വീടുപണിയിലെ അശ്രദ്ധ; വലിയ വില കൊടുക്കേണ്ടി വരും
Mail This Article
ഇക്കഴിഞ്ഞ ദിവസം ഒരു വീടിന്റെ നിർമാണ സംബന്ധമായ കരാർ വായിച്ചപ്പോഴാണ് വർഷങ്ങൾക്ക് മുൻപ് നടന്ന ഒരു സംഭവം മനസ്സിലേക്ക് കയറിവന്നത്.
ഒരു മഴക്കാലമാണ്, ഞാനന്ന് അവധിക്കു നാട്ടിലുണ്ട്. വീട്ടിലിരുന്നു മുഷിഞ്ഞപ്പോഴാണ് വണ്ടിയുമെടുത്ത് പുറത്തിറങ്ങിയത്, ചെന്നെത്തിയത് നാരായണൻ മാഷുടെ വീട്ടിൽ. മാഷ് എന്റെ ഹിന്ദി അധ്യാപകനാണ്, അദ്ദേഹത്തിന്റെ മകൻ വിദേശത്തുള്ള സുധീർ എന്റെ സഹപാഠിയുമാണ്.
"താൻ വന്നത് നന്നായി, സുധീറിന്റെ വീടുപണി നടക്കുകയാണ്"
മാഷ് കാര്യങ്ങൾ വിശദീകരിച്ചു.
മാഷ് താമസിക്കുന്ന തറവാട് വീടിനോടു ചേർന്നുതന്നെ പണിയുന്ന പുതിയ വീടിന്റെ സീലിങ്ങിന്റെ പ്ലാസ്റ്ററിങ് നടക്കുകയാണ്, ബംഗാളിൽ നിന്നുള്ള പ്രഭു എന്നൊരു ചങ്ങാതിയാണ് പ്ലാസ്റ്ററിങ് പണി കരാർ എടുത്തിരിക്കുന്നത്, പ്രഭുവിനൊപ്പം ബംഗാളിൽ നിന്നുതന്നെയുള്ള കുറെ സഹായികളുമുണ്ട്.
എന്തായാലും ചായകഴിച്ച ശേഷം സൈറ്റിൽ ഒന്ന് കയറാം എന്ന തീരുമാനമായി.
അങ്ങനെ ചായയും കഴിച്ചു നാട്ടുവർത്തമാനവും പറഞ്ഞുകൊണ്ടിരിക്കുമ്പോഴാണ് വീട്ടിനു പുറകിലുള്ള സൈറ്റിൽനിന്നു ജോലിക്കാരുടെ കൂട്ടനിലവിളി കേൾക്കുന്നത്.
ഓടിച്ചെല്ലുമ്പോൾ നമ്മുടെ പ്രഭുവും പണിക്കാരും പേടിച്ചു വിറച്ചു ഹാളിൽ നിൽപുണ്ട്.
" ഹേ, പ്രഭു, ക്യാ ഹുവാ ..?" മാഷ് ഹിന്ദിയിൽ ചോദിച്ചു.
പ്രഭു ഒന്നും മിണ്ടാതെ അകത്തേക്ക് ചൂണ്ടിക്കാണിക്കുന്നുണ്ട്.
അത് പോട്ടെ, ഇനിയുള്ള കാര്യങ്ങൾ ഗൗരവമാണ്. മാഷുടെ ചോദ്യത്തിന് മറുപടിയായി പ്രഭു പറഞ്ഞ കാര്യങ്ങൾ ഇപ്രകാരമാണ്.
ഡൈനിങ്ങ് ഹാളിലെ സീലിങ് പ്ലാസ്റ്ററിങ് കഴിഞ്ഞശേഷം അടുക്കളയിലെ സീലിങ് പ്ലാസ്റ്റർ ചെയ്യുമ്പോഴാണ് ഏതാനും മണിക്കൂർ മുൻപ് പൂർത്തിയാക്കിയ ഡൈനിങ് ഹാളിലെ സീലിങ് പ്ലാസ്റ്ററിങ് അപ്പാടെ പൊളിഞ്ഞു താഴെ വീഴുന്നത്. അത് കണ്ടാണ് അവർ ശബ്ദം ഉണ്ടാക്കിയത്.
ഒരു കെട്ടിടത്തിന്റെ ഏതാനും ഭാഗത്തെ പ്ലാസ്റ്ററിങ് അടർന്നു വീഴുക എന്നാൽ അതൊരു നിസ്സാര സംഭവമാണ്. എന്നാൽ അത് കെട്ടിടത്തിന് സംഭവിച്ച മൊത്തത്തിലുള്ള ഒരു ചലനം മൂലമാണെങ്കിൽ അതൊരു സൂചനയാണ്. അപകടകരമായ ഒരു സൂചന. അതും മഴക്കാലത്ത്.
