ADVERTISEMENT

കുറച്ചു ദിവസം മുൻപ് നാട്ടിൽ ഉള്ളപ്പോഴാണ് ഗോവിന്ദ് എന്നെ വിളിക്കുന്നത്.

" ചേട്ടാ, ഒരു പ്രശ്നമുണ്ട്. നമുക്ക് ഒരു സ്ഥലം വരെ ഒന്ന് പോകണം."

ഗോവിന്ദ് എന്റെ സുഹൃത്താണ്, ആളൊരു ഐടി എൻജിനീയറാണ്, ആസ്ഥാനം ബെംഗളൂരുവാണെങ്കിലും കോവിഡിന് ശേഷം 'വർക് ഫ്രം ഹോം' എടുത്തോളാൻ കമ്പനി പറഞ്ഞു. അപ്രകാരം പുള്ളി വീട്ടിലിരുന്നു ജോലി ചെയ്യുന്നു.

എന്നാൽ ഈ ബന്ധം മാത്രമല്ല എനിക്ക് ഗോവിന്ദുമായി ഉള്ളത്. കുറച്ചുകാലം മുൻപ് ഞാൻ അയാൾക്കായി ഒരുവീട് രൂപകൽപന ചെയ്തു നൽകിയിരുന്നു. അതുമായി ബന്ധപ്പെട്ട ഏതോ ഗുലുമാൽ പരിഹരിക്കാനാവണം മിക്കവാറും ഈ യാത്ര.

ഞാൻ റെഡിയായി. യാത്ര കോൺട്രാക്ടറുടെ ഓഫീസിലേക്കാണ്. കോൺട്രാക്ടറുടെ ഓഫിസ് എന്നുപറയുമ്പോൾ നല്ല മുട്ടൻ ഓഫിസാണ്. ജോലിക്കാരായി അവിടെ എട്ടുപത്തുപേരുണ്ട്. പലരും കംപ്യൂട്ടറിൽ ജോലി ചെയ്യുന്നു, ചിലർ ഫോണിൽ സൈറ്റുകളിലേക്ക് നിർദ്ദേശം നൽകുന്നു, ആകെ ബഹളം.

അൽപസമയം കഴിഞ്ഞപ്പോൾ ഗോവിന്ദിന്റെ ഫയലും എടുത്തു സുന്ദരിയായ ഒരു എൻജിനീയർ  ഞങ്ങളുടെ അടുത്തെത്തി.

" നിങ്ങളാണോ ഈ പ്ലാൻ ചെയ്തത് ..?" ഒരു മയവും ഇല്ലാതെയാണ് ചോദ്യം.

" അതെ" ഞാൻ ഭവ്യതയോടെ മൊഴിഞ്ഞു.

" ഈ പ്ലാനിലെ പ്ലിന്ത് ഏരിയ തെറ്റാണ്, ഇതിലെ കണക്കുപ്രകാരം ഏതാണ്ടൊരു നാൽപതു നാല്പത്തഞ്ചു ചതുരശ്ര അടി വിസ്തീർണ്ണത്തിന്റെ കുറവുണ്ട്"

ഇനി, നമുക്ക് കഥ ഇടയ്ക്കു നിർത്താം. എന്താണ് ഈ 'പ്ലിന്ത് ഏരിയ' എന്നതിനെക്കുറിച്ചും ഞാൻ സാമാന്യമായി പറയാം.

ഒരു കെട്ടിടത്തിന്റെ വലുപ്പത്തെ സൂചിപ്പിക്കുന്ന അതിന്റെ പ്രതല വിസ്തീർണ്ണങ്ങളിൽ ഒന്നാണ് ഈ പ്ലിന്ത് ഏരിയ. ഫ്ലോർ ഏരിയ, കാർപ്പറ്റ് ഏരിയ, പാസേജ് ഏരിയ തുടങ്ങി അനേകം ഏരിയകളിൽ ഒന്ന്.

ഈ പ്ലിന്ത് ഏരിയ വച്ചാണ് നമ്മുടെ നാട്ടിൽ മിക്ക ആളുകളും വീടിന്റെ വലുപ്പം സൂചിപ്പിക്കാറ്, അതുപോലെ ഒരു മൊത്തക്കണക്കിൽ വീടിനു വേണ്ടുന്ന ചെലവ് കണക്കാക്കാൻ  ആളുകളും, എൻജിനീയർമാരും ഉപയോഗിക്കുന്നതും ഇതേ ഏരിയയെ ആധാരമാക്കിയാണ്. അതായത് പ്ലിന്ത് ഏരിയ കണക്കാക്കുന്നതിൽ തെറ്റ് സംഭവിച്ചാൽ ബജറ്റ് തെറ്റും.

ഇനി നമുക്ക് കഥയിലേക്ക്‌ തിരിച്ചു വരാം.

