ഒരുകാലത്ത് ജയിൽ; ഇന്ന് ആഡംബര വീട്!
Mail This Article
എത്ര ആഡംബരം ഉണ്ടെങ്കിലും ഒരു ജയിലിൽ താമസിക്കാൻ ആഗ്രഹം തോന്നുമോ? എന്നാൽ ഇംഗ്ലണ്ടിലെ യോർക് ഷെയറിലുള്ള ഒരു ജയിൽ കണ്ടാൽ ചിലപ്പോൾ തോന്നും. കാരണം ഇന്ന് ഈ ജയിൽ തടവുപുള്ളികളെ പാർപ്പിക്കുന്ന ഇടമല്ല, മറിച്ച് ഒരു ആഡംബരവീടാണ്.
ബെവേർലിയിലാണ് ഒക്ടഗൺ ഹൗസ് എന്നുപേരുള്ള ഈ പഴയ ജയിൽ സ്ഥിതിചെയ്യുന്നത്. ഇംഗ്ലണ്ടിൽ അഷ്ടഭുജ ആകൃതിയിലുള്ള മൂന്ന് വീടുകളിൽ ഒന്നാണിത് എന്ന പ്രത്യേകതയുമുണ്ട്.
1810 ൽ ഒരു ടൗൺ ജയിൽ എന്ന നിലയിലാണ് ഒക്ടഗൺ നിർമിക്കപ്പെട്ടത്. ഈ നഗരത്തിൽ നിന്നുള്ള 100 കുറ്റവാളികൾ മാത്രമാണ് ഈ ജയിലിൽ കഴിഞ്ഞിട്ടുള്ളതും. നഗരത്തിന്റെ നിയന്ത്രണവും നിരീക്ഷണവും സുഗമമാക്കുക എന്നതായിരുന്നു ജയിൽ ആരംഭിച്ചതിന് പിന്നിലെ ഉദ്ദേശ്യം. എന്നാൽ 1880കളിൽ കെട്ടിടം ദീർഘവീക്ഷണമുള്ള ഒരു ബിൽഡറുടെ കൈവശം എത്തിയതോടെയാണ് ഭാവി മാറിമറിഞ്ഞത്.
നിർമിതിയുടെ സാധ്യതകൾ പൂർണമായും മനസ്സിലാക്കിയ അദ്ദേഹം, ജയിൽ ആഡംബരവീടാക്കി മാറ്റിയെടുത്തു. കൃത്യമായ പ്ലാനിങും വേറിട്ട ആശയങ്ങളും, അത് നടപ്പിലാക്കാനുള്ള മനസ്ഥിതിയും ഉണ്ടെങ്കിൽ ഒരു നിർമിതിയെ എങ്ങനെ ഏറ്റവും ഉപകാരപ്രദവും ആകർഷകവുമായ രീതിയിൽ മാറ്റിയെടുക്കാം എന്നതിന്റെ ഉദാഹരണമായി നിലകൊള്ളുകയാണ് ഇന്ന് ഒക്ടഗൺ ഹൗസ്. ഇപ്പോൾ ഈ വീട് വിൽപനയ്ക്കായി പരസ്യപ്പെടുത്തിയിട്ടുണ്ട്.
ഇംഗ്ലണ്ടിലെ ചരിത്രപ്രാധാന്യമുള്ള കെട്ടിടങ്ങളുടെ പട്ടികയിൽ ഒക്ടഗൺ ഹൗസ് ഇടം നേടിയിട്ടുണ്ട്. ജയിലിൻ്റേതായ ഒരു അവശേഷിപ്പുകളും ഇവിടെയില്ല. മൂന്നു നിലകളാണ് വീടിനുള്ളത്. 6000 ചതുരശ്ര അടിയാണ് വിസ്തീർണ്ണം. മൂന്നു വലിയ റിസപ്ഷൻ റൂമുകൾ, ഗാർഡൻ, അടുക്കള, യൂട്ടിലിറ്റി റൂം, ആറ് കിടപ്പുമുറികൾ, മൂന്നു ബാത്റൂമുകൾ, സൺ റൂം, ഗാരിജ് എന്നിവയുണ്ട്. അകത്തേക്ക് പ്രവേശിച്ചാൽ രണ്ടുനൂറ്റാണ്ട് പഴക്കമുള്ള നിർമിതിക്കുള്ളിലാണ് നിൽക്കുന്നതെന്ന് പ്രതീതി ഉണ്ടാവുകയേ ഇല്ല എന്നതാണ് പ്രത്യേകത.
ഈ നിർമിതിയുടെ വില മതിപ്പ് 1.5 പൗണ്ട് (15.72 കോടി രൂപ) ആണ്. ഒരുകാലത്ത് ജയിലായിരുന്നെങ്കിലും ഇന്ന് ഈ കെട്ടിടത്തിന്റെ പേരിലാണ് ഈ നഗരം അഭിമാനം കൊള്ളുന്നത്.