ADVERTISEMENT

ഇത്തവണ അവധിക്ക് നാട്ടിൽ വന്നപ്പോൾ ശ്രദ്ധയിൽപെട്ട ഒരു കാര്യമുണ്ട്. മുതിർന്ന ആളുകളുടെ ചെറിയ അശ്രദ്ധയും, ആത്മവിശ്വാസ കൂടുതലും കാരണം, വീട്ടിൽ ഉണ്ടാകുന്ന ചെറിയ വീഴ്ചയും തുടർന്നുള്ള ആശുപത്രിവാസവും. ഇതൊഴിവാക്കണമെങ്കിൽ വീട്ടിലുള്ള പ്രായമുള്ളവരും പുതുതലമുറയും തമ്മിലുള്ള അന്തർധാര ശക്തമായിരിക്കണം. വിരമിച്ചതിന് ശേഷം എന്ത് വീരകൃത്യവും ചെയ്യാം എന്നുകരുതി, ലേശം കാശ് ലാഭിക്കാൻ ഇറങ്ങി അമളിപറ്റിയ രണ്ട് സംഭവങ്ങൾ പറയാം. മുതിർന്നവർക്കായി വീട് പണിയുമ്പോൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളും പറയാം.

അവധിക്ക് നാട്ടിലെത്തി ചില ഭവനസന്ദർശനങ്ങൾ നടത്തി. ഒരുവീട്ടിൽ ചെന്നപ്പോൾ അവിടെയുള്ള റിട്ട. 'സിംഗം' ചാരുകസേരയിൽ വിശ്രമിക്കുകയാണ്. സാധാരണ ഉടുപ്പൊക്കെയിട്ട് കുട്ടപ്പനായിരിക്കുന്ന സിംഗം ഇന്ന് ഷർട്ട് കയ്യിൽ ഇട്ടുകറക്കി കാറ്റ് കൊണ്ടാണിരിപ്പ്. കുശലാന്വേഷണത്തിനിടെയാണ് പുള്ളി കാര്യം പറഞ്ഞത്. ഒരു ലോഡ് ഗ്രാവൽ വന്നു! ലേശം കുഴിയായി കിടന്ന സ്ഥലം നികത്തണം, നിസ്സാര പണി. പക്ഷേ അതിന് ബംഗാളി പോലും ചോദിക്കുന്ന കൂലി കക്ഷിക്ക് ദഹിച്ചില്ല...മൂന്ന് ദിവസം കൊണ്ട് ആ കൃത്യം പുള്ളി പൂർത്തിയാക്കിയ അവസാന നിമിഷത്തിലാണ് ഞാനവിടെയെത്തിയത്.

സഹധർമിണി പൂമുഖത്തേക്ക് ചായയുമായി വന്നു, ചർച്ചാവിഷയം പുള്ളിക്കാരൻ ലാഭിച്ച മൂവായിരം രൂപ തന്നെ.  ഇതിപ്പോ ദിവസം മൂന്ന് എടുത്താൽ എന്താ കാശും ലാഭം ഒരു വ്യായാമവും ആയി...

'ഉടുപ്പ് ഇട് മനുഷ്യാ' എന്ന സഹധർമിണിയുടെ ആജ്ഞയോടൊപ്പം പരിഭവത്തോടെ ഒരു ചോദ്യം എയറിൽ മുഴങ്ങി! നിങ്ങടെ കഴുത്തിൽ കിടന്ന സ്വർണ്ണ മാലയെവിടെ മനുഷ്യാ?! 

സിംഗം സടകുടത്തെണീറ്റു, ഉടുപ്പ് തലങ്ങും വിലങ്ങും കുടഞ്ഞു. ഭാര്യ അകത്തെ മുറിയിലൊക്കെ തപ്പി തിരികെ വന്നപ്പോൾ സിംഗം ചാരുകസേരയിൽ ചുരുണ്ട് ഇരിക്കുന്നു! ഞാൻ രണ്ട് പേരെയും മാറി മാറി നോക്കിയപ്പോ സിംഗം പതിയെ പറഞ്ഞു, വിരമിക്കൽ കാശ് കൊണ്ട് വാങ്ങിയ അഞ്ച് പവന്റെ മാലയാണ് പോയത്, തപ്പാൻ ഇനി സ്ഥലം ബാക്കിയില്ല.

സംഗതി പന്തിയല്ല എന്നുകണ്ട് ഞാൻ ശരവേഗത്തിൽ തിരികെ നടക്കുമ്പോൾ അശരീരി പോലെ സിംഗത്തിന്റെ ഒച്ച കേൾക്കാം "തീൻ നഹീം പാഞ്ച് ആദ്മി കൊ ജൽദി ലേക്കർ ആവോ!

മൂവായിരം ലാഭിക്കാൻ പോയി അഞ്ച് പവന്റെ മാല കുഴിയിൽ പോയ പോലെയാവും അറിയാത്ത പണി ലാഭത്തിലാക്കാൻ പോകുന്ന മിക്കവരുടെയും അവസ്ഥ, പ്രത്യേകിച്ച് വീടുപണിയുടെ കാര്യത്തിൽ...

