ADVERTISEMENT

പണ്ടത്തെ പോലെ നമ്മൾ ഒരു വീട്ടിൽ പോയാൽ അവിടെ അന്തിയുറങ്ങാറുണ്ടോ? ഒരു ടൂവീലറെങ്കിലും ഇല്ലാത്തവർ കുറവാണ്, എത്ര ഇരുട്ടിയാലും 90% ആളുകളും തിരിച്ച് വീട്ടിൽ വന്ന് കിടന്നുറങ്ങും എന്നതാണ് വാസ്തവം. ഇത് ഉറങ്ങാനുള്ള സുഖത്തിന് വേണ്ടി മാത്രമല്ല ,അടുത്ത ദിവസം രാവിലെ നമ്മുടെ മേക്കപ്പില്ലാത്ത തനിസ്വരൂപവും സംസാരവും മറ്റുള്ളവർ കാണാതിരിക്കാനും, നമ്മുടെ വീട്ടിലെ സ്വന്തം ബാത്‌റൂമിൽ കാര്യസാധ്യത്തിന് ശേഷം കുളിച്ചൊരുങ്ങി അടുത്ത ദിവസത്തിലേക്ക് ഉന്മേഷത്തോടെ കടക്കുന്നതിന് വേണ്ടി കൂടിയാണെന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. അതുകൊണ്ടതുതന്നെ ഗസ്റ്റ് റൂം വേണോ എന്നത് ചിന്തനീയം, ഏറിയാൽ ഒന്നാവാം എന്ന് മാത്രം!

വീട് വെടിപ്പായി ഇരിക്കാൻ ആദ്യം വേണ്ടത് ആവശ്യമില്ലാത്ത സാധനങ്ങൾ എടുത്ത് കളയുക എന്നതാണ്. ആക്രിക്കാരന് കൊടുക്കാം എന്ന് വച്ചാൽ അവർ സാധനം പെറുക്കാൻ തുടങ്ങുമ്പോൾ നമ്മുടെ അച്ഛനോ അപ്പൂപ്പനോ വകയിലെ അമ്മാവനോ അവന്റെ പിറകെ ഭൂതകണ്ണാടിയുമായി കൂടും. ഒരു വർഷമായി ഒരുപയോഗവുമില്ലാതെ കിടക്കുന്ന സാധനവും അവൻ തൊട്ടാൽ പിന്നെ നൂറ് ഉപയോഗമുള്ള സാധനമാവും.

അവസാനം അവന്റെ ചാക്കിൽ ആകെ കുറെ അവിഞ്ഞ പേപ്പറ് കാണും, പോകുന്ന വഴി തന്നെ 'ഇവനേതാടാ ഈ ആക്രി' എന്ന് മനസ്സിൽ പറഞ്ഞ് കൊണ്ട് അവരത് നമ്മുടെ പറമ്പിന്റെ മൂലയ്ക്ക് തന്നെ കുടഞ്ഞിട്ടിട്ട് പോവും.

ഇപ്പോൾ നിങ്ങൾ ഇത് വായിക്കുമ്പോൾ ചുറ്റുമൊന്ന് നോക്കിയേ.. കഴിഞ്ഞ വർഷത്തെ കലണ്ടറിന്റെ മുകളിൽ ഈ വർഷത്തെ കലണ്ടറില്ലേ? കല്യാണം കഴിഞ്ഞ് കുഞ്ഞിന്റെ ഒന്നാം പിറന്നാളും കഴിഞ്ഞ ബന്ധുവിന്റെ കല്യാണ കുറിയില്ലേ? ഉത്സവങ്ങൾ കഴിഞ്ഞ് കൊടിയിറങ്ങിയ അമ്പലങ്ങളിലെ നോട്ടീസ് ഇല്ലേ? ലേശം മാറി നോക്കിയാൽ ഫ്യൂസ് പോയ ബൾബ് വരെയില്ലേ? ശരിക്കും എന്തിനാണ് ഇതെല്ലാം നമ്മൾ തിരുകി തിരുകി വയ്ക്കുന്നത്.

ഇനി വിവാദമാകാൻ സാധ്യതയുള്ളൊരു കാര്യം പറയട്ടെ. ആ കിച്ചൻ ക്യാബിനറ്റിൽ അതിഥികൾക്കായി എടുക്കാതെ വച്ചിരിക്കുന്ന പാത്രങ്ങൾ ഇല്ലേ? സമ്മാനമായി കിട്ടിയ അടുക്കള പാത്രങ്ങളില്ലേ? കവറ് പോലും പൊട്ടിക്കാതെ?..എന്നിട്ടും കളയാതെ അറ്റവും മൂലയും പൊട്ടിയവ ആ കൊച്ച് അടുക്കളയിൽ ഇട്ടല്ലേ കലാപരിപാടി?.. (നല്ല അടുക്കള അതിഥിയെ കാണിക്കാനുള്ളതല്ലേ കൂടിയാൽ അതിൽ കുറച്ച് വെള്ളം ചൂടാക്കും അതല്ലേ വാസ്തവം.)

മൂന്ന് മാസത്തിൽ, അല്ലെങ്കിൽ പോട്ടെ, ആറ് മാസമെങ്കിലും  ഉപയോഗിക്കാത്ത ആവശ്യമില്ലാത്ത സാധനങ്ങൾ നമുക്ക് കളഞ്ഞു കൂടെ? അതിഥികൾക്കായി വച്ചിരിക്കുന്ന പാത്രങ്ങളും, പുതപ്പുകളും എടുത്ത് ചുമ്മാ പ്രയോഗിക്കൂന്നേ.. ജീവിതം ഇതാ എന്നങ്ങ് പോകും, എല്ലാ  അതിഥികളും നമ്മളിൽ ഒരാള് തന്നെയാണ് , അവർക്കിതല്ലാം മനസിലാവും! അതിഥികൾക്കായി അല്ലാതെ നമ്മൾക്കായി ജീവിക്കൂ.. ആക്രിക്കാരെ ഹാപ്പിയാക്കൂ. വീട് വെടിപ്പാക്കൂ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com