ADVERTISEMENT

സെറിബ്രൽ പാൾസി ബാധിച്ച സഹോദരിയെയും അഞ്ചു മക്കളെയുംകൊണ്ട് നടുത്തെരുവിൽ ജീവിക്കേണ്ടി വരുമോ എന്ന ആശങ്കയിൽ കഴിയുകയായിരുന്നു കോൺവാൾ സ്വദേശികളായ ആൻ്റണി - എമ്മ ദമ്പതികൾ. ആൻ്റണിയുടെ സഹോദരി ഹന്ന വീൽചെയറിൽനിന്ന്  എഴുന്നേൽക്കാനാവാത്ത അവസ്ഥയിലാണ്. അതിനാൽ വീൽചെയർ കടന്നുചെല്ലാനുള്ള സൗകര്യമില്ലാത്ത വീട് വാടകയ്ക്ക് എടുക്കാൻ ഇവർക്ക് സാധ്യമായിരുന്നില്ല. എന്നാൽ അത്രയും സൗകര്യമുള്ള ഒരു വീടിനാകട്ടെ വൻതുക വാടകയായി നൽകേണ്ടിയും വന്നിരുന്നു. ഒടുവിൽ വാടക നൽകാൻ പണമില്ലാതെ ഭവനരഹിതരാകും എന്ന ഘട്ടമെത്തിയതോടെ എട്ടംഗ കുടുംബത്തിന് താമസിക്കാൻ ആൻ്റണി കണ്ടുപിടിച്ച ഒരു മാർഗമാണ് ഇപ്പോൾ ലോകത്താകമാനം ശ്രദ്ധ നേടുന്നത്. 

അസുഖബാധിതയായ സഹോദരിയുമായി തെരുവിൽ കഴിയാനാവാത്ത സാഹചര്യത്തിൽ രണ്ട് പഴയ ഡബിൾ ഡെക്കർ ബസ്സുകൾ ചേർത്തുവച്ച് താമസിക്കാനുള്ള സൗകര്യം ഒരുക്കിയെടുത്തിരിക്കുകയാണ് ആൻ്റണി.  കുടുംബം ഒന്നായി തന്നെ കഴിയണമെന്നത് ആൻ്റണിയുടെയും എമ്മയുടെയും തീരുമാനമായിരുന്നു. ഹന്നയെ ആൻ്റണിക്ക് നോക്കാനാകാത്ത പക്ഷം ഭരണകൂടം അതിനുള്ള സൗകര്യം ഒരുക്കുമെങ്കിലും ഒരിക്കലും അത് തനിക്കും കുടുംബത്തിനും പകരമാവില്ല എന്ന തിരിച്ചറിവാണ് ഈ സഹോദരനെക്കൊണ്ട് അസാധാരണമായ വഴികൾ തിരഞ്ഞെടുപ്പിച്ചത്. സാഹചര്യങ്ങൾക്കൊത്ത് കുറഞ്ഞ വാടകയിലോ വിലയിലോ വീട് കണ്ടെത്താൻ ഏറെ ശ്രമിച്ചെങ്കിലും കുതിച്ചുയരുന്ന ഭവന വിലയ്ക്കിടയിൽ അത്തരം ഒന്ന് കണ്ടെത്തുക എന്നത് അസാധ്യമായിരുന്നു.

സ്വന്തമായി ഒരു വീട് നിർമ്മിക്കാൻ പദ്ധതിയിട്ടിരുന്നെങ്കിലും അനുമതി നിഷേധിക്കപ്പെട്ടു. അങ്ങനെയിരിക്കയാണ് ഓൺലൈൻ സൈറ്റിൽ പഴയ ബസ്സുകൾ വില്പനയ്ക്ക് എത്തിയതിനെക്കുറിച്ചുള്ള പരസ്യം ആൻ്റണി കണ്ടത്. വീട് ഒഴിയണമെന്ന് ആവശ്യപ്പെട്ട് വീട്ടുടമ കത്തയച്ച സാഹചര്യമായതിനാൽ പെട്ടെന്ന് അത് വാങ്ങി വീടാക്കി മാറ്റിയാൽ എന്തെന്ന ചിന്ത ആൻ്റണിയുടെ മനസ്സിൽ എത്തി. അങ്ങനെ സമ്പാദ്യമായി കരുതിയിരുന്ന  35000 പൗണ്ട് (36 ലക്ഷം രൂപ) മുടക്കി രണ്ടു ബസ്സുകളും സ്വന്തമാക്കുകയും ചെയ്തു.  2019ൽ അമ്മ മരിച്ചതിനുശേഷം സഹോദരിയുടെ ഉത്തരവാദിത്വം പൂർണമായി ഏറ്റെടുത്ത തനിക്ക് ഇതല്ലാതെ മറ്റു മാർഗങ്ങൾ ഒന്നും മുന്നിൽ ഉണ്ടായിരുന്നില്ല എന്ന് ആൻ്റണി പറയുന്നു.

കുടുംബത്തിലെ എട്ടു പേർക്കുമായി പാചകം ചെയ്യാനും കിടക്കാനുമുള്ള സൗകര്യങ്ങൾ ഉൾപ്പെടുന്ന വിധത്തിൽ ബസ്സുകൾ മാറ്റിയെടുക്കുക എന്നത് മാത്രമായിരുന്നു ബുദ്ധിമുട്ടേറിയ കാര്യം. രണ്ടു ബസ്സുകളും ഒന്നായി കൂട്ടിച്ചേർത്താണ് വീട് നിർമിച്ചിരിക്കുന്നത്. അവയിൽ ഒന്നിന്റെ താഴത്തെ നില പൂർണമായും വീൽച്ചെയർ ഉപയോഗിക്കാവുന്ന വിധത്തിൽ സജ്ജീകരിച്ചിട്ടുണ്ട്. യൂട്യൂബ് വിഡിയോകൾ കണ്ടുമനസ്സിലാക്കിയാണ് ഒരു വീടിനു വേണ്ട അടിസ്ഥാന സൗകര്യങ്ങളൊക്കെ ബസ്സിനുള്ളിൽ ഒരുക്കിയെടുത്തത്. വെള്ളം ചൂടാക്കാൻ  ബോയിലറും വൈദ്യുതി ഉത്പാദിപ്പിക്കാൻ സോളർപാനലുകളും സ്ഥാപിച്ചിട്ടുണ്ട്. 

 നിവൃത്തികേടുകൊണ്ട് താമസത്തിന് കണ്ടെത്തിയ ബദൽ മാർഗമാണെങ്കിലും ചെലവ് ചുരുക്കി ജീവിക്കാൻ ഈ ജീവിതരീതി സഹായിക്കുന്നുണ്ടെന്ന് കുടുംബം പറയുന്നു. വീട് പാർക്ക് ചെയ്യുന്ന ഇടത്തിന് പ്രതിമാസം 400 പൗണ്ട് (42000 രൂപ)മാത്രമാണ് വാടകയായി നൽകേണ്ടത്.

അടുക്കളയും ലിവിങ് റൂമും കബോർഡുകളുമൊക്കെ ഉൾപ്പെടുത്തിയിട്ടുള്ള ഈ ബസ്സ് വീടിന്റെ വിശേഷങ്ങളെക്കുറിച്ച്  ധാരാളം വിഡിയോകൾ ഇരുവരും സമൂഹമാധ്യമങ്ങളിലൂടെ പങ്കുവയ്ക്കാറുണ്ട്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com