അത്രയും മർമ്മപ്രധാനമായ ഒരു കാൽക്കുലേഷനിൽ ഞാൻ തെറ്റുവരുത്തി എന്നാണു പെൺകുട്ടി പറയുന്നത്. ഈ സംഗതിയുടെ പ്രാധാന്യം നന്നായി അറിയാവുന്നതുകൊണ്ടുതന്നെ രണ്ടുമൂന്നുതവണ ഈ കാൽക്കുലേഷൻ പരിശോധിക്കുന്നത് എന്റെ പതിവാണ്.

എങ്കിലും, 'തെറ്റുപറ്റാത്തവരായി ആരുമില്ല' എന്നാണു പണ്ട് ഏതോ ഒരു സിനിമയിൽ ആരോ പറഞ്ഞിട്ടുള്ളത്. അതുകൊണ്ടുതന്നെ പെൺകുട്ടിയോട് അവരുടെ കാൽക്കുലേഷൻ രീതിയെപ്പറ്റി ഞാൻ ചോദിച്ചു.

അതോടെ പൂച്ച പുറത്തു ചാടി.

ഒരു കെട്ടിടത്തിന്റെ 'പ്ലിന്ത് ഏരിയ' എന്ന് പറയുന്നത് അതിന്റെ പ്ലിന്ത്  പ്രൊജക്‌ഷനിൽ ഉള്ള ഏരിയ അല്ല.  ഭിത്തിയുടെ പുറത്തോട്ടു പുറം ടേപ്പ് പിടിച്ചു അളക്കുമ്പോൾ കിട്ടുന്ന ഏരിയയാണ്.

ഇത് രണ്ടും തമ്മിൽ എന്താണ് വ്യത്യാസം, പ്ലിന്ത് ലെവലിൽ ഏരിയ അല്ലേ 'പ്ലിന്ത് ഏരിയ' എന്ന് നിങ്ങളിൽ പലർക്കും സംശയം തോന്നാം.

അല്ല.

പ്ലിന്തും, പ്ലിന്ത് ഏരിയയും തമ്മിൽ കടലും, കടലാടിയും തമ്മിലുള്ള ബന്ധം പോലും ഇല്ല.

പ്ലിന്ത് ഏരിയയ്ക്ക് വിദേശങ്ങളിൽ പറയുന്ന പേര് 'ബിൽറ്റ് അപ്പ് ഏരിയ' എന്നാണ്, ഇപ്പോൾ നമ്മുടെ നാട്ടിലും ചിലരെങ്കിലും അങ്ങനെ ഉപയോഗിക്കുന്നുണ്ട്.

ഇനി ഞാൻ പറയുന്ന കാര്യങ്ങൾ ശ്രദ്ധയോടെ കേട്ടാൽ ഒരുപക്ഷേ ഏതാനും ലക്ഷങ്ങൾ നിങ്ങളുടെ പോക്കറ്റിൽ ഇരിക്കും.

പ്ലിന്ത് ഏരിയ അളക്കാനായി ഒരാൾ ടേപ്പ് പിടിക്കുന്നത് - അഥവാ പ്ലാനിൽ ആശ്രയിക്കുന്നത് - പ്ലിന്ത് പ്രൊജക്‌ഷന്റെ അഗ്രഭാഗത്തെയാണ് എന്നിരിക്കട്ടെ.

ഇതിനു ഭിത്തിയുടെ അഗ്രഭാഗവും ആയി ഉള്ള യഥാർഥ അളവിനേക്കാൾ പന്ത്രണ്ടു മുതൽ ഇരുപതു സെന്റീമീറ്റർ വരെ അധികം നീളം കാണും.

ഈ പന്ത്രണ്ടും ഇരുപതും സെന്റീമീറ്റർ ഒക്കെ ഒരു അധികം അളവാണോ ചേട്ടാ എന്നൊരു ചോദ്യം വന്നേക്കാം.

ആണ്.

ഏരിയ കണക്കാക്കുമ്പോൾ ഇത് വലിയ ഒരാളവായി മാറും. നമുക്ക് നോക്കാം.

നമ്മുടെ ഗോവിന്ദിന്റെ അഞ്ചു സെന്റിലെ  ചെറിയ പ്ലാനിൽ പോലും ഈ ഒറ്റവിഷയം ഉണ്ടാക്കിയത് ഏതാണ്ട് നാൽപതു - നാല്പത്തഞ്ചു ചതുരശ്ര അടിയുടെ വ്യത്യാസമാണ്. എന്നുവച്ചാൽ ഏതാണ്ട് ഒരുലക്ഷം രൂപയുടെ വ്യത്യാസം!..

അതുകൊണ്ടുതന്നെ നമ്മുടെ സുന്ദരിയായ എൻജിനീയർ വിടാൻ ഒരുക്കമല്ലായിരുന്നു.

" നിങ്ങൾ കാര്യം മനസ്സിലാക്കാതെയാണ് സംസാരിക്കുന്നത്, ഈ നാട്ടിൽ എത്രയോ വർഷമായി നിലനിൽക്കുന്ന ഒരാചാരമാണ് ഇത്"

കാര്യങ്ങൾ അത്രയുമായതോടെ ആളുകൂടി. മറ്റുള്ള എൻജിനീയർമാർ പെൺകുട്ടിയുടെ സഹായത്തിനെത്തി.

