ADVERTISEMENT

ലോകമെങ്ങും വൻനഗരങ്ങളിൽ താമസിക്കാൻ ഇടം കണ്ടെത്തുന്നത് ഒരു ജോലി തരപ്പെടുത്തുന്നതിനേക്കാൾ ശ്രമകരമാണ്. വേണ്ടത്ര സൗകര്യമില്ലാത്ത സ്ഥലങ്ങൾക്ക് പോലും ശമ്പളത്തിന്റെ മുക്കാൽ പങ്കും വാടകയായി നൽകേണ്ടുന്ന അവസ്ഥ. ഇതുമൂലം ജോലി ഉപേക്ഷിച്ച് ഗ്രാമപ്രദേശങ്ങളിലേക്ക് നീങ്ങാമെന്ന് തീരുമാനിക്കുന്നവർ വരെയുണ്ട്. മറ്റുചിലരാവട്ടെ ബദൽ  മാർഗങ്ങൾ കണ്ടെത്താൻ നിർബന്ധിതരാകുന്നു. അത്തരത്തിലുള്ള ഒരാളാണ് കാനഡക്കാരിയായ കയ് എന്ന വനിത. താമസിക്കാനായി വൻതുക മുടക്കി മടുത്ത കയ് കുറഞ്ഞ ചെലവിൽ ഒരു പഴയ ട്രക്ക് വാങ്ങി അതിനെ എല്ലാ സൗകര്യങ്ങളുമുള്ള ഒരു വീടാക്കി മാറ്റിയെടുത്തിരിക്കുകയാണ്. 

മറ്റെല്ലാവരെയും പോലെ വീട് വാടകയ്‌ക്കെടുത്തായിരുന്നു ആദ്യകാലത്ത് കയുടെ താമസം. എന്നാൽ വാടക നൽകാനുള്ള പണം കണ്ടെത്തേണ്ടത് അധിക ബാധ്യതയാണെന്ന് തിരിച്ചറിഞ്ഞതോടെ അതിൽ നിന്നും രക്ഷപ്പെടാൻ എന്താണ് മാർഗമെന്നായി ആലോചന. അത് എത്തി നിന്നത് ഒരു പഴയ ട്രക്കിലാണ്. മൂന്നര ലക്ഷം രൂപ മുടക്കി കയ് 30 വർഷം പഴക്കമുള്ള ഒരു  ട്രക്ക് സ്വന്തമാക്കി. അതിന്റെ പിൻഭാഗത്ത് ഇഷ്ടാനുസരണം ജീവിക്കാനുള്ള ഒരു ഇടവും ഒരുക്കിയെടുത്തു. 

വാനും കാറുമൊക്കെ ധാരാളം ആളുകൾ വീടാക്കി ഉപയോഗിക്കുന്നതിനെക്കുറിച്ചുള്ള വാർത്തകൾ അടുത്തകാലത്ത് പുറത്തുവരുന്നുണ്ടെങ്കിലും കയുടെ വീടിന്റെ രൂപഭംഗിയാണ് അവയിൽ നിന്നെല്ലാം അതിനെ വേറിട്ട് നിർത്തുന്നത്. തടി കൊണ്ടുള്ള മനോഹരമായ ഡിസൈനാണ് വീടിന്റെ പുറംഭിത്തിക്ക് നൽകിയിരിക്കുന്നത്. അകത്തും വുഡൻ പാനലിങ്ങ് നൽകിയിരിക്കുന്നു.

കിടക്ക, അടുക്കള, പോർട്ടബിൾ വിൻഡോ എന്നിവയെല്ലാം ട്രക്ക് വീടിനുള്ളിലുണ്ട്. ഇവരുടെ  വളർത്തു പൂച്ചയും ഈ വീട്ടിലാണ് താമസം. ഫയർ പ്ലേസ്, സ്റ്റോറേജ് എന്നിവയെല്ലാം വീടിനുള്ളിലുണ്ട്. മനോഹരമായ കാർപെറ്റുകൾ കൊണ്ടാണ് തറ അലങ്കരിച്ചിരിക്കുന്നത്.

 2.07 ലക്ഷം യാണ് മുൻപ് താമസിച്ചിരുന്ന വീടിന് കയ് പ്രതിമാസം വാടകയിനത്തിൽ നൽകിയിരുന്നത്.  എന്നാൽ ഇപ്പോൾ വീട്ടുചെലവുകളെല്ലാം കഴിഞ്ഞാലും വരുമാനത്തിൽ നല്ലൊരു തുക നീക്കിവയ്ക്കാനും സാധിക്കുന്നുണ്ട്.

മറ്റുള്ളവർ വീട് വയ്ക്കാൻ യോജിച്ച സ്ഥലം തേടി നടക്കുമ്പോൾ തന്റെ പോർട്ടബിൾ വീട് ഇഷ്ടമുള്ള ഇടത് എത്തിച്ചു താമസിക്കാം എന്നതാണ് ട്രക്ക് വീടിന്റെ ഏറ്റവും വലിയ മേന്മയെന്ന് കയ് പറയുന്നു. 

ട്രക്ക് വീടിന്റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളുടെ പുറത്തുവന്നതോടെ അത് വൈറലായി കഴിഞ്ഞു. ഭവന പ്രതിസന്ധിയിൽ നട്ടംതിരിയുന്ന പലരും ഇതൊരു മാതൃകയാക്കാം എന്ന ചിന്തയും കമന്റ് ബോക്സുകളിൽ പങ്കുവയ്ക്കുന്നുണ്ട്.

English Summary:

Woman transformed old truck into moving house

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com