ADVERTISEMENT

എന്റെ ഒരു നിരീക്ഷണവും അഭിപ്രായവുമാണ് ഇവിടെ പങ്കുവയ്ക്കുന്നത്. ഇപ്പോൾ പണിയുന്ന മിക്ക വീടുകളിലും (പ്രത്യേകം ഫോർമൽ ലിവിങ്- ഫാമിലി ലിവിങ് ഇല്ലാത്ത)  ടിവി വയ്ക്കുന്നത് ഗസ്റ്റ്  ലിവിങ്ങിലാണ്. 

എന്റെ അഭിപ്രായത്തിൽ  കഴിയുമെങ്കിൽ ഒരു ഫാമിലി ലിവിങ്ങിന് ഇടംകണ്ടെത്തണം. എന്നിട്ട് അവിടെ വീട്ടുകാർക്കുള്ള ടിവി വയ്ക്കുന്നതാണ് നല്ലത്. അതിനുള്ള സൗകര്യം ഇല്ലെങ്കിൽ ഹാളിൽ ഏതെങ്കിലും ഒരുഭാഗത്ത് അതിനുള്ള സൗകര്യം കണ്ടെത്തണം. അത് ഡൈനിങിൽ ആയാലും കുഴപ്പമില്ല. നാലോ അഞ്ചോ പേർക്ക് ഇരിക്കാൻ ഉള്ള സ്ഥലം മതി, കൂടുതൽ ആൾ ഉണ്ടെങ്കിൽ ഡൈനിങ്ങിലെ ചെയറുകൾ ഉപയോഗിക്കട്ടെ. (മിക്കവാറും ടിവി കാണുന്നത് എന്തെങ്കിലുമൊക്കെ കഴിച്ചുകൊണ്ട് ആയിരിക്കും).

കിച്ചനിൽ നിന്നുകൂടി കാണാൻ സൗകര്യം ഉണ്ടായാൽ കൂടുതൽ നല്ലത്. (സീരിയലുകൾ കണ്ടുകൊണ്ട് പാചകം ചെയ്യുകയാണെങ്കിൽ, മക്കളോട് ഇത് എന്റെ കണ്ണീരും കൂടി ചേർന്നതാണെന്ന് പറയാൻ പറ്റും!)

പൊതുവെ വീട്ടിൽ വൃത്തിയാക്കി ഇടാൻ എല്ലാവരും ആഗ്രഹിക്കുന്ന ഇടമാണ് ഗസ്റ്റ് ലിവിങ്. അവിടെ വീട്ടുകാർക്കുള്ള ടിവി വന്നാൽ ഉള്ള ദോഷങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം. സാവധാനം പിന്നെ അവിടെയായിരിക്കും വീട്ടുകാരുടെ ഭക്ഷണം, ചായകുടി, ചിപ്സ് തീറ്റ, പേപ്പർ, മാസിക, ഇരിപ്പ്, കിടപ്പ്, മുതലായ എല്ലാ കാര്യങ്ങളും നടക്കുന്നത്. പിന്നെ ഈ സ്ഥലം വൃത്തിയാക്കി ഇടുക എന്നുള്ളത് വെല്ലുവിളിയായിമാറും.

ചില വീടുകളിൽ ആരെങ്കിലും പെട്ടെന്ന് കയറിവന്നാൽ വീട്ടുകാരിയുടെ ഒരു വെപ്രാളം കാണേണ്ടി വന്നിട്ടുണ്ട്. കുറെ അധികം സാധനങ്ങൾ എടുത്തു കൊണ്ട് ഓടേണ്ട അവസ്ഥ വരാറുണ്ട്. ചില വീടുകളിൽ ചിപ്സിന്റെ തരികൾ തട്ടിക്കളഞ്ഞു ഇരിക്കേണ്ട  അവസ്‌ഥയും ഉണ്ടാകുന്നുണ്ട്. (എന്നാൽ ഇതൊക്കെ കൃത്യമായി ക്ളീൻ ചെയ്തു വൃത്തിയാക്കി ഇടുന്നവരും ഉണ്ട്.)  

ഗസ്റ്റ് ലിവിങ്ങിൽ ടിവി വന്നാൽ ആ സ്‌പേസ് പെർഫെക്ട് ആക്കിയിടുക അത്ര എളുപ്പം അല്ല, അതുകൊണ്ട് സൗകര്യം ഉള്ളവർ ഫാമിലി ലിവിങ് വേറെ എടുക്കട്ടെ, അല്ലാത്തവർ ഗസ്റ്റ് ലിവിങ് ചെറുതാക്കി ആ സ്‌പേസ് കൂടി ഹാളിൽ കൂട്ടിച്ചേർത്തു, ഹാളിൽ ടിവിക്കുള്ള  സ്‌പേസ് കണ്ടെത്തുക. ഇനി വീട് പ്ലാൻ ചെയ്യുന്നവർ എങ്കിലും ഈ കാര്യത്തെക്കുറിച്ച് ബോധവാന്മാരായാൽ ഞാൻ ഹാപ്പി.

അടിക്കുറിപ്പ്- ടിവി കാണാനായി  അപ്പർ ലിവിങ്ങിൽ സ്‌പേസ് വേർതിരിക്കുന്നവരുണ്ട്. പക്ഷേ മിക്കയിടത്തും ടിവി മൂടിപ്പുതച്ച് കിടക്കും. ആൾക്കാർക്ക് (പ്രത്യേകിച്ച് പ്രായമായവർക്ക്) സ്റ്റെപ്പ് കയറി മുകളിലെത്താനുള്ള മടിയാണ് കാരണം.

English Summary:

Ideal Position of TV space in House- User Experience

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com