വാച്ചും ബാഗുമൊന്നുമല്ല: യുവാവ് ആമസോണിൽനിന്ന് വാങ്ങിയത് ഒരു വീട്!

Mail This Article
ഇത് ഇ-കൊമേഴ്സ് വെബ്സൈറ്റുകൾ ലോകം ഭരിക്കുന്ന കാലമാണ്. ഭംഗിയും നിറവുമൊക്കെ നേരിട്ട് നോക്കി വാങ്ങുന്നത് പോലെതന്നെ വേണ്ട സാധനങ്ങളെല്ലാം വീട്ടിലിരുന്ന് ഓർഡർ ചെയ്തു കയ്യിൽ എത്തിക്കുന്നതാണ് പുതുതലമുറക്കാരുടെ പതിവ്. എന്നാൽ വീട്ടിലിരുന്ന് ഒരു വീട് ഓൺലൈൻ ഓർഡർ ചെയ്യണമെന്ന് തോന്നിയാലോ ? അതിനും ഇ-കോമേഴ്സ് സൈറ്റുകൾ ധാരാളം എന്ന് തെളിയിക്കുകയാണ് അമേരിക്കക്കാരനായ ജെഫ്രി ബ്രയാൻ്റ് എന്ന യുവാവ്.
മടക്കിയെടുക്കാവുന്ന ഒരു വീടാണ് ആമസോണിൽനിന്ന് ജെഫ്രി തിരഞ്ഞെടുത്തത്. വീട് മുഴുവനായും മടക്കു നിവർത്തി സ്ഥാപിച്ചതിന്റെ വിഡിയോ ജെഫ്രി മാധ്യമങ്ങളിലൂടെ പങ്കുവച്ചിട്ടുണ്ട്. ഈ ഹോം ടൂർ വിഡിയോ ഇതിനോടകം വൈറലായി. ലിവിങ് , ഓപ്പൺ കിച്ചൻ, കിടപ്പുമുറി, ബാത്റൂം എന്നിവയാണ് വീട്ടിൽ ഉള്ളത്. വീട് വാങ്ങാനായി 26,000 ഡോളറാണ് (21.5 ലക്ഷം രൂപ) ജെഫ്രിക്ക് ചിലവായത്. മറ്റു വീടുകളെ അപേക്ഷിച്ച് ഫോൾഡബിൾ വീടിൻ്റെ മേൽക്കൂരയ്ക്ക് ഉയരം കുറവാണെന്ന് ജെഫ്രി പറയുന്നു.
ഒരാൾക്ക് സുഖമായി താമസിക്കാനാവുന്ന സ്ഥലവിസ്തൃതി വീടിനുള്ളിൽ ഉണ്ട്. സാധാരണ വീടുകൾ പോലെ ജനാലകളും ഉൾപ്പെടുത്തിയിരിക്കുന്നു. സ്റ്റീൽ ഉപയോഗിച്ചാണ് നിർമാണം. ബാത്റൂമിനോട് ചേർന്ന് പുറംഭാഗത്തായി പ്ലമിങ് യൂണിറ്റുമുണ്ട്. ഇങ്ങനെയൊരു വീട് ആമസോണിൽ ലഭിക്കുമെന്ന് കേട്ടറിഞ്ഞ നിമിഷം രണ്ടാമതൊന്ന് ചിന്തിക്കാതെ ജെഫ്രി ഓർഡർ നൽകി. വീട് ഡെലിവറി ചെയ്തശേഷം അത് ശരിയായ വിധത്തിലാണോ എന്ന് പരിശോധിക്കാനായി താൽക്കാലികമായി ഒരിടത്ത് വച്ചാണ് തുറന്നു നോക്കിയത്. എന്നാൽ ഈ വീട് സ്ഥിരമായി സ്ഥാപിക്കാനുള്ള സ്ഥലം സ്വന്തമാക്കാൻ യുവാവിന് ഇനിയും സാധിച്ചിട്ടില്ല.
തൻ്റെ പ്രായത്തിലുള്ളവർക്ക് ഒരു വീടു വാങ്ങാൻ സാധിക്കില്ല എന്ന് പലരും പറഞ്ഞു കേൾക്കാറുണ്ടെന്നും മനസ്സുവച്ചാൽ ആർക്കും ഇത് സാധ്യമാണെന്നതിൻ്റെ ഉദാഹരണമാണ് താനെന്നും യുവാവ് പറയുന്നു. എന്തായാലും ജെഫ്രിയുടെ ഹോം ടൂർ വിഡിയോ കൗതുകത്തോടെയാണ് പലരും നോക്കി കാണുന്നത്.
എന്നാൽ വീടിൻ്റെ ഡ്രെയ്നേജ് സംവിധാനങ്ങൾ എങ്ങനെ പ്രവർത്തിക്കും എന്നും മലിനജലം എവിടേക്ക് ഒഴുക്കി വിടുമെന്നുമൊക്കെയുള്ള സംശയങ്ങൾ പ്രകടിപ്പിക്കുന്നവരും കുറവല്ല. ഇപ്പോൾ ഈ വീട് ഒരു അദ്‌ഭുതമായി കാണുന്നുണ്ടെങ്കിലും വരുംകാലത്ത് ലോകത്ത് എല്ലായിടത്തും ഇത് സർവസാധാരണമാകുമെന്ന് ചൂണ്ടിക്കാട്ടുകയാണ് ഒരു വിഭാഗം ആളുകൾ. വീട് ഫ്രീ 'ഹോം ' ഡെലിവറി ആയിരുന്നോ എന്ന രസകരമായ ചോദ്യം ഉയർത്തുന്നവരുമുണ്ട്.