ഒൻപത് അടി മാത്രം വീതി:ഇത് ലോകത്തിലെ ഏറ്റവും മെലിഞ്ഞ ഹോട്ടൽ
Mail This Article
ഒരു ഹോട്ടൽ ബിസിനസ് ആരംഭിക്കാൻ തീരുമാനിച്ചു കഴിഞ്ഞാൽ എത്തുന്ന അതിഥികൾക്ക് പരമാവധി സൗകര്യങ്ങൾ ഉറപ്പാക്കുന്ന വലിയ മുറികൾ നിർമിക്കുന്നതാണ് പൊതുവേയുള്ള രീതി. മുറികളുടെ വലുപ്പവും സൗകര്യവും എത്രത്തോളം കൂടുന്നോ അതനുസരിച്ച് വാടകയും കൂടുതൽ വാങ്ങാനാവുകയും ചെയ്യും. എന്നാൽ വെറും ഒൻപതടി മാത്രം വീതിയിൽ ഇടുങ്ങിയ മുറികളുമായി ലോകത്തിന്റെ ശ്രദ്ധ നേടുകയാണ് ഇന്തോനേഷ്യയിലെ ഒരു മൈക്രോ ഹോട്ടൽ. സെൻട്രൽ ജാവയിലെ സലാറ്റിഗയിൽ സ്ഥിതി ചെയ്യുന്ന പിറ്റുറൂംസ് എന്ന ഈ ഹോട്ടൽ 'ലോകത്തിലെ ഏറ്റവും മെലിഞ്ഞ ഹോട്ടൽ' എന്ന റെക്കോർഡും നേടിയിട്ടുണ്ട്.
സലാറ്റിഗ സ്വദേശിയായ ആർക്കിടെക്റ്റ് എറി ഇന്ദ്രയുടെ സ്വപ്ന പദ്ധതിയാണിത്. എന്നാൽ ലോകറെക്കോർഡ് ലക്ഷ്യം വച്ചുകൊണ്ടായിരുന്നില്ല കെട്ടിടം നിർമിച്ചത് എന്ന് അദ്ദേഹം പറയുന്നു.
തന്റെ ജന്മനാടിന് രാജ്യാന്തരതലത്തിൽ ശ്രദ്ധ ലഭിക്കണം എന്നത് മാത്രമായിരുന്നു അദ്ദേഹത്തിന്റെ ചിന്ത. ജക്കാർത്തയിലും സിംഗപ്പൂരിലുമൊക്കെ ജോലി ചെയ്ത ശേഷം കെട്ടിട നിർമാണത്തിലുള്ള തൻ്റെ കഴിവുകൾ ഉപയോഗിച്ച് ജന്മനാടിനുവേണ്ടി എന്തെങ്കിലും ചെയ്യണമെന്ന് എറി തീരുമാനിക്കുകയായിരുന്നു. എന്ത് ചെയ്യാനാവുമെന്ന് അന്വേഷിച്ച് നടക്കുന്നതിനിടെയാണ് സ്ഥലപരിമിതി മൂലം ആരും ഉപയോഗിക്കാൻ കൂട്ടാക്കാതെ കിടക്കുന്ന ഒരു സ്ഥലം അദ്ദേഹം കണ്ടെത്തിയത്. ചുരുങ്ങിയ സ്ഥലത്തും വേറിട്ട അനുഭവം പ്രദാനം ചെയ്യുന്ന ഹോട്ടൽ നിർമിച്ചാലോ എന്നായി അദ്ദേഹത്തിൻ്റെ ചിന്ത. അങ്ങനെ വേറിട്ട നിർമിതിക്ക് തുടക്കം കുറിക്കുകയായിരുന്നു.
പിറ്റുറൂംസ് എന്നാൽ ഏഴ് മുറികൾ എന്നാണ് ജാവനീസ് ഭാഷയിൽ അർത്ഥം. പേരുപോലെ തന്നെ ഏഴു മുറികളാണ് ഹോട്ടലിൽ ഉള്ളത്. ഓരോന്നിന്റെയും അളവ് 2.8 മീറ്റർ (9 അടി) മാത്രമാണ്. അഞ്ചു നിലകളിലായാണ് മുറികൾ നിർമിച്ചിരിക്കുന്നത്. ഒരു ഡബിൾ ബെഡും ഷവറും ടോയ്‌ലറ്റും ഉൾപ്പെടുന്ന ചെറിയ ബാത്റൂമുമാണ് മുറികളിലെ സൗകര്യങ്ങൾ. ഒരേ വലുപ്പമാണെങ്കിലും ഓരോ മുറിയിലും വ്യത്യസ്ത ഫീൽ കൊണ്ടുവരാൻ സാധിച്ചിട്ടുണ്ട്.
സമീപപ്രദേശത്തുള്ള പർവ്വത നിരകളുടെ മനോഹരമായ കാഴ്ചകൾ ആസ്വദിക്കാവുന്ന വിധത്തിൽ വലിയ ജനാലകൾ ഓരോ മുറിയിലും ഉൾപ്പെടുത്തിയിട്ടുണ്ട്. കെട്ടിടത്തിന്റെ ഫസാഡ് ഒരുക്കാൻ സാൻഡ് സ്റ്റോൺ ഉപയോഗിച്ചിരിക്കുന്നു. 17 മീറ്ററാണ് കെട്ടിടത്തിന്റെ ആകെ ഉയരം. ഏറ്റവും മുകൾനിലയിൽ റസ്റ്ററന്റും ബാറും സജ്ജീകരിച്ചിരിട്ടുണ്ട്. ഒരു രാത്രിക്ക് 50 പൗണ്ട് (5250 രൂപ) മുതലാണ് പിറ്റുറൂംസിൽ വാടകയായി ഈടാക്കുന്നത്. 2022 ഡിസംബറിലാണ് ഹോട്ടൽ ആരംഭിച്ചത്.