ADVERTISEMENT

സാധാരണക്കാർ ഒരുവിധം സ്വരുക്കൂട്ടിയും ലോണെടുത്തും വീട് പണിതുകഴിഞ്ഞാൽ അടുത്ത മുൻഗണന ചുറ്റുമതിലും മുറ്റവും ഒരുക്കുന്നതിനാകും. പക്ഷേ പരമ്പരാഗത ശൈലിയിൽ ചുറ്റുമതിൽ പണിയാനെടുക്കുന്ന ചെലവും കാലതാമസവും പലരെയും പിന്തിരിപ്പിക്കും. ഇതിനൊരു പരിഹാരമാണ് കേരളത്തിൽ ഇപ്പോൾ പ്രചാരമേറുന്ന പ്രീകാസ്റ്റ് കോംപൗണ്ട് വോളുകൾ. ഇതുവഴി താരതമ്യേന കുറഞ്ഞ ചെലവിൽ വളരെ വേഗത്തിൽ ചുറ്റുമതിൽ തീർക്കാനാകും.

പ്രീകാസ്റ്റ് ചുറ്റുമതിൽ എങ്ങനെയാണ് നിർമിക്കുന്നത്?

precast-compound-wall-design

പ്രത്യേക മോൾഡിൽ കോൺക്രീറ്റ് ഫിൽ ചെയ്തുനിർമിക്കുന്ന പ്രീകാസ്റ്റ് ബ്ലോക്കുകൾ, മതിൽ പണിയേണ്ട സ്ഥലത്ത് നേരിട്ടു സ്ഥാപിക്കുകയാണ് ഇവിടെ ചെയ്യുന്നത്. രണ്ടിഞ്ച് കനത്തിലുള്ള മോള്‍‍ഡിൽ കോൺക്രീറ്റ് ഫിൽ ചെയ്യുന്നു. ഇതിനായി സാധാരണ വീടുവാർക്കുന്ന മിക്സ് തന്നെയാണ് ഉപയോഗിക്കുന്നത്. മുക്കാൽ ഇഞ്ച് മെറ്റലിനു പകരം അര ഇഞ്ച് മെറ്റലാണ് ഉപയോഗിക്കുന്നതെന്ന വ്യത്യാസം മാത്രമേയുള്ളൂ. വീട് വാർക്കാനുപയോഗിക്കുന്ന മെറ്റൽ, എംസാൻഡ്, സിമെന്റ് എന്നിവയുടെ റേഷ്യോ തന്നെയാണ് ഇതിനും ഉപയോഗിക്കുന്നത്. അതിനാൽ വീടിന്റെ വാർപ്പിന് എത്ര ലൈഫ് കിട്ടുമോ അത്രയുംകാലം മതിലും ഈടുനിൽക്കും. 25 വർഷം ഗ്യാരന്റിയും നിർമാതാക്കൾ നൽകുന്നു.

ചെലവ്

precast-compound-wall

സാധാരണ മതിലുകൾ നിർമിക്കാൻ മീറ്ററിന് ഏകദേശം 4500 രൂപ ചെലവുവരും. അതേരീതിയിൽ അഞ്ച് അടി പ്രീകാസ്റ്റ് മതിലിന് 2850/ മീറ്റർ (പെയിന്റ് ചെയ്യാതെ) മാത്രമേ ചെലവുവരുന്നുള്ളൂ. കോളത്തിന്റെ ഡിസൈനനുസരിച്ച് റേറ്റിൽ 100 രൂപ കൂടും. 

പരമ്പരാഗത മതിലുകളുടെ പോരായ്മകൾ

പരമ്പരാഗത ചുറ്റുമതിൽ നിർമിക്കാൻ നിരവധി ഘട്ടങ്ങളുണ്ട്. ആദ്യം വാനമെടുത്ത് പാറകെട്ടി അതിനുപുറത്ത് ബെൽറ്റ് നിർമിക്കുന്നു. ശേഷം മുകളിലായി കട്ടകെട്ടുന്നു. പിന്നീട് പ്ലാസ്റ്റർ ചെയ്തശേഷം പെയിന്റടിക്കുമ്പോഴാണ് മതിലിന്റെ നിർമാണം പൂർത്തിയാകുന്നത്. അതിനാൽ അധ്വാനവും സമയവും ചെലവും കൂടുതലാണ്. എന്നാൽ പ്രീകാസ്റ്റ് ചുറ്റുമതിലിന്റെ കാര്യത്തിൽ ഇഷ്ടപ്പെട്ട ഡിസൈൻ തിരഞ്ഞെടുത്തശേഷം നിർമിച്ച പ്രീകാസ്റ്റ് യൂണിറ്റുകൾ സൈറ്റിൽ കൊണ്ടുവന്ന് സ്ഥാപിച്ചാൽ മാത്രംമതി.

