രണ്ടാൾക്ക് കഷ്ടിച്ച് കയറാം: സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടി നാരോ ഹൗസ്
Mail This Article
ഭംഗിയോ ആഡംബരമോ വലുപ്പമോ വൈചിത്ര്യമോ എന്തുമാകട്ടെ വീടുകളുടെ സവിശേഷതകൾ എപ്പോഴും ആളുകളുടെ ശ്രദ്ധ പിടിച്ചുപറ്റും. ഫ്രാൻസിലെ ചെറുനഗരത്തിൽ നിർമിച്ചിരിക്കുന്ന ഒരു വീടാണ് ഇപ്പോൾ വേറിട്ട രൂപംകൊണ്ട് വിസ്മയിപ്പിക്കുന്നത്. 'നാരോ ഹൗസ്' എന്നാണ് ഈ വീടിന്റെ പേര്. പേരുപോലെ ഇടുങ്ങിയ ആകൃതിയിലാണ് വീടിന്റെ നിർമാണം. എന്നാൽ വീട് എന്നതിനപ്പുറം അദ്‌ഭുതകരമായ ഒരു കലാസൃഷ്ടി എന്ന് ഇതിനെ വിളിക്കുന്നതാവും ശരി.
ലേ ഹാർവെ സിറ്റിയിലാണ് ഈ വീട് സ്ഥിതി ചെയ്യുന്നത്. കലാകാരനായ എർവിനാണ് വീടിന്റെ ശില്പി. നാരോ ഹൗസിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പുറത്തു വന്നതോടെ ഏറെ ശ്രദ്ധ പിടിച്ചുപറ്റിയിട്ടുണ്ട്. വീടിനുള്ളിലെ ഓരോഘടകങ്ങളും ഇടുങ്ങിയ സ്ഥലത്തേക്ക് ഞെരിച്ച് അമർത്തി വച്ചിരിക്കുന്ന പ്രതീതിയാണ് അകത്തേക്ക് കടക്കുമ്പോൾ ലഭിക്കുക. നാലോ അഞ്ചോ അടി മാത്രമാണ് വീടിന്റെ വീതിയെങ്കിലും സാധാരണ ഒരു വീട്ടിൽ കാണുന്ന എല്ലാ സൗകര്യങ്ങളും ഇവിടെ ഉൾപ്പെടുത്തിയിട്ടുണ്ട്.
ഹാൾവേ, കിടപ്പുമുറികൾ, ലിവിങ് റൂം, ഡൈനിങ് റൂം, ബാത് ടബ്ബുള്ള ബാത്റൂം എന്നിവയെല്ലാം ഇവിടെ കാണാം. രണ്ടാൾക്ക് മാത്രം ഇരിക്കാൻ സാധിക്കുന്ന തരത്തിൽ നെടുനീളത്തിലുള്ള ഡൈനിങ് ടേബിളാണ് ഡൈനിങ് റൂമിൽ സ്ഥാപിച്ചിരിക്കുന്നത്. ഇടനാഴികളിലൂടെ ചരിഞ്ഞു മാത്രമേ നടന്നു നീങ്ങാനാവു. ലിവിങ് ഏരിയയിൽ ഒരു ലൈബ്രറിയും റീഡിങ് ഏരിയയും ക്രമീകരിച്ചിട്ടുണ്ട്. ടെലിഫോൺ, സോഫകൾ, കോഫി ടേബിൾ എന്തിനേറെ ടോയ്‌ലറ്റുവരെ ഞെരിഞ്ഞമർന്ന ആകൃതിയിലുള്ളവയാണ്. ഓരോ മുറിയിലും ഒരാൾക്ക് കഷ്ടിച്ച് നടന്നു നീങ്ങാനുള്ള സ്ഥലം മാത്രമാണ് ഉള്ളത്. ത്രികോണാകൃതിയിൽ ഇരട്ടി ഉയരമുള്ള മേൽക്കൂരയും കാണാം.
പുറംഭിത്തികളിലായി ധാരാളം ജനാലകളും രണ്ടു വാതിലുകളും നൽകിയിട്ടുണ്ട്. 2022 ജൂണിലാണ് ഈ വേറിട്ട സൃഷ്ടി സന്ദർശകർക്കായി തുറന്നു കൊടുത്തത്. 1960കളിൽ, എർവിൻ്റെ കുട്ടിക്കാലത്ത് നഗരത്തിനോട് ചേർന്ന മേഖലകളിൽ കണ്ടിരുന്ന സാധാരണ വീടുകളെ മറ്റൊരുതരത്തിൽ വ്യാഖ്യാനിക്കാനാണ് നാരോ ഹൗസിലൂടെ അദ്ദേഹത്തിൻ്റെ ശ്രമം. എന്നാൽ ഇതാദ്യമായല്ല ഇത്തരത്തിലൊരു ഇടുങ്ങിയ വീട് എർവിൻ സൃഷ്ടിക്കുന്നത്.
പലയിടങ്ങളിലും നാരോ ഹൗസിന്റെ മോഡലുകൾ പ്രദർശിപ്പിച്ചിട്ടുണ്ട് എങ്കിലും ഇതാദ്യമായാണ് സ്ഥിരമായി നിലനിൽക്കുന്ന ഒന്ന് നിർമിക്കുന്നത്. വ്യക്തിഗത ഇടങ്ങൾ പരിമിതപ്പെടുത്തുകയും അധിനിവേശം ചെയ്യപ്പെടുകയും ചെയ്താലുണ്ടാകുന്ന അവസ്ഥയെക്കുറിച്ച് ചിന്തിപ്പിക്കുക എന്നതാണ് നാരോ ഹൗസിൻ്റെ ഉദ്ദേശം. വിസ്മയിപ്പിക്കുന്ന ഈ കലാസൃഷ്ടി കാണാനും അനുഭവിച്ചറിയാനും ധാരാളം ആളുകൾ ഇവിടേക്ക് എത്തുന്നുണ്ട്.