ADVERTISEMENT

സ്നേഹപൂർവമാണ് വിളിക്കുക. "ഹലോ ......ല്ലേ?"...താങ്കളുടെ നമ്പർ കിട്ടി. ഇന്നയാൾ തന്നതാണ്.  തിരക്കാണോ? സംസാരിക്കാൻ പറ്റുമോ? ഒന്ന് കാണണം സംസാരിക്കണം. മോന് വേണ്ടി വീട് പണിയാൻ ആഗ്രഹിക്കുന്നുണ്ട്. അവൻ ഗൾഫിൽനിന്ന് ഇന്ന ദിവസം വരുന്നുണ്ട്. ഇവിടം വരെ വന്നാൽ സൗകര്യത്തിൽ ചർച്ച ചെയ്യാമായിരുന്നു.

ദിവസങ്ങൾക്കുശേഷം മകൻ വിമാനമിറങ്ങിയതിന്റെ പിറ്റേദിവസം വീണ്ടും എനിക്ക് വിളിവന്നു.

കോളൊത്തു. പണത്തിന് ക്ഷാമമുണ്ടാവില്ല. വിനിമയനിരക്ക് മെച്ചപ്പെട്ട് നിൽക്കുകയാണല്ലോ. ശറപറേന്ന് പണമൊഴുക്കുണ്ടാകും. നമ്മൾ ചർച്ചയ്ക്ക് പോവും. ഒത്താലൊത്തു. വാഹനത്തിൽ പെട്രോളൊഴിച്ച്, കുട്ടപ്പനായി നമ്മളങ്ങനെ യാത്രയാവും. വീടറിയാതെ അദ്ദേഹത്തെ പലവട്ടം വിളിക്കും. അങ്ങനെ ഒടുവിൽ വിളിച്ചയാളുടെ വീടെത്തി ആസനസ്ഥനാവും. ഗൾഫിൽ നിന്നും വന്ന മകന്റെ വരവാണ് നമ്മൾ പ്രതീക്ഷിക്കുക. 

നമ്മടെ പ്രതീക്ഷയെ അസ്ഥാനത്താക്കി അച്ഛനാണ് ആഗതനാവുക. അദ്ദേഹമാണ് വിളിച്ചതും ചർച്ചയ്ക്ക് ക്ഷണിച്ചതും.

മകനെവിടെ ? ഭാര്യവീട്ടിൽ പോയിരിക്കുന്നു.

വിളിച്ചയാൾ സംസാരിക്കാൻ തുടങ്ങും. മുമ്പിൽ പ്ലാൻ നിവർത്തി വച്ചിട്ടുണ്ടാവും. മോൻ ഗൾഫിന്ന് വരച്ച പ്ലാനാണ്. ആ പറച്ചിലിൽ ചെറിയൊരു അഹങ്കാരമില്ലേന്നൊരു സംശയം.

ഒട്ടൊന്ന് അമ്പരന്ന് "ഓഹോ ആണോ" ...എന്ന് നാം. മുഖത്ത് ലേശം അമ്പരപ്പുണ്ടാക്കണം. 'എന്നോടാണോ മാമാ നിങ്ങടെ'...എന്ന ഭാവം നമ്മളുടെ മനസ്സിനുള്ളിൽ ഒതുക്കി വയ്ക്കണം.

ചർച്ച തുടങ്ങും...നമ്മൾ പലതും വിളമ്പും. ഹോ സാധനങ്ങളുടെ വില, ജോലിക്കാരുടെ കൂലി അങ്ങനെ പലവിധ പരാധീനതകളുടെയും നിർമാണത്തിലെ അപാകതകളുടെയും സാമ്പത്തിക പ്രതിസന്ധികളുടെയും കെട്ടഴിക്കും. 

മാമന് ചില സംശയങ്ങളുണ്ടാകും. ഓ പർഗോളയോ അതവിടെ വയ്ക്കാം.  സ്റ്റയർ ഇവിടെ വയ്ക്കാം. ജനാല അങ്ങനെ ഇങ്ങനെ  അടുക്കള അങ്ങനെയിങ്ങനെ..  പൂജക്ക് സ്ഥാനം പറയാൻ അശക്തനെങ്കിലും ഇവിടെ വച്ചാൽ ഉത്തമം. കന്നിമൂല വാസ്തുപുരുഷൻ....കാറ്റ്- മഴ- വെയില്- വെളിച്ചം- ചൂട് - തണുപ്പ്...

മാരത്തോൺ ചർച്ചയും ഒടുവിലൊരു ചായയും. ചർച്ച കഴിഞ്ഞു. 

അപ്പോൾ സ്ക്വയർഫീറ്റിനെത്രയാവും?

ആ ചോദ്യം കേരളത്തിന്റെ അന്തരീക്ഷത്തിൽ ഏറ്റവും കൂടുതൽ കേൾക്കുന്ന ചോദ്യമാണ്. ജനാലയ്ക്കും വാതിലിനും തേക്കാണ് വേണ്ടത്. ഗ്രാനൈറ്റ് അല്ലെങ്കിൽ മാർബിൾ തന്നെ വേണം നിലത്തിന്. ഉഗ്രപ്രതാപമുള്ള ബാത്റൂം ഫിറ്റിങ്ങ്സുകൾ വേണം, ഇലക്ട്രിക്കൽ വയർ സ്റ്റോൺ ക്ലാഡിങ്, ഷിഗ്ലർ റൂഫ്... അങ്ങനെ പട്ടികനീളും.