പരമ്പരാഗത ചുറ്റുമതിൽ നിർമിക്കാൻ വാനമെടുത്ത് അടിത്തറ കെട്ടുന്ന ഘട്ടത്തിൽ, ഒന്നര മീറ്ററോളം സ്ഥലം ഇതിനായി നഷ്ടമാകാറുണ്ട്. പലപ്പോഴും അതിർത്തിത്തർക്കമുണ്ടാകാറുണ്ട്.  എന്നാൽ പ്രീകാസ്റ്റ് മതിൽ സ്ഥാപിക്കാൻ 6 ഇഞ്ച് മാത്രമേ സ്ഥലം ആവശ്യമുള്ളൂ. ഇതിനായി വാനമെടുക്കുന്നില്ല. ചരടുകെട്ടി അതിർത്തി വേർതിരിച്ച് കുഴിക്കുകയാണ് ചെയ്യുന്നത്. അതിർത്തി തർക്കവും ഒഴിവാക്കാം.

precast-compound-wall-main

കാലക്രമത്തിൽ മരങ്ങളുടെ വേരിറങ്ങി മതിലുകൾ നശിച്ചു പോകുന്നത് പഴയ മതിലുകളുടെ പോരായ്മയാണ്.എന്നാൽ പ്രീകാസ്റ്റ് മതിലുകൾക്ക് ഈ പ്രശ്നമില്ല. ഇവിടെ തൂൺ മാത്രമേ പ്രൊജക്ട് ചെയ്തുനിൽക്കുന്നുളളൂ. ഇതിനടിയിൽ 'ഫ്രീ സ്‌പേസ്' ഉള്ളതിനാൽ വേര് ബാധിക്കുന്നില്ല.  ഇനി മരത്തിന്റെ കമ്പുവീണ് പ്രീകാസ്റ്റ് മതിലിന്റെ മുകൾഭാഗം പൊട്ടിപ്പോയാൽ ആ പൊട്ടിപ്പോയ രണ്ട് പീസുകൾ മാത്രമായി മാറ്റി വയ്ക്കാൻ സാധിക്കും. 

മതിൽ മാത്രമല്ല...

മോൾഡിൽ വാർത്തെടുക്കുന്നതിനാൽ ഏത് ആകൃതിയും ലഭിക്കും. ചെടിച്ചട്ടികൾ, ഇരിപ്പിടങ്ങൾ, താത്കാലിക ഷെഡ്, ഗോഡൗൺ, ലേബർ ഷെഡ്, ടോയ്‌ലറ്റ് ഭിത്തി എന്നിവയും പ്രീകാസ്റ്റ് ഭിത്തികൊണ്ട് നിർമിക്കാം. മാത്രമല്ല ഇങ്ങനെ നിർമിക്കുന്നവ  ഇഷ്ടാനുസരണം അഴിച്ചു മാറ്റി പുനഃസ്ഥാപിക്കാനും സാധിക്കും.

ഗുണങ്ങൾ

∙കോൺക്രീറ്റും സ്റ്റീലും ഉപയോഗിച്ച് നിര്‍മിക്കുന്നതുകൊണ്ട് മതിലിന് നല്ല കെട്ടുറപ്പ് ലഭിക്കുന്നു. 25 വർഷം ഗ്യാരന്റി.

∙ മണിക്കൂറുകൾക്കുള്ളിൽ മതിൽ നിർമാണം പൂർത്തിയാക്കാം. ചെലവു വളരെയധികം കുറവാണ്. 

∙ഇഷ്ടമുള്ള ഡിസൈനിൽ കസ്റ്റമൈസ് ചെയ്തെടുക്കാൻ സാധിക്കും. 

∙ നിർമിക്കാൻ 6 ഇഞ്ച് സ്ഥലം മാത്രമേ ആകുന്നുള്ളൂ. പരമ്പരാഗത മതിലിന് ഒന്നരമീറ്ററോളം നഷ്ടമാകും.

∙മതിലിന് എന്തെങ്കിലും കേടുപാടുകൾ സംഭവിച്ചാൽ ആ ഭാഗം മാത്രം പുനർനിർമിക്കാൻ സാധിക്കും. 

∙ആവശ്യാനുസരണം അഴിച്ചെടുത്ത് മാറ്റി സ്ഥാപിക്കാൻ സാധിക്കും.

English Summary:

Precast Compound Wall- Rapid Construction-New Trend in Kerala- Video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com