ADVERTISEMENT

ലോകത്തെ വൻകിടനഗരങ്ങളിലെല്ലാം ഭവനപ്രതിസന്ധി രൂക്ഷമാണ്. പ്രത്യേകിച്ച് ജോലിക്കായും പഠനത്തിനായും അന്യനാടുകളിലേക്ക് എത്തുന്നവർക്ക്, വീട് വാങ്ങാനോ വാടകയ്ക്ക് എടുക്കാനോ ഭഗീരഥപ്രയത്നം വേണ്ടിവരും.

ന്യൂയോർക്ക് പോലെയുള്ള നഗരങ്ങളിൽ ഒരുമാസത്തെ ശമ്പളം മുഴുവൻ നൽകിയാൽ പോലും തികയാത്ത വാടകയാണ് പലയിടത്തും. ഈ അവസ്ഥ എത്രത്തോളം ഭീകരമാണെന്ന് വെളിവാക്കുന്ന വിഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ  ശ്രദ്ധനേടുന്നത്.

'വീട്' എന്നുപോലും വിളിക്കാനാവാത്ത ഒരു ചെറിയ താമസസ്ഥലമാണ് വിഡിയോയിൽ ഉള്ളത്. ന്യൂയോർക്കിലെ മുറേ ഹില്ലിലുള്ള ഒരു സ്റ്റുഡിയോ അപ്പാർട്ട്മെന്റിന്റെ ഹോം ടൂർ വിഡിയോയാണ് ഇത്.

വീടിന്റെ പ്രധാന വാതിൽ തുറക്കുന്നത് ലിവിങ് ഏരിയയും അടുക്കളയും എല്ലാം ഉൾപ്പെടുന്ന നന്നേ ചെറിയ ഒരു മുറിയിലേക്കാണ്. ഈ മുറിയുടെ ഒരു കോണിലായി വളരെ ഒതുങ്ങിയ കിച്ചൻ  യൂണിറ്റ് ഉൾപ്പെടുത്തിയിരിക്കുന്നത് കാണാം. കബോർഡുകളോ ഡൈനിങ് ടേബിളോ ഉൾപ്പെടുത്താനുള്ള സ്ഥലം ഇവിടെയില്ല. രണ്ട് കസേരകൾ ഇട്ടാൽ പോലും നടക്കാനാകില്ല.

ഒരു നോർമൽ സൈസ് കിടക്കപോലും ഉൾക്കൊള്ളാൻ ആവാത്തത്ര ചെറുതാണ് കിടപ്പുമുറി. കിടപ്പുമുറിക്ക്  വാതിൽ നൽകാനുള്ള സ്ഥലംപോലും വീട്ടിൽ ഇല്ല.

കിച്ചൻ യൂണിറ്റും ലിവിങ് ഏരിയയും അടങ്ങുന്ന മുറിയിൽ നിന്നു തന്നെ ഔട്ട്ഡോർ സ്പേസിലേയ്ക്കുള്ള ഗ്ലാസ്  വാതിലും കാണാം. മറ്റു കെട്ടിടങ്ങളാൽ ചുറ്റപ്പെട്ടു കിടക്കുന്നതുകൊണ്ട് ഇവിടെ വായുസഞ്ചാരവും കുറവാണ്. പരിമിതികൾ മാത്രം നിറഞ്ഞ ഈ സ്റ്റുഡിയോ യൂണിറ്റിന് 2650 ഡോളറാണ് (2.19 ലക്ഷം രൂപ) പ്രതിമാസ വാടകയായി വീട്ടുടമ ആവശ്യപ്പെടുന്നത്.

ഈ ഹോം ടൂർ വിഡിയോ സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവന്നതോടെ വീടിൻ്റെ വാടക കേട്ട് അമ്പരക്കുകയാണ് ആളുകൾ. ജീവിത സാഹചര്യങ്ങൾ മെച്ചപ്പെടുത്താനായി നഗരങ്ങളിലേക്ക്  കുടിയേറിപ്പാർക്കുന്നവർ ഇത്തരത്തിൽ കുതിച്ചുയരുന്ന ജീവിതച്ചെലവുകൾ എങ്ങനെ നേരിടും എന്ന ആശങ്കയാണ് ആളുകൾ പങ്കുവയ്ക്കുന്നത്.

ഈ വീടിന് 500 ഡോളറിന് (41000 രൂപ) മുകളിൽ വാടക നൽകേണ്ട കാര്യമില്ല എന്ന് ധാരാളം ആളുകൾ പ്രതികരിക്കുന്നു. ഇത്രയും സ്ഥലപരിമിതിയുള്ള അപ്പാർട്ട്മെന്റുകൾക്ക് അനുമതി നൽകുന്നതുപോലും തെറ്റാണെന്നാണ് മറ്റൊരു വിഭാഗത്തിന്റെ വാദം. 

English Summary:

Tiny Apartment in NewYork Rent is 2 Lakhs per month-Viral

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com