ഒരു കെട്ടിടവും ഒറ്റയടിക്ക് തകർന്നു വീഴുകയല്ല ചെയ്യുന്നത്. അതിന്റെ ഏറ്റവും ദുർബലമായ, സമ്മർദ്ദത്തിൽ ആഴ്ന്നു നിൽക്കുന്ന ഭാഗം ആദ്യം തകരും, അത് സൃഷ്ടിക്കുന്ന ബാലൻസ് നഷ്ടത്തിൽ ബാക്കിയുള്ള ഭാഗവും തകരും. ഇതാണ് അതിന്റെ ഒരു വഴി. നല്ലൊരു ശതമാനം കേസുകളിലും പ്ലാനിങ് പിഴവോ, അശാസ്ത്രീയമായ ലോഡിങ്ങോ ആണ് ഇതിനു കാരണം.
ഇക്കാരണം കൊണ്ടുതന്നെ നിർമാണം നടന്നുകൊണ്ടിരിക്കുന്നതോ, പഴക്കം ചെന്നതോയായ കെട്ടിടങ്ങളിൽ ഇത്തരം അസ്വാഭാവിക ചലനങ്ങൾ, ചെറു തകർച്ചകൾ ഒക്കെ ശ്രദ്ധയിൽ പെട്ടാൽ ഉടൻ സുരക്ഷിതമായ ദൂരത്തേക്ക് മാറിനിൽക്കുന്നതാണ് ബുദ്ധി.
അതിനാൽ ഞാൻ മാഷോടും ജോലിക്കാരോടും വീട്ടിനകത്തുനിന്നും പുറത്തിറങ്ങി നിൽക്കാൻ ആവശ്യപ്പെട്ടു, ഏതാണ്ടൊരു പത്തുമുപ്പതു മിനിട്ടു കഴിഞ്ഞപ്പോൾ അകത്തു ചെന്ന് പ്ലാസ്റ്ററിങ് അടർന്നു വീണ ഭാഗം പരിശോധിച്ചു.
പ്രശ്നം കെട്ടിടത്തിന്റേതല്ല, പ്ലാസ്റ്ററിങ്ങിന്റെതാണ്.
എന്തുകൊണ്ടാണ് ഈ പ്ലാസ്റ്ററിങ് അടർന്നു വീണത് ..?
അത് അറിയും മുൻപ് പ്ലാസ്റ്ററിങ് എന്താണ് എന്നറിയണം.
ഒരു കെട്ടിടത്തിന്റെ ഭാഗങ്ങളെ പൊതുവെ രണ്ടായി തരം തിരിക്കാം.
ഫൗണ്ടേഷൻ, ഭിത്തികൾ, തൂണുകൾ, ബീമുകൾ, സ്ളാബുകൾ എന്നിവയൊക്കെ അടങ്ങിയ സ്ട്രക്ചറൽ ഭാഗങ്ങൾ. പ്ലാസ്റ്ററിങ്, ഫ്ളോറിങ്, പെയിന്റിങ് എന്നിവയൊക്കെ അടങ്ങിയ ഫിനിഷിങ് ഭാഗങ്ങൾ.
സ്ട്രക്ചറൽ ഭാഗങ്ങൾക്ക് ആവശ്യമായ ബാഹ്യഭംഗി നൽകുകയും, അവയെ അല്ലറ ചില്ലറ പ്രകൃതി ശക്തികളിൽ നിന്നും സംരക്ഷിക്കുകയും ഒക്കെയാണ് ഇവയുടെ ജോലി. അല്ലാതെ കെട്ടിടത്തിന്റെ ഉറപ്പും ഈ ഫിനിഷിങ് വർക്കുകളുമായി യാതൊരു ബന്ധവും ഇല്ല. ഒരു കെട്ടിടത്തിന്റെ ബാഹ്യഭംഗി കണ്ട്, അതിനെ വിലയിരുത്തരുത് എന്ന് പറയുന്നതിന്റെ ഗുട്ടൻസ് ഇതാണ്.
അത് പോട്ടെ, നമുക്ക് പ്ലാസ്റ്ററിങ്ങിലേക്കു വരാം. പലതരം പദാർത്ഥങ്ങൾ കൊണ്ടുള്ള പ്ലാസ്റ്ററിങ് രീതികൾ എൻജിനീയർമാർ പഠനവിധേയമാക്കുന്നുണ്ട് എങ്കിലും പൊതുവെ സിമന്റും മണലും ഉപയോഗിച്ചുള്ള പ്ലാസ്റ്ററിങ് ആണ് നമ്മുടെ നാട്ടിൽ പ്രചാരത്തിൽ ഉള്ളത്.
ഇനിയാണ് ശ്രദ്ധിക്കേണ്ടത്.
