ADVERTISEMENT

റോസാപ്പൂക്കളില്ലാതെ എന്ത് പൂന്തോട്ടം!.. നിറയെ പൂവിടുന്ന ഒരു റോസച്ചെടിയെങ്കിലും മുറ്റത്തുണ്ടെങ്കിൽ  ഭംഗിയിലും സുഗന്ധത്തിലും അതിനോട് കിടപിടിക്കാൻ മറ്റൊരു ചെടിക്കുമാവില്ല. എന്നാൽ പലപ്പോഴും റോസച്ചെടികൾ വളർത്തുന്നത് എങ്ങനെയെന്ന് കൃത്യമായ അറിവില്ലാത്തതുമൂലം അവ വേരുപിടിക്കാതെ പോവുകയും പൂക്കൾ കുറയുകയുമൊക്കെ ചെയ്യാറുണ്ട്.

പല വലുപ്പത്തിലും നിറങ്ങളിലുമുള്ള റോസച്ചെടികൾ കടകളിൽ കണ്ട് ആഗ്രഹിച്ചു വാങ്ങിക്കൊണ്ടു വന്നാലും അവ നിറയെ പൂവിടാനും ആരോഗ്യത്തോടെ വളരാനും എന്തുചെയ്യണമെന്ന്  അറിയാത്തവരാണ് അധികവും. ചില കാര്യങ്ങൾ  ശ്രദ്ധിച്ചാൽ റോസച്ചെടി നിറഞ്ഞു പൂക്കുകയും പെട്ടെന്ന് കേടാകാതിരിക്കുകയും ചെയ്യും.

നാടൻ പൂക്കൾ തിരഞ്ഞെടുക്കാം

വ്യത്യസ്ത ഇനങ്ങളിൽപ്പെട്ട റോസ ചെടികൾ വിപണിയിൽ ലഭ്യമാണ്.  എന്നാൽ എല്ലാ ഇനങ്ങളും എല്ലാ നാടിനും യോജിച്ചവയാവണമെന്നില്ല. അതിനാൽ നാടൻ ഇനങ്ങൾ തന്നെ തിരഞ്ഞെടുക്കുന്നതാണ് ഉചിതം. അല്ലാത്തവയ്ക്ക് വേണ്ട പ്രത്യേക പരിചരണം നൽകാനും ശ്രദ്ധിക്കുക. ചെടികൾ തിരഞ്ഞെടുക്കുമ്പോൾ രോഗങ്ങൾ അത്ര എളുപ്പത്തിൽ പിടിപെടാത്ത ഇനങ്ങൾ തിരിച്ചറിഞ്ഞു വാങ്ങണം. അല്ലെങ്കിൽ അവയുടെ സാന്നിധ്യം മറ്റു ചെടികൾക്കും ദോഷകരമായി ഭവിക്കും.

വെയിൽ ഏൽക്കണം

റോസ ചെടികളുടെ ആരോഗ്യത്തിന് നിറയെ സൂര്യപ്രകാശം ലഭിക്കുന്നത് അത്യാവശ്യമാണ്. മുറ്റത്തിന്റെ വടക്കുഭാഗത്തോ പടിഞ്ഞാറുഭാഗത്തോ റോസ ചെടികൾ നട്ടാൽ കൂടുതൽ സൂര്യപ്രകാശം ലഭിക്കും. ആറുമണിക്കൂറോ അതിലധികമോ സൂര്യപ്രകാശം ഏൽക്കുന്നതാണ് പൂക്കൾ നിറയെ ഉണ്ടാവാൻ ഏറ്റവും ഗുണകരം.

മണ്ണിന്റെ കാര്യത്തിൽ പ്രത്യേക ശ്രദ്ധ

നീർവാർച്ചയുള്ള മണ്ണാണ് റോസ ചെടികൾക്ക് അനുയോജ്യം. വളക്കൂറുള്ള മണ്ണാണെങ്കിൽ അത് കൂടുതൽ ഗുണമാവും. നഴ്സറികളിൽ നിന്നും ചട്ടിയോടെ റോസ് ചെടി വാങ്ങുകയാണെങ്കിൽ അത് നീക്കം ചെയ്യാതെ നടുന്നതാണ് ഉചിതം. ചട്ടിയിൽ മണ്ണ് നിറയ്ക്കുമ്പോൾ അടിയിൽ ഗ്രാവൽ ഇടാൻ ശ്രദ്ധിക്കുക.