ആറ് മാസമായി  തുടയെല്ല് പൊട്ടി വിശ്രമിക്കുന്ന അമ്മാവിയെ കാണാൻ പോയതാണ് അടുത്ത കഥ. 

കുളിമുറിയിൽ വീണതാണ് പാവം എന്നാണ് അറിഞ്ഞത്. അവിടെ ചെന്നപ്പോഴാണ് നമ്മുടെ മാമൻ സിംഗം കാര്യം പറയുന്നത്, സംഭവം വേറെയാണ്. ഒരു വാഴക്കുല വെട്ടണം, കായ് പഴുത്തിട്ടും വെട്ടാൻ വരാം എന്ന് പറഞ്ഞവൻമാരെ ആ പരിസരത്തു  കണ്ടില്ല. മാമൻ തന്നെ വെട്ടാൻ ഇറങ്ങി. പ്രഫഷനലായിത്തന്നെ കയറ് വാഴക്കുലയിൽ കെട്ടി അതിന്റെ ഒരറ്റം അമ്മാവിയുടെ കയ്യിൽ കൊടുത്തു ,ആകെ ഉള്ളത് അഞ്ചാറ് കായ് ആണ്. ഒരെണ്ണംപോലും നിലത്ത് തട്ടി പരുക്കേൽക്കരുത് എന്നതാണ് ഉദ്ദേശ്യം  ഉന്നം തെറ്റാതെ ഒരൊറ്റ വെട്ട്. കുല താഴെ വീണതും അമ്മാവി നടുതല്ലി വീണതും ഒരുമിച്ചായിരുന്നു. മാസം ആറായി ആശുപത്രി കയറിയിറങ്ങുന്നു....ഒരു പാണ്ടി ലോറി വരുന്ന ഏത്തപ്പഴത്തിന്റെ കാശ് ചെലവാക്കി കഴിഞ്ഞു!... 

ഇനി വീട് എങ്ങനെ വയോജന സൗഹൃദമാക്കാം എന്നുനോക്കാം...

1.  ഗേറ്റ് മുതൽ പറയാം. സ്ലൈഡിങ് ഗേറ്റ് ഒഴിവാക്കുക. സാമ്പത്തികം ഉള്ളവർ ഓട്ടോമാറ്റിക്ക് ഗേറ്റ് വയ്ക്കുക, മഴയുള്ളപ്പോഴും മറ്റും ഗേറ്റ് അടയ്ക്കാൻ പോകുമ്പോഴുള്ള ബുദ്ധിമുട്ടും, മഴ നനഞ്ഞ് ഒരു ചെറിയ പനിയിൽ തുടങ്ങി സംഗതി വഷളാകുന്നതും ഒഴിവാക്കുക. മുറ്റത്ത് ഇന്റർലോക്ക് ഇട്ടിട്ടുണ്ടെങ്കിൽ ചുരുങ്ങിയത് നടക്കുന്ന വഴിയെങ്കിലും പായലും വഴുക്കലും ഇല്ലാതിരിക്കാൻ സ്ഥിരമായി വൃത്തിയാക്കി ഇടുക.

2. വീട്ടിലേക്ക് കയറുന്ന പടികളുടെ ഒരുവശത്ത് ഹാൻഡ് റെയിൽ കൊടുക്കുക.പൂമുഖത്തേക്ക് കയറാൻ പടികളോട് ഒപ്പം തന്നെ ചരിച്ച് റാംപ് കൊടുക്കുക.

3. പ്രധാന വാതിലിൽ door viewer അല്ലെങ്കിൽ വാതിലിനോട് ചേർന്ന് ചെറിയ ജനാലയോ ഘടിപ്പിക്കുക. ബെല്ലടിച്ചാൽ ആരാണെന്ന് അറിഞ്ഞതിന് ശേഷം മാത്രം തുറക്കാൻ അവരെ ഓർമിപ്പിക്കുക.

4. കഴിയുന്നതും വരാന്ത, സ്വീകരണ മുറി, കിടപ്പുമുറി, ഊണുമുറി, അടുക്കള എന്നിവയുടെ തറയുടെ പൊക്കം ഒരേ നിരപ്പായി ചെയ്യുക, വീടിനകത്തുള്ള സ്റ്റെപ്പ് കയറ്റം ഒഴിവാക്കാം.

5. അവരുടെ കട്ടിലിന് അടുത്ത് ഒരു എമർജൻസി ബെൽ കൊടുക്കുക, ഒരു മാസ്റ്റർ സ്വിച്ച് കൊടുക്കുക. ആ സ്വിച്ച് ഇട്ടാൽ വീട്ടിനുള്ളിലെയും പുറത്തെയും അത്യാവശ്യ ലൈറ്റ് എല്ലാം കത്തണം. ചെറിയൊരു ഫ്രിജിന്റെ സ്ഥലം അവരുടെ മുറിയിൽ തന്നെ കൊടുക്കുക, അതിൽ സൂക്ഷിക്കേണ്ട മരുന്നുകൾ അടുക്കളയിലെ ഫ്രിജിൽ വയ്ക്കാതിരിക്കുക.

