ADVERTISEMENT

മുറ്റത്തെ പൂന്തോട്ടത്തിൽ ഒരു മുല്ലയുണ്ടെങ്കിൽ പരിസരമാകെ സുഗന്ധം നിറയ്ക്കാൻ മറ്റൊന്നും വേണ്ട.  നിറയെ പൂത്തുനിൽക്കുന്ന മുല്ലയുടെ ഭംഗി ഒന്നുവേറെതന്നെയാണ്.  ചിലപ്പോഴെങ്കിലും വീട്ടിൽ മുല്ലച്ചെടികൾ നട്ടുവളർത്താനുള്ള ശ്രമം പാളി പോകാറുണ്ട്.

സൂര്യപ്രകാശവും വെള്ളവുമൊക്കെ കൃത്യമായി ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കി, അല്പം ശ്രദ്ധിച്ചാൽ വളരെ എളുപ്പത്തിൽ മുല്ല തഴച്ചു വളരുന്നതും പൂക്കുന്നതും കാണാം.

എല്ലാ മുല്ലയിനങ്ങൾക്കും സൂര്യപ്രകാശം നേരിട്ട് ലഭിക്കേണ്ടത് അത്യാവശ്യമാണ്. എന്നാൽ ശക്തമായ കാറ്റ് ഏൽക്കാത്ത ഇടത്ത് വേണം മുല്ലച്ചെടി നടാൻ. തടിയിലോ മെറ്റലിലോ തീർത്ത ഫ്രെയിമുകളോ അതുമല്ലെങ്കിൽ വേലിപ്പടർപ്പ് ഉള്ളയിടത്തോ നട്ടാൽ ചെടി എളുപ്പത്തിൽ പടർന്നു വളരും. 

നടേണ്ടത് എങ്ങനെ

വേനൽക്കാലത്തിന്റെ തുടക്കം മുതൽ ഒക്ടോബർ വരെയുള്ള കാലയളവാണ് മുല്ലച്ചെടി നടാൻ ഏറ്റവും അനുയോജ്യം. പൂർണ്ണമായും സൂര്യപ്രകാശം ഏൽക്കുന്നയിടത്തും അല്പം തണലിലും എല്ലാം അവ ഒരേപോലെ വളരും. എങ്കിലും വേനൽക്കാലത്ത് പൂവിടുന്ന മുല്ല ഇനങ്ങൾ പൂർണ്ണമായും സൂര്യപ്രകാശം ലഭിക്കുന്ന ഇടങ്ങളിൽ തന്നെ നടുക. നടുന്നതിനു മുൻപായി കമ്പോസ്റ്റോ മറ്റ് ജൈവവസ്തുക്കളോ ചേർത്ത് മണ്ണ് ഒരുക്കാം. മുല്ലയ്ക്ക് നല്ല നീർവാർച്ചയുള്ള മണ്ണാണ് ആവശ്യം. 

വെള്ളവും വളവും

പൂന്തോട്ടത്തിൽ മണ്ണിൽ നട്ട മുല്ലച്ചെടികൾക്ക് ആഴ്ചയിൽ ഒന്ന് നന്നായി വെള്ളം നൽകിയാൽ മതിയാവും. എന്നാൽ ഈർപ്പം നിലനിൽക്കാത്ത മണ്ണാണെങ്കിൽ ദിനവും വെള്ളമൊഴിക്കുന്നതിലും തെറ്റില്ല. ഒരിക്കലും ചെടിക്ക് ചുറ്റും വെള്ളം കെട്ടിക്കിടക്കുന്ന അവസ്ഥ ഉണ്ടാകരുത്. ഇൻഡോർ പ്ലാന്റായാണ് വളർത്തുന്നതെങ്കിൽ ആഴ്ചയിൽ രണ്ടോ മൂന്നോ തവണ വെള്ളം ഒഴിക്കാൻ ശ്രദ്ധിക്കണം. പതിവായി സൂര്യപ്രകാശം എൽപിക്കുകയും വേണം. താരതമ്യേന വളക്കൂറുള്ള മണ്ണാണെങ്കിൽ പൂന്തോട്ടങ്ങളിൽ വളർത്തുന്ന മുല്ലച്ചെടികൾക്ക് അധിക വളങ്ങൾ ആവശ്യമായി വരില്ല. എങ്കിലും തണുപ്പുകാലത്തിന്റെ അവസാനത്തിലോ വേനലിന്റെ തുടക്കത്തിലോ ഉയർന്ന പൊട്ടാസ്യം അനുപാതമുള്ള വളം ഇടുന്നത് കൂടുതൽ പൂക്കൾ ഉണ്ടാകാൻ സഹായകമാണ്. വീട്ടിനുള്ളിൽ വളർത്തുന്ന മുല്ലകൾക്കും ഇതേ വളം ഉപയോഗിക്കാം. 

പ്രൂണിങ്

കുറ്റിച്ചെടികളായി വളരുന്ന മുല്ല ഇനങ്ങൾക്ക് കൃത്യസമയത്ത് വെട്ടി ഒതുക്കേണ്ടത്  അത്യാവശ്യമാണ്. അല്ലാത്തപക്ഷം അവ വള്ളികളായി പടർന്ന് പന്തലിച്ച് ഭംഗി നഷ്ടപ്പെടാൻ സാധ്യതയുണ്ട്. ഇടയ്ക്കിടെ ചില്ലകൾ ഒതുക്കി കൊടുക്കാമെങ്കിലും ഏറ്റവും അധികം പൂക്കൾ ഉണ്ടാകുന്ന സമയത്തിനുശേഷം വേണം പ്രധാനമായും പ്രൂണിങ് നടത്താൻ. പ്രൂണിങ് നടത്താത്തത് കുറ്റിമുല്ലച്ചെടികളുടെ വളർച്ചയെ പ്രതികൂലമായി ബാധിക്കും.

പ്രാണി ശല്യം ഒഴിവാക്കാൻ

പൊതുവേ അത്ര കാര്യമായി പ്രാണിശല്യം ബാധിക്കാത്ത ചെടിയാണ് മുല്ല. എന്നാൽപ്പോലും ചിലപ്പോഴെങ്കിലും ചിലന്തിയും മുഞ്ഞയുമൊക്കെ ആക്രമകാരികളായേക്കാം. കേടു ബാധിച്ച ഭാഗം മുറിച്ചു നിൽക്കുകയാണ് ഇതിൽ നിന്നും ചെടിയെ രക്ഷിക്കാൻ ഒരുവഴി. വേപ്പെണ്ണയുടെയും കീടനാശിനി സോപ്പിന്റെയും ഉപയോഗമാണ് മറ്റൊരു പരിഹാരം.

English Summary:

How to grow jasmine in Home Garden- Tips

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com