ഇതൊക്കെ വച്ച് സ്ക്വയർ ഫീറ്റിന് 1500 ഉറുപ്പികക്ക് ചെയ്യാനാവുമോ?

ചെലവ് കുറഞ്ഞ് ചെയ്യുന്ന മാന്ത്രികനാണെന്ന് നാട്ടിലെ ചില മല്ലൻമാർ പറഞ്ഞറിഞ്ഞ് വിളിക്കുന്നതാണെന്ന് മൊഴിയാനും മാമൻ മറന്നില്ല. ഇതെല്ലാം കണക്കാക്കി വേണം സ്ക്വയർ ഫീറ്റ് റേറ്റിലെത്താൻ...എന്ന് ഞാൻ.

"1600 ഉറുപ്പികക്ക് ചെയ്യാൻ ഒരാളുണ്ട്" എന്ന് മാമൻ.

ചർച്ച പൊളിഞ്ഞത് ഞാൻ മനസിൽ വച്ചു. ഈ പ്ലാൻ മാറ്റുന്നുണ്ടോ എന്ന് ഞാൻ.

ആശാരിയെ കാണിച്ച് അളവ് ശരിയാക്കണം. ഗൾഫിന്ന് വരപ്പിച്ചതായതു കൊണ്ട് അവനറിയില്ലല്ലോ അളവുകൾ. ചുറ്റളവ് ശരിയാക്കണം.

നിങ്ങൾക്കറിയോ വാസ്തു നോക്കാൻ?....

ഇല്ലെന്ന് ഞാൻ. 

നിങ്ങൾ പ്ലാൻ മാറ്റിയാൽ മകനിഷ്ടപ്പെടുമോ എന്ന് ഞാൻ. പിന്നെന്താ ഞാൻ വരച്ചവരയിൽ നിന്നവൻ അണുകിട മാറില്ല. ഞാൻ പറയുന്നതാണ് പ്ലാൻ.

അദ്ദേഹം ആവേശത്തിലാണ്...

ഞാനിറങ്ങാൻ നേരം വർക്കിന്റെ കാര്യം ആലോചിച്ച് പറഞ്ഞാൽ മതിയെന്ന് മാമനെന്നെ ഓർമിപ്പിക്കാനും മറന്നില്ല. മാമൻ നെഗോഷിയേറ്റ് ചെയ്യാൻ മിടുക്കനാണ്. തുറന്ന പ്രകൃതക്കാരനാണ്. 

പറഞ്ഞുവന്നത് ഇത്രയുമാണ്. പെണ്ണു കാണലിന് ചെറുക്കൻ പെണ്ണിനോട് ചോദിക്കുന്ന 'പേരെന്താ, പഠിച്ചതെവിടെ' എന്ന ചോദ്യങ്ങൾ പോലെ ഇവിടെ 'വസ്തു സെന്റിനെന്താ വില? സ്ക്വയർ ഫീറ്റിനെത്രയാ റേറ്റ് ?' ഈ രണ്ട് ചോദ്യങ്ങളാണ് വിമാനത്തിൽ കലിഫോർണിയക്ക് പറന്നാലും കല്യാണവീട്ടിൽ പോയാലും ചാവടിയന്തിര വീട്ടിൽ പോയാലും ദില്ലിക്ക് പോവാൻ തീവണ്ടിയിൽ കയറിയാലും അമ്പലമുറ്റത്തായാലും പള്ളിപ്പെരുന്നാളായാലും നേരിടേണ്ടി വരുന്ന രണ്ട് പൊതുചോദ്യങ്ങൾ.

ഏത് കെട്ടിടനിർമാതാവും എൻജിനീയറും ആർക്കിടെക്റ്റും അത്തരം ചോദ്യങ്ങൾക്ക് ഏത് പാതിരാത്രിയിലും ഉത്തരം കൊടുക്കാൻ തയ്യാറായി നിന്നോളണം എന്നാണ് പറഞ്ഞുവരുന്നത്. അതിനുത്തരം നൽകിയില്ലെങ്കിൽ നിങ്ങൾ അയോഗ്യനെന്ന വിധിയാണ് വരുക.

വാൽ:

ഒരു വർഷത്തിന് ശേഷം ആ വഴിയേ പോയ ഞാൻ കെട്ടിടം കണ്ടു. 1600 ഉറുപ്പികക്ക് കരാറുറപ്പിച്ച് പണിതുവന്നപ്പോൾ അതുക്കും മേലെ എത്രയോ ആയെന്നും മാമനുമായി വഴക്കും മൽപ്പിടുത്തവും മല്ലയുദ്ധവുംവരെ സംഭവിച്ചെന്നും ചാരൻമാർ മുഖേന ഞാനറിഞ്ഞപ്പോഴാണ് മാമനും കെട്ടിട നിർമാണത്തിന്റെ ലോകയാഥാർഥ്യവും     തമ്മിലുള്ള അന്തരം എത്രയെന്ന് മാലോകരെ ബോധ്യപ്പെടുത്താൻ തക്ക ഉദാഹരണം ഒത്തുകിട്ടിയത്.

***

ലേഖകൻ ഡിസൈനറാണ് 

English Summary:

Increasing House Construction Expense- Reality- Experience

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com