6. വീട്ടിലെ ആഭ്യന്തര കലഹം ഒഴിവാക്കാൻ, സാമ്പത്തികം ഉള്ളവർ അവരുടെ റൂമിൽ ഒരു പ്രത്യേക ടിവി വയ്ക്കുക, നമുക്ക് ക്രിക്കറ്റ്, ഫുട്‍ബോൾ, കുട്ടികൾക്ക് കാർട്ടൂൺ, മുതലായവ കാണേണ്ടപ്പോൾ ഉരസലുകൾ ഒഴിവാക്കാം.

7. രണ്ടു നില പണിയുന്നവർ കഴിയുന്നതും രണ്ടുകിടപ്പുമുറി താഴെ പണിയുക, ഒരുമുറി മാത്രം താഴെയായാൽ അവർ ഒറ്റയ്ക്കായിപ്പോകും. രാത്രിയിൽ തൊട്ടടുത്ത മുറിയിൽ മക്കൾ ഉണ്ട് എന്ന തോന്നൽ അവരിൽ ഉണ്ടാക്കുന്ന സുരക്ഷിത ബോധം ചെറുതല്ല.

8. കുളിമുറികളാണ് പ്രധാന വില്ലൻ. കഴിവതും എണ്ണ കുപ്പികളും എണ്ണ തേപ്പും കുളിമുറിയിൽ നിന്ന് ഒഴിവാക്കുക. വെള്ളം തളം കെട്ടി നിൽക്കാത്ത ഉറപ്പുള്ള കസേരകളിൽ ഇരുന്ന് കുളിക്കാൻ പ്രേരിപ്പിക്കുക, ബക്കറ്റിൽ നിന്ന് കുനിഞ്ഞും നിവർന്നും വെള്ളം ഒഴിക്കുമ്പോൾ ബാലൻസ് തെറ്റിയുള്ള അപകടം ഒഴിവാക്കുക.

കുളിമുറിയിലെ ടൈൽസ് ആൻറി സ്കിഡ് തന്നെ ഉപയോഗിക്കുക, വെറ്റ് ഏരിയയും ഡ്രൈ ഏരിയയും വേർതിരിക്കുക, ഭിത്തിയിൽ ഉചിതമായ സ്ഥലങ്ങളിൽ ഹാൻഡിലുകൾ പിടിപ്പിക്കുക. അകത്തുനിന്ന് പൂട്ടിയാലും പുറത്തുനിന്ന് തുറക്കാൻ പറ്റുന്ന രീതിയിൽ  ലോക്ക് ക്രമീകരിക്കുക.

9. കുളിമുറിയിലേക്കുള്ള വാതിലിന് വീതി കൂടുതൽ കൊടുക്കുക. ആയാസരഹിതമായി ഒരു വീൽചെയർ കയറിയിറങ്ങാൻ പറ്റുന്ന രീതിയിലാവാൻ ശ്രദ്ധിക്കുക. അത്യാവശ്യഘട്ടത്തിൽ ഉപയോഗിക്കാൻ Emergency bell കൊടുക്കുക, പറ്റിയാൽ കഴിയുന്നതും വീട്ടിലുള്ളവരോട് പറഞ്ഞതിന് ശേഷം മാത്രം കുളിമുറിയിലേക്ക് പോകുക.

10. മഴയെത്തുമ്പോൾ ഉണക്കാൻ ഇട്ട തുണിയെടുക്കാൻ ധൃതിപ്പെടാതിരിക്കുക, ഇനി അഥവാ മഴ തുടങ്ങിയാൽ തന്നെ സൂക്ഷിച്ച് സാവധാനം എടുത്ത രണ്ട് തുണി തലയിൽ വച്ചിട്ടായാലും ശ്രദ്ധിച്ചു തിരികെ വീട്ടിലേക്ക് കയറുക.ചിലരുടെ ഓട്ടം മഴതുള്ളി ആസിഡ് ആണെന്ന ഭാവത്തിലാണ്! ഓർക്കുക മഴ നനഞ്ഞാൽ വരുന്ന ജലദോഷത്തിനേക്കാൾ പതിന്മടങ്ങാണ് ഒരു വീഴ്ചയുടെ ആഘാതം.

മനസ്സ് മുറ്റത്ത് ഓടിക്കളിക്കുമ്പോഴും ശരീരത്തിന് അതിനാവതില്ല എന്ന തിരിച്ചറിവ് ഉണ്ടാക്കുക എന്നത് അത്ര നിസ്സാര കാര്യമല്ല, മുതിർന്നവരെ അത് തഞ്ചത്തിൽ പറഞ്ഞ് മനസ്സിലാക്കുക എന്നതാണ് അവരുമായി അടുത്തിടപഴകുന്നവർ ചെയ്യേണ്ടത്. 

English Summary:

Oldage Friendly House- Some Experience and Tips

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com