മൂട്ടയെയും ഈച്ചയെയും അനായാസം തുരത്താം; ഇവ പരീക്ഷിക്കൂ

Mail This Article
മൂട്ട അഥവാ ബെഡ് ബഗ് നിസ്സാരക്കാരനല്ല. ഒരു മൂട്ട മതി രാത്രിയിലെ ഉറക്കം പോകാന്‍. മൂട്ട ശല്യം മൂലം വീട് വരെ മാറേണ്ടി വന്നവരുടെ കഥകള്‍ നമ്മള്‍ കേട്ടിട്ടുണ്ട്. കിടക്കയാണ് മൂട്ടകളുടെ പ്രിയപ്പെട്ട സ്ഥലം എന്നറിയാമല്ലോ. അപ്പോള്‍ കിടക്ക വൃത്തിയായി സൂക്ഷിക്കുക എന്നതാണ് ആദ്യം ചെയ്യേണ്ട സംഗതി. കട്ടില്‍, മെത്ത, കിടക്ക വിരി, തലയിണകള്‍, പുതപ്പ്, എന്നിങ്ങനെ കിടക്കയുമായി ബന്ധപ്പെട്ടിട്ടുള്ള എല്ലാം വൃത്തിയായി സൂക്ഷിക്കുക
പഴയ ഫര്‍ണിച്ചര്‍ വാങ്ങി ഉപയോഗിക്കുന്നത് വഴി മൂട്ട നിങ്ങളുടെ വീട്ടിലേക്ക് വരാന്‍ സാധ്യതയുണ്ട്. അതിനാല്‍ പഴയ വസ്തുക്കള്‍ വങ്ങുമ്പോള്‍ അവ നന്നായി വൃത്തിയാക്കി വാങ്ങുക.
പഴകിയ മെത്തയാണ് മൂട്ടകളുടെ പ്രിയപ്പെട്ട സ്ഥലം. മെത്ത പഴകുമ്പോള്‍ അവയ്ക്കുള്ളില്‍ വിടവ് ഉണ്ടാകും. ഇതിനുള്ളില്‍ മൂട്ടകള്‍ പെരുകും. വാക്വം ക്ലീനര്‍ ഉപയോഗിച്ചോ ആവി കൊള്ളിച്ചോ മെത്തയില്‍ നിന്ന് മൂട്ടകളെ തുരത്താവുന്നതാണ്. കിടക്കയുടെ അടിയിലും വശങ്ങളിലും മൂലകളിലുമെല്ലാം വാക്ക്വം ക്ലീനര്‍ കൊണ്ട് വൃത്തിയാക്കുക. കിടക്കവിരി അടിക്കടി വൃത്തിയായി കഴുകി ഉണക്കി ഉപയോഗിക്കണം.
ഡയമേഷ്യസ് എര്‍ത്ത് എന്ന പൊടി മൂട്ടയെ കൊല്ലാന്‍ ഉപയോഗിക്കുന്നതാണ്. ഈ പൊടി മൂട്ടയുടെ പുറം ആവരണം നശിപ്പിക്കാന്‍ മാത്രം ശക്തിയേറിയതാണ്. പുറംചട്ട ഇല്ലാതായാല്‍ മൂട്ടകള്‍ക്ക് ജലാംശം നഷ്ടപ്പെടുകയും, അതുമൂലം ശ്വാസം കിട്ടാതെ അവ ചത്തുപോകുകയും ചെയ്യുന്നു.
രാസവസ്തുക്കള്‍ ഉപയോഗിക്കാതെ തന്നെ മൂട്ടയെ കൊല്ലാന്‍ വഴിയുണ്ട്. പുതിന, യൂക്കാലി , കര്‍പ്പൂരം , വയമ്പ് എന്നിവ മൂട്ടയെ തുരത്താന്‍ ഉപയോഗിക്കും. ഇവയുടെ കടുത്ത ഗന്ധം മൂട്ടയ്ക്ക് സഹിക്കാന്‍ സാധിക്കില്ല. ഇത് കട്ടിലിന്റെയും തലയണയുടെയും അടിയില്‍ വിതറിയ ശേഷം ഉറങ്ങിയാല്‍ മൂട്ട ശല്യം ചെയ്യില്ല.
ഈച്ചയെ തുരത്താം
വീട്ടമ്മമാർക്ക് ഏറ്റവും തലവേദനയുണ്ടാക്കുന്ന പ്രാണിയാണ് ഈച്ച. കോളറ, വയറുകടി, ടൈഫോയ്ഡ്, അതിസാരം തുടങ്ങിയവയ്ക്കൊക്കെ ഈച്ച കാരണമാകും. എങ്ങനെയാണ് ഈച്ചയെ വീട്ടില്‍ നിന്നും പറപറത്തുന്നത്? അതിനുള്ള ചില പൊടികൈകള്‍ ഇതാ
ഈച്ചക്കെണി
ഈച്ചയെ ഓടിക്കാന്‍ പറ്റിയ ഒരു മാര്‍ഗ്ഗം ആണിത്. കുപ്പിയില്‍ ശര്‍ക്കരയോ പഞ്ചസാര ലായനിയോ പഴം നല്ലപോല ഉടച്ചിളക്കി കുപ്പിയിലിട്ടു വെള്ളമൊഴിച്ചതോ പൈനാപ്പിളിട്ട് വെള്ളമൊഴിച്ചതോ ഉപയോഗിക്കാം. ഇതെല്ലാം ഈച്ചകളെ ആകർഷിക്കുന്നവയാണ്. അതിനാൽ ഇതൊരു ഈച്ചക്കെണിയായി ഉപയോഗിക്കാവുന്നതാണ്.
കര്‍പ്പൂരം
കര്‍പ്പൂരം കത്തിക്കുന്നത് ഈച്ചയെ ഒഴിവാക്കാന്‍ നല്ലതാണ്. ഇതിന്റെ പുകയടിച്ചാല്‍ ഈച്ച പമ്പകടക്കും. കുന്തിരിക്കവും നല്ലൊരു പരിഹാര മാര്‍ഗമാണ്. കര്‍പ്പൂരം കത്തിക്കുമ്പോളുള്ള ഗന്ധം വേഗത്തില്‍ ഈച്ചകളെ അകറ്റും. കര്‍പ്പൂരം ചേര്‍ത്ത വെള്ളം കൊണ്ട് മേശയും മറ്റും തുടയ്ക്കുന്നതും നല്ലതാണ്.