നമ്മൾ മുഖ്യമായും രണ്ടു തരം പ്രതലങ്ങളിൽ ആണ് പ്ലാസ്റ്ററിങ് നടത്താറ്.
ഒന്ന് - ഭിത്തികൾ, തൂണുകൾ, ബീമുകൾ തുടങ്ങിയ ഇടങ്ങളിൽ.
രണ്ട് - കോൺക്രീറ്റ് സ്ളാബിന്റെ അടിവശത്തായി, നാം സീലിങ് എന്ന് വിളിക്കുന്ന ഭാഗത്ത്.
ഇവയിൽ ഭിത്തികളും അതുപോലുള്ള ഇടങ്ങളും പ്ലാസ്റ്ററിങ് നടത്തുമ്പോൾ നാം പൊതുവെ 1 : 6 എന്ന അനുപാതത്തിൽ ആണ് ചാന്ത് തെയ്യാറാക്കേണ്ടത്. എന്നുവച്ചാൽ ഒരു ഭാഗം സിമന്റിനു ആറ് ഭാഗം മണൽ എന്ന കണക്കിന്. .
ഈ അനുപാതത്തിൽ കുറവ് വരുത്താൻ, അതായത് ഈ പ്ലാസ്റ്ററിങ്ങിൽ സിമന്റിന്റെ അംശം വർധിപ്പിക്കാൻ കോൺട്രാക്ടർ ശ്രമിച്ചാൽ പോലും ഒരു എൻജിനീയറുടെ അറിവോ സമ്മതമോ കൂടാതെ അക്കാര്യം അനുവദിക്കരുത്, അതിന്റെ പിന്നിൽ കാരണങ്ങൾ ഉണ്ട്, പിന്നെപ്പറയാം.
മാത്രമല്ല, ഈ പ്ലാസ്റ്ററിങ്ങിന്റെ കനം ശരാശരി 12 മില്ലീമീറ്റർ ആയിരിക്കണം. പണി നടക്കുമ്പോൾ സംശയം തോന്നുന്ന ഇടങ്ങളിൽ ഈർക്കിൽ കൊണ്ടോ, സൂചി കൊണ്ടോ കുത്തി ഉറപ്പു വരുത്തണം.
എന്നാൽ നമ്മുടെ പ്രഭുവിന്റെ കേസിൽ പൊളിഞ്ഞു വീണത് ഭിത്തിയിലെ പ്ലാസ്റ്ററിങ് അല്ല, സീലിങ്ങിലെ പ്ലാസ്റ്ററിങാണ്. ഈ സീലിങ് പ്ലാസ്റ്ററിങ്ങിനും ചില നിബന്ധനകൾ ഉണ്ട്, കുറേക്കൂടി കർശനമായ നിബന്ധനകൾ.
ഒന്ന്, ഈ പ്ലാസ്റ്ററിങ്ങിന്റെ കനം തീരെ കുറവാവണം. 6 മില്ലീമീറ്റർ മാത്രമായിരിക്കണം ഇതിന്റെ ശരാശരി കനം. തീർന്നില്ല.1 : 3 എന്ന അനുപാതത്തിൽ ആയിരിക്കണം സാധാരണ ഗതിയിൽ ഇതിന്റെ ചാന്ത് നിർമിക്കേണ്ടത്. ജീവിതകാലം മുഴുവൻ ഗുരുത്വാകർഷണ ബലത്തെ അതിജീവിച്ചു, സ്ളാബിന്റെ അടിവശത്ത് ഒട്ടിപ്പിടിച്ചു നിൽക്കേണ്ട ഒന്നാണ് നമ്മുടെ സീലിങ് പ്ലാസ്റ്ററിങ്.
അതുകൊണ്ടുതന്നെ അതിനു ഭാരം കുറവാവണം. അതിനാലാണ് അതിന്റെ കനം 6 മില്ലീമീറ്റർ ആയി നിജപ്പെടുത്തിയത്. പുറമെ അതിനു സ്‌ളാബുമായി നല്ല ഒട്ടൽ വേണം, എൻജിനീയറിങ് ഭാഷയിൽ ബൈൻഡിങ് എന്ന് വിളിക്കുന്ന ഈ ഒട്ടൽ വർധിപ്പിക്കാനാണ് സിമെന്റിന്റെ അംശം ഇരട്ടിയാക്കുന്നത്.