അതോടെ ഞാനും സോഫയിൽ നിന്നെഴുന്നേറ്റു.

" മോളൂ, ധാരാവീ, ധാരാവീ എന്ന് കേട്ടിട്ടുണ്ടോ " എന്ന് ഞാൻ ചോദിച്ചില്ല. പകരം ഗൂഗിൾ അമ്മാവനെ വിളിച്ചു വരുത്തി. 

ഗൂഗിൾ അമ്മാവൻ ഉള്ള കാര്യം പറഞ്ഞു. പ്ലിന്ത് ഏരിയ എന്ന് പറയുമ്പോൾ അതിൽ പ്ലിന്ത് പ്രൊജക്‌ഷൻ ഉൾപ്പെടില്ല എന്ന് വ്യക്തമായി പറയുന്നുണ്ട്.

അതോടെ വാദം അവസാനിച്ചു, കുട്ടിക്ക് പിന്തുണയുമായി എത്തിയ മറ്റുള്ളവർ സ്ഥലം കാലിയാക്കി.

" ഗോവിന്ദൻകുട്ടീ, കുട്ടി മിണ്ടുന്നില്ല" എന്ന് ഞാൻ ഗോവിന്ദിനോടും പറഞ്ഞില്ല. എന്നെ അദ്ഭുതപ്പെടുത്തിയത്  അതല്ല.

അവിടെ ഉണ്ടായിരുന്ന യുവ എൻജിനീയർമാരിൽ ഒരാൾക്കുപോലും കെട്ടിടനിർമാണത്തിന്റെ അടിസ്ഥാന അളവുകളിൽ ഒന്നായ പ്ലിന്ത് ഏരിയയുടെ നിർവചനം അറിയുമായിരുന്നില്ല.

കേരളത്തിലെ നിർമാണ മേഖലയിൽ അറിഞ്ഞോ അറിയാതെയോ സംഭവിക്കുന്ന വലിയൊരു പിഴവാണ് മേൽ സൂചിപ്പിച്ചത്.

സാമാന്യവൽക്കരിച്ചു പറയുന്നില്ലെങ്കിലും പുതുതലമുറയിലെ പല  എൻജിനീയർമാരും ഇപ്പോഴും കരുതുന്നത് ഗ്രൗണ്ട് ഫ്ലോറിലെ പ്ലിന്ത് ഏരിയ എന്നാൽ അതിൽ പ്ലിന്ത് പ്രൊജക്‌ഷനും ഉൾപ്പെടുന്നു എന്നാണ്. പേരിലെ സാമ്യം ആയിരിക്കാം അതിനുള്ള കാരണം.

എന്നാൽ ഈ ഒരു നിസ്സാര അജ്ഞത മൂലം ക്ലയന്റിന് നഷ്ടപ്പെടുന്നത് കഷ്ടപ്പെട്ട് സ്വരുക്കൂട്ടിയ ലക്ഷക്കണക്കിന് രൂപയാകാം. ശ്രദ്ധയിൽ പെട്ട അജ്ഞതകൾ വേറെയുമുണ്ട്, വഴിയേ പറയാം...

എന്തായാലും ഇക്കാര്യം മനസ്സിലാക്കിത്തന്നതിന് നന്ദി പറയാൻ ആ പെൺകുട്ടി മറന്നില്ല. 

അങ്ങനെ കുടയും വടിയുമായി  പുറത്തിറങ്ങി, താഴെയുള്ള വെജിറ്റേറിയൻ ഹോട്ടലിൽ നിന്ന് ഒരൂണും കഴിച്ചു പിരിഞ്ഞു.

ഇപ്പോൾ ഗോവിന്ദൻകുട്ടിയുടെ കോൺട്രാക്ട് എഗ്രിമെന്റ് എന്റെ കംപ്യൂട്ടറിൽ കിടപ്പുണ്ട്. അവിടെയുമുണ്ട് അനേകം വിഷയങ്ങൾ ..

നമുക്ക് ചർച്ച ചെയ്യാം.

രണ്ടാമത്തെ പെഗ്ഗിൽ ഐസ് ക്യൂബ് വീഴുമ്പോഴേക്കും ഞാൻ എത്താം ..

***

കഴിഞ്ഞ 25 കൊല്ലമായി ഇന്ത്യയിലും യു.എ.ഇ യിലുമായി  സിവിൽ എൻജിനീയറിങ് രംഗത്തു ജോലി ചെയ്യുന്ന ലേഖകൻ വാസ്തുവിദ്യയും പഠനവിധേയമാക്കിയിട്ടുണ്ട്.‌

email- naalukettu123@gmail.com

English Summary:

Misconception about Plinth Area and Surplus Budget- Experience

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com