വെള്ളമൊഴിക്കുന്ന സമയത്ത് ചെടിയുടെ വേരിന്റെ ഭാഗത്തേക്ക് മാത്രം വെള്ളം നൽകിയാൽ മതിയാവും.  ഭൂമിക്ക് മുകളിലേക്ക് കാണുന്ന ഭാഗത്ത് വെള്ളം നൽകേണ്ട ആവശ്യമില്ല.  ജലസേചനം അമിതമാകാതിരിക്കാനും ശ്രദ്ധിക്കണം. വെള്ളം കൂടുതലായി കെട്ടി നിന്നാൽ വേരുകൾ വേഗത്തിൽ അഴുകും. കൃത്യമായ അളവിൽ സൂര്യപ്രകാശവും വെള്ളവും ലഭിക്കുന്നത് ചെട്ടിക്ക് കേട്ടുണ്ടാവാതിരിക്കാൻ ഗുണം ചെയ്യും.

മാറ്റി നടാം

വ്യത്യസ്ത തരത്തിലുള്ള പൂക്കൾ ഒരുമിച്ച് നട്ട് പൂന്തോട്ടം ഉണ്ടാക്കുന്നത് നമ്മുടെ നാട്ടിൽ പതിവ് കാഴ്ചയാണ്. എന്നാൽ റോസ ചെടികൾ മറ്റു ചെടികളുമായി അത്ര വേഗത്തിൽ ചേർന്നു പോകുന്നവയല്ല. അതിനാൽ റോസ ചെടികൾക്ക് മാത്രമായി പ്രത്യേക ഭാഗം ഒരുക്കുന്നതാണ് അവ ആരോഗ്യത്തോടെ വളരുന്നതിന് ഏറ്റവും നല്ലത്.

പ്രൂണിങ്  നടത്താം

ഒരുപാട് ഉയരത്തിൽ വളർന്നു പോകാതെ വെട്ടിയൊതുക്കി നിർത്തിയാൽ റോസ ചെടികളിൽ കൂടുതൽ പൂക്കൾ ഉണ്ടാവും. ജൂൺ മാസത്തിന്റെ അവസാന സമയത്തും  ഡിസംബറിന്റെ ആദ്യകാലവുമാണ് പ്രൂൺ ചെയ്യാൻ ഏറ്റവും അനുയോജ്യം. ബലം കുറഞ്ഞതും കരിഞ്ഞു തുടങ്ങിയതുമായ തണ്ടുകൾ നീക്കം ചെയ്യണം. അല്പം പ്രായമുള്ള റോസ ചെടിയാണെങ്കിൽ ഓരോ തണ്ടിന്റെയും പകുതി ഭാഗത്തോളം മുറിച്ചുമാറ്റുന്നതാണ് നല്ലത്.

വളപ്രയോഗം

രാസവളങ്ങളെക്കാൾ ജൈവവളങ്ങളാണ് റോസ ചെടികൾക്ക് ഇഷ്ടം. ജൈവ കമ്പോസ്റ്റും ചാണകവുമൊക്കെ ഗുണം ചെയ്യും. എന്നാൽ എപ്പോഴും വളം നൽകണമെന്നില്ല. വർഷത്തിൽ രണ്ടുതവണ പ്രൂണിങ്  നടത്തിയ ശേഷം വളമിട്ടാൽ മതിയാകും.

കീടങ്ങളെ തുരത്താം 

ചെടി നട്ടു കഴിഞ്ഞാൽ ഇടയ്ക്കിടെ വെള്ളം ഒഴിച്ചു കൊടുക്കുന്നതിനപ്പുറം കാര്യമായ പരിചരണം നൽകാത്തവരുണ്ട്. എന്നാൽ റോസ ചെടികൾക്ക് ഇത് നന്നല്ല. ചെടികളുടെ ഇലകൾ അസാധാരണമാംവിധം കരിയുകയോ അഴുകുകയോ ചെയ്യുന്നുണ്ടോ എന്നും കീടങ്ങൾ ചെടിയിൽ കയറി കൂടിയിട്ടുണ്ടോ എന്നും അടിക്കടി പരിശോധിക്കണം. ചെടി നട്ടിരിക്കുന്ന സ്ഥലത്ത് കളകൾ വളരാതെ വൃത്തിയായി സൂക്ഷിച്ചാൽ രോഗങ്ങളും കീടങ്ങളും പടരുന്നത് ഒരു പരിധിവരെ തടയാനാകും.

English Summary:

How to Grow Rose in Garden- Tips

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com