എന്നാൽ നിലവിൽ നമ്മുടെ നാട്ടിൽ കാണുന്ന നല്ലൊരളവ് നിർമ്മാണങ്ങളിലും ഈ മാനദണ്ഡങ്ങൾ പാലിക്കപ്പെടുന്നില്ല. എല്ലാവരും അങ്ങനെയാണെന്ന് പറയുന്നില്ല, എങ്കിലും ഇതേക്കുറിച്ചു ബോധമില്ലാത്ത വളരെയേറെ ആളുകൾ ഈ രംഗത്തു പ്രവർത്തിക്കുന്നുണ്ട്. പ്രഭുവിന്റെ പ്ലാസ്റ്ററിങ്ങിലും അതിന്റെ കനം കൂടുതലായിരുന്നു, സിമെന്റിന്റെ അംശവും ഒരൽപം കുറവായിരുന്നു.
ഫലം, ചെയ്ത ജോലി വീണ്ടും ചെയ്യേണ്ടിവന്നു. ധനനഷ്ടം, സമയ നഷ്ടം ഒക്കെ ഫലം.
ഇനി നമുക്ക് ആദ്യം പറഞ്ഞ നിർമ്മാണക്കരാറിലേക്കു വരാം. അശ്രദ്ധ മൂലമോ, അജ്ഞത മൂലമോ ആകാം, ആ കരാറിൽ പ്രസ്താവിച്ചിരുന്നത് തന്നെ 1 : 5 എന്ന അനുപാതത്തിലുള്ള സീലിങ് പ്ലാസ്റ്ററിങ്ങിനെക്കുറിച്ചാണ്, കനത്തെക്കുറിച്ചുള്ള ഒരു സൂചനയും അതിലില്ല.
ഇത് ശരിയല്ല.
ഒരു നിർമാണക്കരാർ എന്ന് പറയുന്നത് കെട്ടിടത്തിന്റെ സാങ്കേതികവും, ധനകാര്യ വിനിമയവും, സമയബന്ധിതവുമായ അനേകം കാര്യങ്ങളുടെ ഒരു സമാഹാരമാണ്. വിദേശരാജ്യങ്ങളിൽ ഒക്കെ വലുതും ഇടത്തരവുമായ നിർമാണക്കമ്പനികളിൽ കോൺട്രാക്ട് എൻജിനീയർമാർ എന്നൊരു തസ്തിക പോലും ഉണ്ട്.
കരാർ സംബന്ധമായ ചർച്ചകൾ നയിക്കുന്നതും, തീരുമാനങ്ങൾ രേഖപ്പെടുത്തുന്നതും, നടപ്പാക്കുന്നുണ്ടോ എന്ന് നിരീക്ഷിക്കുന്നതും, കരാർ ലംഘനങ്ങൾ കണ്ടുപിടിക്കുന്നതും, അതിനുത്തരവാദികളായവർക്ക് ഉള്ള പെനാൽറ്റി നിശ്ചയിക്കുന്നതും ഒക്കെ ഇക്കൂട്ടരാണ്. അതായത് കൺസ്ട്രക്ഷൻ കോൺട്രാക്ട് മാനേജുമെന്റ് എന്നത് നമ്മുടെ നാട്ടിൽ ഇപ്പോഴും വലിയ പ്രാധാന്യമില്ലാത്ത, എന്നാൽ പ്രാധാന്യം അർഹിക്കുന്ന ഒന്നാണ് എന്നർഥം.
അത്രക്കൊന്നും ഇല്ലെങ്കിലും നിർമാണക്കരാർ സംബന്ധമായ അടിസ്ഥാന കാര്യങ്ങളിൽ എങ്കിലും നമ്മുടെ എൻജിനീയർമാർക്ക് ഗ്രാഹ്യം ഉണ്ടായിരിക്കണം. ഇതിനു വേണ്ടുന്ന വിദഗ്ധ പരിശീലനം നൽകുന്ന സ്ഥാപനങ്ങൾ ഇന്ത്യയിലും ഉണ്ട്, അത് പ്രയോജനപ്പെടുത്തണം. അതുപോലെ വിദേശത്തേക്ക് തൊഴിൽ തേടിപ്പോകുന്ന സിവിൽ എൻജിനീയർമാർക്കും ഇത്തരം മേഖലകളിൽ ഉള്ള അധിക യോഗ്യത ഒരു മുതൽക്കൂട്ടാകും.
നമ്മുടെ നാട്ടിലെ പല നിർമാണക്കരാറുകളിലും ഒളിഞ്ഞിരിക്കുന്ന പ്രശ്നങ്ങൾ വേറെയുമുണ്ട് ..അവയിലേക്ക് പിന്നീട് വരാം.
കഴിഞ്ഞ 25 കൊല്ലമായി ഇന്ത്യയിലും യു.എ.ഇ യിലുമായി സിവിൽ എൻജിനീയറിങ് രംഗത്തു ജോലി ചെയ്യുന്ന ലേഖകൻ വാസ്തുവിദ്യയും പഠനവിധേയമാക്കിയിട്ടുണ്ട്. email- naalukettu123@gmail.com