ഭിത്തി കണ്ടാൽ കടിച്ചു തിന്നും: വീട് നിറയെ തുളകൾ; വേറിട്ട ദുഃശീലമുള്ള യുവതി
![1256371452 Destroyed wall that opens onto the remains of a bathroom, white tiles and rubble](https://img-mm.manoramaonline.com/content/dam/mm/mo/homestyle/nest/images/2023/12/5/cement-wall.jpg?w=1120&h=583)
Mail This Article
ഭക്ഷണത്തിന്റെ കാര്യത്തിൽ ആളുകളുടെ താല്പര്യങ്ങൾ വ്യത്യസ്തമാണ്. എന്നാൽ കേട്ടുകേൾവിയില്ലാത്ത ചില രുചികളോട് അമിതതാല്പര്യം കാണിക്കുന്നവരുമുണ്ട്. അക്കൂട്ടത്തിൽ ഒരാളാണ് മിഷിഗൺ സ്വദേശിനിയായ നിക്കോൾ എന്ന 28 കാരി. മനുഷ്യൻ ഭക്ഷിക്കുന്ന ഒന്നിനോടുമല്ല മറിച്ച് വീടിന്റെ ഭിത്തി അൽപാൽപമായി പൊളിച്ചു തിന്നുന്നതാണ് നിക്കോളിന് ഇഷ്ടം. നിക്കോളിന്റെ ഈ പ്രത്യേക സ്വഭാവം കാരണം സുഹൃത്തുക്കളോ അയൽക്കാരോ ഇവരെ വീട്ടിലേക്ക് കയറ്റാത്ത സ്ഥിതിയാണ്.
ഉണങ്ങിയ ഭിത്തി കണ്ടാൽ കടിച്ചു തിന്നാനുള്ള ഈ തോന്നൽ നിക്കോളിനൊപ്പം കൂടിയിട്ട് ഒൻപത് വർഷങ്ങളായി. ഇന്നിപ്പോൾ ഈ ശീലത്തിന് അടിമപ്പെട്ടു പോയ അവസ്ഥയിലാണ് ഇവർ. ആരോഗ്യവും ജീവിതവും എല്ലാം ഇതുകൊണ്ട് പ്രതിസന്ധിയിലാകുന്നുമുണ്ട്.
ഒരിക്കൽ വീട്ടിലെ ഉണങ്ങിയ ഭിത്തിയുടെ മണമേറ്റ് ആകർഷണം തോന്നിയതാണ് എല്ലാത്തിന്റെയും തുടക്കം. കൗതുകം മൂലം അൽപഭാഗം പൊളിച്ചെടുത്ത് ഭക്ഷിച്ചുനോക്കി. എന്നാൽ പിന്നീട് അതൊരു ശീലമായി മാറുകയായിരുന്നു. വീട്ടിലെ എല്ലാ ഭിത്തിയിലും ഇത്തരത്തിൽ നിക്കോൾ പൊളിച്ചതിനെ തുടർന്നുണ്ടായ തുളകൾ കാണാം.
പതിയെ സ്വന്തം വീടുവിട്ട് പുറത്തു പോകുമ്പോഴും ഈ ശീലം അടക്കിവയ്ക്കാൻ പറ്റാതെയായി. സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും വീടുകളിൽ എത്തുമ്പോഴും ഭിത്തി ഒന്നു രുചിച്ചു നോക്കണമെന്ന തോന്നൽ... അവസരം കിട്ടിയാൽ നിക്കോൾ അല്പഭാഗം പൊളിച്ചെടുത്ത് ഭക്ഷിക്കും. ഒടുവിൽ സഹികെട്ട് 'വീട്ടിൽ കയറി പോകരുത്' എന്ന് വേണ്ടപ്പെട്ടവർ തന്നെ നിക്കോളിനോട് ആവശ്യപ്പെട്ടു. അങ്ങനെ വീടിന്റെ ഭിത്തി മാത്രമല്ല മറ്റുള്ളവരുമായുള്ള ബന്ധവും തകർന്നു തുടങ്ങി.
ഇതിനൊക്കെ അപ്പുറം ഈ ശീലം നിക്കോളിന്റെ ജീവനുതന്നെ വലിയ ഭീഷണിയാണ് ഉയർത്തുന്നത്. കെട്ടിട നിർമ്മാണത്തിന് ഉപയോഗിക്കുന്ന വസ്തുക്കൾ ദഹനപ്രക്രിയയ്ക്ക് യോജിച്ചവയല്ല. രാസവസ്തുക്കളുടെ സാന്നിധ്യം മൂലം ഉണ്ടാകുന്ന പ്രശ്നങ്ങൾ വേറെയും. കാൻസർ സാധ്യത വർധിപ്പിക്കുന്ന സാഹചര്യത്തിലേക്കാണ് പോക്ക്. ഇതെല്ലാം അറിയാമായിരുന്നിട്ടും ശീലം ഉപേക്ഷിക്കാൻ സാധിക്കില്ല എന്ന് നിലപാടിലാണ് യുവതി. വീട്ടിൽ കയറ്റാൻ തയാറല്ലെങ്കിലും നിക്കോളിന്റെ ഭക്ഷണരീതിയിലുള്ള ആശങ്ക സുഹൃത്തുക്കളും അയൽക്കാരും പങ്കുവയ്ക്കുന്നുമുണ്ട്.