ADVERTISEMENT

കുറഞ്ഞ വിലയിൽ വിൽക്കാനിട്ടിട്ടും ആരും തിരിഞ്ഞുനോക്കാതിരുന്ന വീട്. പെട്ടെന്നൊരു ദിവസം അവിടെയൊരു രഹസ്യം കണ്ടെത്തുന്നു. കാര്യം നാട്ടിൽ പാട്ടാകുന്നു. പല കഥകളും പരക്കുന്നു. അതോടെ ആർക്കും വേണ്ടാതിരുന്ന വീടിന് നിരവധി ആവശ്യക്കാരെത്തുന്നു. വില കുതിക്കുന്നു. ഇംഗ്ലണ്ടിലെ ഷ്രോപ് ഫയറിലാണ് ഈ സംഭവം നടന്നത്.

കാഴ്ചയ്ക്ക് അസാധാരണത്വം ഒന്നുമില്ലാത്ത,  രണ്ട് കിടപ്പുമുറികളും ബാത്റൂമും ടെറസ്സുമുള്ള സാധാരണവീട് ഡെന്നിസ് എന്നയാൾ വിൽപനയ്ക്ക് വച്ചു. പിതാവ് ആന്റണിയിൽനിന്ന് പാരമ്പര്യമായി ലഭിച്ചതാണ് വീട്.

എന്നാൽ വീട്ടിൽ ഒരു വലിയ രഹസ്യം ഒളിഞ്ഞിരിപ്പുണ്ടായിരുന്നു. വലിയ ഒരു ഗുഹ. 24 തൂണുകളും ആർച്ച് ആകൃതിയിലുള്ള കവാടങ്ങളുമായി വിസ്മയിപ്പിക്കുന്ന നിർമിതി. 1990 കളിൽ ആർട്ടിസ്റ്റായിരുന്ന ആന്റണി കൈകൾ കൊണ്ട് കൊത്തിയെടുത്തതാണ് ഈ ഗുഹ. ഇതിന്റെ നിർമാണം പൂര്‍ത്തിയായതിന് പിന്നാലെ 2002 ല്‍ ആന്‍റണി മരിച്ചു. പിന്നാലെ വീടിന്‍റെ അവകാശം മകന്‍ ഡെന്നിസിന് ലഭിച്ചു. 2016 ല്‍ ഡെന്നിസ് വീട് വില്പനയ്ക്ക് വച്ചെങ്കിലും ആരും താത്പര്യം കാണിച്ചില്ല. അതേസമയത്താണ് വീടിനുള്ളിലെ ഒളിച്ചിരുന്ന രഹസ്യഗുഹ ഡെന്നിസ് കണ്ടെത്തുന്നത്.

അടുക്കളയിലാണ് ഗുഹയിലേക്കുള്ള രഹസ്യ പ്രവേശന കവാടം. പ്രവേശന വഴിയിൽ മനോഹരമായ ലൈറ്റിങ്ങുകളും തറയിൽ വലിയ ടൈലുകളും ഉൾപ്പെടുത്തിയിട്ടുണ്ട്. വാം ലൈറ്റിങ്ങും വലിയ പെയിന്റിങ്ങുകളും ഗുഹയ്ക്കുള്ളിൽ കയറുന്നവർക്ക് വേറിട്ട അനുഭവം നൽകും. 

പഴമയെ അനുസ്മരിപ്പിക്കുന്ന വിധത്തിലുള്ള മെഴുകുതിരി ഹോൾഡറുകളും  റോപ്പുകളും ഗുഹയുടെ സീലിങ്ങിൽ സ്ഥാപിച്ചിട്ടുണ്ട്. എന്നാൽ ഗുഹയ്ക്കുള്ളിലെ ഏറ്റവും പ്രധാന ആകർഷണം മരത്തിൽ നിർമിച്ചിരിക്കുന്ന നീളൻ തീൻമേശയാണ്.

നിലവിൽ അവധികാല വസതി എന്ന നിലയിലാണ് ഇവിടം ഉപയോഗിക്കുന്നത്. 2016 ൽ 199950 പൗണ്ട് (2.08 കോടി രൂപ) വില ആവശ്യപ്പെട്ടുകൊണ്ട് കോട്ടേജ് വിൽപനയ്ക്കായി പരസ്യപ്പെടുത്തിയിരുന്നു. എന്നാൽ ഗുഹ കണ്ടെത്തിയതോടെ വീടിന്റെ പ്രശസ്തിക്കൊപ്പം വിലയും കുതിച്ചുകയറി. ഇപ്പോൾ വീട് സ്വന്തമാക്കണമെങ്കിൽ 295000 പൗണ്ട് (3.07 കോടി രൂപ) നൽകേണ്ടിവരും.

English Summary:

Cave found inside Uk Hobbit House, Price Hiked- News

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com