുക.
വീട് നിർമ്മാണം എന്നത് ഒരു എൻജിനീയറിങ് പ്രക്രിയയാണ്. വിവിധ ദിശകളിൽ സജീവമായി അനുഭവപ്പെടുന്ന നൂറുകണക്കിന് ടൺ ലോഡുകളെ മെരുക്കിയെടുത്തു നിർജ്ജീവമാക്കി, കെട്ടിടത്തിന്റെ സ്ഥിരത ഉറപ്പാക്കുന്ന ഒരു പ്രക്രിയ. ഒരു പ്ലാനിലെ ഓരോ രേഖയും ആ പ്രക്രിയയുടെ ഭാഗമാണ്. ആ പ്രക്രിയ നിർവഹിക്കേണ്ടത് ശാസ്ത്രീയമായാണ്, ആ വിഷയത്തിൽ അറിവും വൈദഗ്ധ്യവും ഉള്ളവരാണ്. അതുകൊണ്ടുതന്നെ ആ വിഷയത്തിൽ അലംഭാവം അരുത്. സ്വപ്നത്തിൽ പോലും.
ഏവർക്കും പാർപ്പിട ദിനാശംസകൾ...
English Summary- Importance of Load Bearing Walls in Stuctural Stability of a House- Designer Experience