ADVERTISEMENT

ശത്രുക്കൾക്കുപോലും ഉണ്ടാവരുതേയെന്ന് ആരും ആഗ്രഹിച്ചു പോകുന്ന ഒരു അവസ്ഥയിലൂടെയാണ് കഴിഞ്ഞ ആറുമാസമായി ചൈനക്കാരായ രണ്ട് കമിതാക്കൾ കടന്നുപോയത്. രോഗമോ ദാരിദ്ര്യമോ ഒന്നുമല്ല കുടിവെള്ളമാണ് ഇവരുടെ പ്രശ്നം.  ബെയ്ജിങ്ങിൽ വാടകയ്‌ക്കെടുത്ത  അപ്പാർട്ട്മെന്റിൽ താമസമാക്കിയ അന്നുമുതൽ ആറുമാസക്കാലം, കുടിക്കാനും കുളിക്കാനും പാത്രം കഴുകാനും ഭക്ഷണം പാകം ചെയ്യാനുമൊക്കെ, ടോയ്‌ലറ്റിൽനിന്ന്  പുറന്തള്ളുന്ന വെള്ളമാണ് ഉപയോഗിച്ചിരുന്നത് എന്ന് തിരിച്ചറിഞ്ഞതിനെ തുടർന്ന് സ്വയം ശപിച്ചു കഴിയുകയാണ് ഇവർ. 

പുതിയ വീട്ടിലേക്ക് താമസം മാറിയതിന്റെ ആഹ്ളാദത്തിലായിരുന്നു  ഇരുവരും. കുടിക്കുന്ന വെള്ളത്തിലെ അബദ്ധം മനസ്സിലാക്കാതെ ഇരുവരും ആദ്യത്തെ ഒന്നുരണ്ട് മാസങ്ങൾ പിന്നിട്ടു. പതിയെ പതിയെ അസാധാരണമാംവിധം മുടികൊഴിയാൻ തുടങ്ങി. എന്നാൽ   അവർ അത് കാര്യമാക്കിയില്ല. മുഖക്കുരുവായിരുന്നു രണ്ടാമത്തെ പ്രശ്നം. ഇതൊക്കെ സ്വാഭാവിക ജീവിതത്തിൽ സംഭവിക്കുന്നതായതിനാൽ ക്രീമുകൾ  തേച്ച് മുന്നോട്ടുപോയി.

എന്നാൽ കാമുകിക്ക് ചുമയും നെഞ്ചിൽ അസ്വസ്ഥതയും തോന്നി തുടങ്ങിയതോടെയാണ് ഇവർ കാര്യങ്ങൾ ഗൗരവത്തിൽ എടുത്തത്. അപ്പോഴേക്കും പുതിയ അപ്പാർട്ട്മെന്റിൽ താമസം തുടങ്ങിയിട്ട് ആറുമാസം പിന്നിട്ടിരുന്നു. ഇതിനിടെയാണ് ഇത്രയും കാലമായിട്ടും കുടിവെള്ളത്തിനുള്ള ചാർജ് അടച്ചിട്ടില്ലല്ലോ എന്ന കാര്യം  ഓർത്തത്. എന്നാൽ ബില്ലടക്കാതിരുന്നിട്ടും അധികൃതർ കണക്‌ഷൻ കട്ട് ചെയ്തിരുന്നുമില്ല. എന്തോ പന്തികേടുണ്ടല്ലോ എന്ന തോന്നലിൽ ഇവർ വാട്ടർ മീറ്റർ പരിശോധിച്ചു. വെള്ളം ഉപയോഗിച്ചിട്ടും മീറ്ററിൽ ഒരു അനക്കവും ഉണ്ടായില്ല. എന്നാൽ വെള്ളം ഉപയോഗിക്കുന്ന സമയത്ത് മലിനജലത്തിനായി സ്ഥാപിച്ചിരിക്കുന്ന ഗ്രേ വാട്ടർ മീറ്ററിൽ കണക്കുകൾ മാറുകയും ചെയ്യുന്നുണ്ടായിരുന്നു. 

എന്താണ് സംഭവിക്കുന്നത് എന്ന് കൃത്യമായി മനസ്സിലാക്കാനായി ഇവർ പ്ലമറുടെ സഹായം തേടി. അങ്ങനെ വാട്ടർ കണക്‌ഷൻ പരിശോധിച്ച പ്ലമർ തലയിൽ കൈവച്ചു പോവുകയായിരുന്നു. കുടിവെള്ള പൈപ്പിനെയും ടോയ്‌ലറ്റിനെയും ബന്ധിപ്പിച്ചുകൊണ്ട് അധികമായി ഒരു പൈപ്പ് ഉള്ളതായി ഇവർ കണ്ടെത്തി. ടോയ്‌ലറ്റിൽ നിന്നും പുറന്തള്ളുന്ന വെള്ളം ഈ അധിക പൈപ്പിലൂടെ കുടിവെള്ള പൈപ്പിലേക്ക് എത്തുകയായിരുന്നു. അങ്ങനെ ലഭിച്ചുകൊണ്ടിരുന്ന വെള്ളമാണ് ആറുമാസവും ഇവർ  ഉപയോഗിച്ചുകൊണ്ടിരുന്നത്. ഒരു നിമിഷം പോലും പാഴാക്കാതെ പ്ലമർ പ്രശ്നം പരിഹരിച്ചു. 

10000 യുവാനാണ് (1.17 ലക്ഷം രൂപ) ഇവർ അപ്പാർട്ട്മെന്റിന് വാടകയായി പ്രതിമാസം നൽകിയിരുന്നത്. പ്ലമിങ്ങിലെ പ്രശ്നം മനസ്സിലാക്കിയ ഉടൻ തന്നെ ഇവർ കെട്ടിട ഉടമകളിൽ നിന്നും നഷ്ടപരിഹാരം തേടി. എന്നാൽ വീടു വാടകയ്ക്ക് എടുക്കുന്നവർക്ക് കോർപ്പറേഷനിൽ നിന്നുള്ള കുടിവെള്ളവും സമീപത്തെ കിണറിൽ നിന്നുള്ള വെള്ളവും ലഭിക്കാനുള്ള സംവിധാനം ഒരുക്കിയിട്ടുണ്ടായിരുന്നു എന്നുപറഞ്ഞ് ഉടമകൾ കൈമലർത്തി.

താമസം മാറുന്നതിനു മുൻപ് ഇക്കാര്യങ്ങളെക്കുറിച്ചൊന്നും തങ്ങളെ ധരിപ്പിച്ചിരുന്നില്ല എന്ന് ഇവർ  പറയുന്നു. ആറുമാസക്കാലം ടോയ്‌ലറ്റിൽ നിന്നുള്ള വെള്ളം കുടിവെള്ളമായി ഉപയോഗിച്ചതു മൂലം ഇപ്പോൾ ശുദ്ധജലം കണ്ടാൽ പോലും സംശയിച്ചു പോകുന്ന അവസ്ഥയിലാണ് ഇവർ.

വീട് വിഡിയോ കാണാം...
English Summary:

Couples use Toilet Gray Water due to mistake in Plumbing- News

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com