ഇങ്ങനെ മറ്റൊന്നില്ല! പഴയ ബോയിംഗ് 737 വിമാനം ആഡംബരവീടാക്കി യുവാവ്
Mail This Article
കയ്യിൽ പണം ഉണ്ടെങ്കിലും ഇല്ലെങ്കിലും സ്വപ്നം കാണുന്നതിന് അതിരുകളില്ലല്ലോ. എന്നാൽ ഇത്തരം സ്വപ്നങ്ങൾ യാഥാർഥ്യമാക്കാൻ സാധിക്കുന്നവർ നന്നേ കുറവായിരിക്കും. അധികമാരും കാണാത്ത ഒരു സ്വപ്നം യാഥാർഥ്യമാക്കി അമ്പരപ്പിക്കുന്ന ഒരു വ്യക്തിയുടെ ദൃശ്യങ്ങൾ പങ്കുവച്ചിരിക്കുകയാണ് ആനന്ദ് മഹീന്ദ്ര.
ഒരു വലിയ വിമാനത്തെ അത്യാഡംബരങ്ങൾ നിറഞ്ഞ വില്ലയാക്കി മാറ്റിയെടുത്ത ഫെലിക്സ് ഡെമിനാണ് വിഡിയോയിൽ ഉള്ളത്. ബാലിയിൽ സ്ഥിതിചെയ്യുന്ന അദ്ദേഹത്തിൻറെ 'പ്ലെയിൻ ഹൗസ് ടൂർ' വിഡിയോ സമൂഹമാധ്യമങ്ങളിലൂടെ ഏറെ ശ്രദ്ധിക്കഴിഞ്ഞു.
പ്രവർത്തനം അവസാനിപ്പിച്ച ഒരു പഴയ ബോയിംഗ് 737 വിമാനമാണ് അതിമനോഹരമായ വീടാക്കി ഫെലിക്സ് മാറ്റിയെടുത്തത്. രണ്ട് ബെഡ്റൂമുകളും സ്വിമ്മിങ് പൂളും മനോഹരമായ ലാൻഡ്സ്കേപ്പും ഒക്കെ ഇവിടെയുണ്ട്. വീട്ടിലേക്ക് കടന്നു ചെല്ലാനുള്ള വഴിയാണ് ആദ്യത്തെ ആകർഷണം. വെള്ളനിറത്തിൽ ചതുരാകൃതിയിൽ വ്യത്യസ്ത വലുപ്പത്തിലുള്ള പടവുകളുള്ള വഴിത്താര കടന്നുവേണം വിമാന വീട്ടിലേക്ക് എത്താൻ.
കടലിനോട് ചേർന്ന മുനമ്പിൽ വിമാനം എത്തിച്ചാണ് വില്ല നിർമിച്ചിരിക്കുന്നത്. അതിനാൽ വീടിനൊപ്പം മനോഹരമായ കടൽ കാഴ്ചകളും ഇവിടെയിരുന്ന് കണ്ടാസ്വദിക്കാം.
അകത്തേക്ക് കടന്നാൽ മറ്റേതോ ലോകത്തെത്തിയ പ്രതീതിയാണ് ഉണ്ടാകുന്നത്. വിമാനച്ചിറകുകൾക്ക് സമീപത്തായി ഗ്ലാസ് വോൾ നൽകിയ വിശാലമായ ലിവിങ് ഏരിയ ഒരുക്കിയിരിക്കുന്നു.
ചിറകുകളിൽ ഒന്നിൽ സിറ്റ് ഔട്ട് ഏരിയയാണ്. ഇവിടെ ഇരുന്ന് മനോഹരമായ കാഴ്ചകൾ ആസ്വദിച്ച് വൈകുന്നേരങ്ങൾ ചെലവഴിക്കാം. വീടിനുള്ളിലെ പാസേജിന്റെ ഇരുവശങ്ങളിലുമായി ഷവറും ടോയ്‌ലറ്റും ഉൾപ്പെടുത്തിയിരിക്കുന്നു. കോക്പിറ്റിന്റെ ഭാഗത്താണ് ഒരു കിടപ്പുമുറി ഒരുക്കിയിരിക്കുന്നത്. ഡബിൾ ബെഡ് ഇട്ടിരിക്കുന്ന കിടപ്പുമുറിയിൽ ഒരു ഓപ്പൺ ബാത്ത് ടബുമുണ്ട്.
ഭക്ഷണം പാകം ചെയ്യാനായി പ്രത്യേക ഷെഫ് ഏരിയയും ഒരുക്കിയിരിക്കുന്നു. വിമാനത്തിന്റെ പുറമേയുള്ള ആകൃതിക്ക് യാതൊരു മാറ്റവും വരുത്താതെയാണ് അതിനുള്ളിൽ ആഡംബരവില്ല നിർമ്മിച്ചിരിക്കുന്നത്.
നിലവിൽ ഇത് ഒരു റെന്റൽ ഹൗസാണ്. 7000 ഡോളർ (5.81 ലക്ഷം രൂപ) മുതൽ സീസൺ അനുസരിച്ച് മുകളിലേക്കാണ് വാടകയായി ഈടാക്കുന്നത്.
ഏറെ വ്യത്യസ്തതകളുള്ള ഈ ആഡംബര വില്ല കണ്ടതിന്റെ അത്ഭുതത്തിലാണ് ആനന്ദ് മഹീന്ദ്ര ദൃശ്യങ്ങൾ എക്സിലൂടെ പങ്കുവച്ചത്. വില്ല ഇഷ്ടപ്പെട്ടെങ്കിലും ഇവിടെ താമസിച്ചാൽ ജറ്റ് ലാഗ് ഉണ്ടാകുമോ എന്ന രസകരമായ സംശയവും അദ്ദേഹം പങ്കുവയ്ക്കുന്നുണ്ട്. ഈ പ്രൈവറ്റ് ജെറ്റ് ഹൗസ് തികച്ചും അവിശ്വസനീയമാണ് എന്ന് വിഡിയോ കണ്ടവർ ഒന്നടങ്കം അഭിപ്രായപ്പെടുന്നു.
മുനമ്പിന് മുകളിൽ വിമാനം എങ്ങനെ എത്തിച്ചു എന്നതാണ് ചിലരുടെ സംശയം. ഫാന്റസിയും ആഡംബരവും ഒരുപോലെ ഒത്തുചേരുന്ന ഇത്തരം ഒരിടം ലോകത്ത് വേറെ ഉണ്ടാവുമോ എന്ന് പോലും അത്ഭുതപ്പെടുന്നവരുണ്ട്. ജെറ്റ് ലാഗ് ഉണ്ടായാലും ഇവിടെ താമസിക്കുന്ന അനുഭവത്തിനുവേണ്ടി അത് വകവയ്ക്കേണ്ടതില്ല എന്ന് ആനന്ദ് മഹീന്ദ്രയ്ക്ക് ചിലർ മറുപടിയും നൽകുന്നു.