ADVERTISEMENT

എല്ലാവരും ക്രിസ്മസ് അവധി ദിനങ്ങൾ ആഘോഷിക്കുന്ന തിരക്കിലാണ്. ദിവസങ്ങളോളം സ്കൂളുകളും കോളേജുകളുമൊക്കെ അവധിയായതിനാൽ വീടും പൂട്ടി ട്രിപ്പ് പോകാൻ പ്ലാൻ ചെയ്യുന്നവരാവും അധികവും. വീടുകളിൽ ആൾതാമസം ഇല്ലാത്ത ഈ സമയം തന്നെയാണ് മോഷ്ടാക്കൾക്കും തക്കം. പലപ്പോഴും അവധി ദിവസങ്ങൾ ആഘോഷിച്ചു തിരിച്ചു വന്നതിനുശേഷമായിരിക്കും വീട്ടിൽ മോഷണം നടന്ന വിവരം പോലും ഉടമസ്ഥർ അറിയുന്നത്. ഇങ്ങനെ ആൾതാമസമില്ലാത്ത കണ്ടെത്തുന്നതിനും അവിടെ കയറണോ വേണ്ടയോ എന്ന് തീരുമാനിക്കുന്നതിനും മോഷ്ടാക്കൾ ശ്രദ്ധിക്കുന്ന ചില കാര്യങ്ങളുണ്ട്. ഇക്കാര്യങ്ങൾ എന്തൊക്കെയാണെന്ന് വെളിപ്പെടുത്തുകയാണ് മുൻപ് മോഷണത്തിൽ ഏർപ്പെട്ടിരുന്ന ചില വ്യക്തികൾ. സെക്യൂരിറ്റി റീറ്റെയിൽ സ്ഥാപനമായ സെയ്ഫ് കോ യുകെയുടെ മാനേജിങ് ഡയറക്ടർ ആന്തണി നിയറിയാണ് ഇക്കാര്യങ്ങൾ മുൻ മോഷ്ടാക്കളിൽ നിന്നുതന്നെ   ചോദിച്ചറിഞ്ഞിരിക്കുന്നത്.

ആളില്ലെന്ന് പരസ്യപ്പെടുത്തുന്ന വീട്ടുകാർ

ഏറെക്കാലം കാത്തിരുന്ന അവധി ദിനങ്ങൾ ആഘോഷിക്കുന്നതിന്റെ ത്രില്ലിൽ യാത്ര പോകുന്ന കാര്യം സമൂഹമാധ്യമങ്ങളിലൂടെ കൊട്ടിഘോഷിക്കുന്നവരുണ്ട്. എന്നാൽ ഇത് ഇത് സസൂക്ഷ്മം നിരീക്ഷിക്കുന്ന മോഷ്ടാക്കളുണ്ട്. എത്ര ദിവസത്തേയ്ക്കുള്ള യാത്രയാണെന്നും ആരൊക്കെ യാത്ര പോകുന്നു എന്നുമെല്ലാം തിരിച്ചറിയാൻ  ഫെയ്സ്ബുക് പോസ്റ്റുകൾ സഹായിച്ചിട്ടുണ്ടെന്ന് മോഷ്ടാക്കൾ തന്നെ വ്യക്തമാക്കി. അതുകൊണ്ട് കഴിവതും വീടും പൂട്ടി പോവുകയാണെന്ന കാര്യം പരസ്യപ്പെടുത്താതിരിക്കുന്നതാവും നല്ലതെന്നാണ് ഇവർ നൽകുന്ന നിർദ്ദേശം. യാത്ര പോയതിനെക്കുറിച്ചും അവിടെ കണ്ട കാഴ്ചകളക്കുറിച്ചുമൊക്കെ തിരികെ വീട്ടിലെത്തിയ ശേഷം പോസ്റ്റ് ചെയ്യുന്നതാവും ഉചിതം.

പൂട്ടാൻ മറക്കുന്ന വാതിലുകൾ

വീടുപൂട്ടി പോകുന്നവർ വാതിലുകൾ എല്ലാം അടച്ചിട്ടുണ്ടോ എന്ന് പല ആവർത്തി ശ്രദ്ധിക്കും. എന്ന് ചിലപ്പോഴെങ്കിലും ഇതിൽ പാളിച്ച സംഭവിച്ചേക്കാം.. അങ്ങനെയൊരു അവസരം ഉണ്ടോ എന്ന കാര്യം പരിശോധിക്കാൻ മോഷ്ടാക്കൾ വിട്ടു പോകാറില്ല. വീടിനു പുറത്തേയ്ക്കിറങ്ങാൻ ഒന്നിലധികം വാതിലുകൾ ഉണ്ടെങ്കിൽ ചില അവസരങ്ങളിലെങ്കിലും അവയിൽ ഏതെങ്കിലും ഒന്ന് എളുപ്പത്തിൽ തുറക്കാൻ കഴിയുന്ന വിധത്തിൽ കണ്ടെത്തിയിട്ടുണ്ട് എന്ന് മോഷ്ടാക്കൾ ഒന്നടങ്കം സമ്മതിക്കുന്നു. അതിനാൽ പൂട്ടി എന്ന് ഉറപ്പാണെങ്കിലും ഇറങ്ങുന്നതിന് തൊട്ടുമുൻപായി വാതിലുകളും ജനാലകളും ഒന്നുകൂടി പരിശോധിക്കുന്നത് നന്നായിരിക്കും.

