വാസ്തു നോക്കി പണിത വീടും വെള്ളമില്ലാത്ത കിണറും; അനുഭവം
Mail This Article
സുഹൃത്ത് വാങ്ങിച്ച വീട് ചെറുതാണ്. കിഴക്കോട്ട് ദർശനം. വാസ്തുപരമായി ഗംഭീരമാണ്. മുറികൾക്ക് തെറ്റില്ലാത്ത അളവുകളാണ്. ഐശ്വര്യമുള്ള അടുക്കളയാണ്. അതിന്റെ സ്ഥാനം പക്ഷേ വീടിന്റെ വടക്ക് പടിഞ്ഞാറ് ദിക്കിലാണ്! വടക്ക്-പടിഞ്ഞാറ് അടുക്കള വരാമോ വാസ്തുവിൽ? അറിയില്ല.
എങ്കിലും വീട് കൊള്ളാമെന്നാണ് വാസ്തുവിദഗ്ധർ അഭിപ്രായം പറഞ്ഞത്. അളവുകളെല്ലാം കറക്റ്റാണത്രെ! രോഗവും നീണ്ട ചികിത്സയും സാമ്പത്തികബാധ്യതയുംമൂലം വിൽക്കേണ്ടി വന്നതാണ് ഉടമയ്ക്ക്. (ഓർക്കുക വാസ്തു നോക്കി വീട് വച്ചാലും സാമ്പത്തിക ബാധ്യത വരാം). ഒറ്റക്കുറവേ ഉള്ളു. കിണറില്ല. തൊട്ടടുത്തു മറ്റൊരു പറമ്പിൽ വലിയൊരു കിണറുണ്ട്. വേനലിലും വറ്റാത്ത ജലസമൃദ്ധിയുള്ള കിണർ. അതിനാൽ ഇവിടെയും കിണർ കുഴിച്ചാൽ വെള്ളം കിട്ടും. കിട്ടാതിരിക്കില്ല. കിട്ടുമായിരിക്കും.
സ്ഥാനക്കാരനെ കൊണ്ടുവന്നു. കിണറിന് രണ്ട് സ്ഥാനം കണ്ടു. ഒന്ന്- വടക്ക് കിഴക്കേ സ്ഥാനവും മറ്റൊന്ന് തെക്ക് പടിഞ്ഞാറും. തെക്ക് പടിഞ്ഞാറ് കുഴിച്ചു തുടങ്ങി. 16 കോല് കുഴിച്ചിട്ടും വെള്ളമില്ല . പകരം പാറമാത്രം. വെടി പൊട്ടിച്ച് പാറനീക്കി ഒന്നരകോൽ വീണ്ടും താഴ്ത്തി . ജലമില്ല! നിരാശമാത്രം...
ഭൂഗർഭജല വകുപ്പിൽ നിന്ന് റിട്ടയർ ചെയ്ത ഒരാളെ കൊണ്ടുവന്ന് നോക്കി. അയാൾ പറഞ്ഞത് ഇവിടെ ജലസാന്നിധ്യം കാണുന്നില്ലെന്നാണ്. കുഴൽ കിണർ കുഴിച്ചാൽ 400 അടി താഴ്ത്തേണ്ടിവന്നേക്കാം. അപ്പോഴും ആവശ്യത്തിന് വെള്ളം കിട്ടുമെന്ന് ഉറപ്പില്ല. ഒടുവിൽ തീരുമാനമെടുത്തു ജലനിധി വെള്ളംതന്നെ ശരണമെന്ന്. വെള്ളമില്ലാത്ത കിണറിലേക്ക് മഴക്കാലത്ത് റീചാർജും ചെയ്യുന്നുണ്ട്. അങ്ങനെ ഒരുവിധം ജലപ്രശ്നം പരിഹരിച്ചെങ്കിലും ഓർക്കുക, എപ്പോഴും വാസ്തു സർവ്വപ്രശ്നത്തിനുമുള്ള പരിഹാരം നമുക്ക് തരുന്നില്ല എന്ന്.
സൗകര്യമുള്ള വീട് സന്തോഷം തരും പക്ഷെ നമ്മുടെ സാമ്പത്തികബാധ്യതക്ക് പരിഹാരം തരില്ല. വാസ്തു നോക്കിയുള്ള വീട്ടിലിരുന്നാൽ രോഗമുക്തിയുണ്ടാവണമെന്നുമില്ല. വാസ്തു നോക്കി ചെയ്ത വീടാണെങ്കിലും കിണറിൽ വെള്ളമുണ്ടാവണമെന്നില്ല എന്നതും അനുഭവമാണ്.
ഇക്കാര്യത്തിൽ ഞാനെടുക്കുന്ന തീരുമാനം, വീട് ചെറുതെങ്കിലും എത്ര അസൗകര്യങ്ങളുണ്ടെങ്കിലും ഏത് കാലത്തും വറ്റാത്ത ജലസമൃദ്ധിയുള്ള കിണർ നമുക്കുണ്ടാവണം എന്നാണ്. സാമ്പത്തിക ബാധ്യതയില്ലാതിരിക്കാൻ കൃത്യമായ സാമ്പത്തിക മാനേജ്മെന്റുണ്ടാവുക എന്നാണ്. രോഗം ഒരു പക്ഷെ നമ്മുടെ നിയന്ത്രണങ്ങൾക്കപ്പുറവുമാണ്. വാസ്തു അവിടെയും പരിഹാരമാവില്ല..
***