പുറത്ത് സൂക്ഷിക്കുന്ന വസ്തുക്കൾ

മോഷ്ടിക്കാൻ ഉറച്ച് ഒരു വീട്ടിലെത്തിയാലും പലപ്പോഴും അകത്തേക്ക് കയറാൻ വേണ്ടത്ര സംവിധാനങ്ങൾ ഇല്ലാത്തതു മൂലം മോഷണശ്രമം പരാജയപ്പെടാറുണ്ട്. ചില വീട്ടുകാരാകട്ടെ മോഷ്ടാക്കൾക്ക് എളുപ്പത്തിൽ അകത്തുകയറാൻ സഹായിക്കുന്ന വിധത്തിലുള്ള സാധനങ്ങൾ പുറത്തു തന്നെ ഉപേക്ഷിക്കും. മതിലുകൾക്ക് മുകളിൽ കയറാൻ സഹായിക്കുന്ന വിധത്തിലുള്ള ബിന്നുകളോ പെട്ടികളോ ഗോവണിയോ മുറ്റത്ത് വച്ചശേഷം വീട് പൂട്ടി പോകരുത്. മൂർച്ചയേറിയ ആയുധങ്ങൾ വെളിയിൽ മറന്നു വയ്ക്കുന്നതും മോഷ്ടാക്കൾക്ക് കാര്യം എളുപ്പമാക്കി കൊടുക്കും.

സെക്യൂരിറ്റി ക്യാമറ

മോഷണങ്ങളുടെ എണ്ണം ഗണ്യമായി കുറയുന്നതിന് കാരണം സെക്യൂരിറ്റി ക്യാമറകൾ തന്നെയാണെന്ന് മോഷ്ടാക്കളും സമ്മതിക്കുന്നു. ഒരു വീട്ടിലേയ്ക്ക് കയറാൻ ആലോചിക്കുമ്പോൾ തന്നെ അവിടെ സെക്യൂരിറ്റി ക്യാമറ സ്ഥാപിച്ചിട്ടില്ല എന്ന് ഉറപ്പുവരുത്താറുണ്ട്. അതിനാൽ സെക്യൂരിറ്റി ക്യാമറകൾ സ്ഥാപിക്കുന്നത് അധിക ചെലവായി കരുതാതെ സുരക്ഷ ഒരുക്കണമെന്നാണ് ഇവർ നൽകുന്ന നിർദ്ദേശം. വീട്ടിൽ നിന്ന് അകലെയാണെങ്കിലും ഇപ്പോൾ ഏത് സമയവും മൊബൈലിലൂടെ സെക്യൂരിറ്റി ക്യാമറയിലെ ദൃശ്യങ്ങൾ  കാണാൻ സാധിക്കുമെന്നതിനാൽ കള്ളന്മാർ പരിസരത്ത് എത്തുമ്പോൾ തന്നെ ഉടമസ്ഥർക്ക് അറിയാനാകുമെന്ന സൗകര്യവുമുണ്ട്. 

വേസ്റ്റ് ബിന്നുകളും ലെറ്റർ ബോക്സും

വേസ്റ്റ് ബിന്നുകൾ ഒരേനിലയിൽ ഏറെ ദിവസങ്ങൾ തുടരുന്നതും ഒരിക്കൽപോലും പുറത്തു കാണാത്തതും മോഷ്ടാക്കൾക്ക് നല്ല  സൂചനകളാണ്. വീട്ടുകാർ സ്ഥലത്തില്ല എന്ന് എളുപ്പത്തിൽ അവർക്ക് തിരിച്ചറിയാനാവും. ദിവസങ്ങളായി എഴുത്തുകളും ന്യൂസ് പേപ്പറുകളും ബോക്സിൽ മാറ്റമില്ലാതെ തുടരുന്നതും ഇതേ ഫലമാണ് നൽകുക. അതിനാൽ വീടു പൂട്ടി പോകുന്ന സമയത്ത് ബിന്നുകൾ അകത്തേക്കും പുറത്തേക്കും  മാറ്റിവയ്ക്കാൻ അയൽക്കാരുടെ സഹായം തേടാം. അതേപോലെ എഴുത്തുകളും ന്യൂസ്പേപ്പറും അതാത് ദിവസം മാറ്റാനും ആരെയെങ്കിലും ചുമതലപ്പെടുത്തുക.  രാത്രികാലങ്ങളിൽ വീടിനുള്ളിലെ ലൈറ്റ് തനിയെ തെളിയുന്ന സംവിധാനങ്ങളും മോഷ്ടാക്കളെ ആശയക്കുഴപ്പത്തിലാക്കാറുണ്ട്.

English Summary:

House Security during Xmas Vacations- Tips

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com