ADVERTISEMENT

ഒരുമിച്ചു ജീവിക്കുന്ന പ്രണയിതാക്കൾ വേർപിരിയാൻ തീരുമാനിച്ചാൽ, വീടുവിട്ടുപോകുംമുൻപ് അവിടെ ഉള്ളതെല്ലാം രണ്ടായി വിഭജിക്കും. പങ്കാളിക്ക് സമ്മാനമായി നൽകിയ വസ്തുക്കൾ പോലും തിരികെ ചോദിച്ചു വാങ്ങുന്നവരുമുണ്ട്. എന്നാൽ അക്കൂട്ടത്തിൽ ഒരു ടോയ്‌ലറ്റ് ഉൾപ്പെടുന്നത് അത്ര സാധാരണല്ല. കേൾക്കുമ്പോൾ ഏതോ കോമഡി സീരീസിലെ  ഭാഗമാണെന്ന് തോന്നുമെങ്കിലും ഒരു വിദേശയുവതി സ്വന്തം ജീവിതത്തിൽ നേരിട്ട അനുഭവമാണിത്.

സമൂഹമാധ്യമമായ റെഡ്ഡിറ്റിലൂടെയാണ് യുവതി തന്റെ ദുരനുഭവം വിവരിച്ചിരിക്കുന്നത്. പ്ലമിങ് ജോലികൾ ചെയ്തിരുന്ന  വ്യക്തിയായിരുന്നു ഇവരുടെ മുൻകാമുകൻ. ഏറെക്കാലമായി ഒരുമിച്ച് താമസിക്കുകയായിരുന്ന ഇരുവർക്കുമിടയിൽ അസ്വാരസ്യങ്ങൾ ഉടലെടുത്തപ്പോൾ ബന്ധം അവസാനിപ്പിക്കാൻ ഇരുവരും തീരുമാനമെടുത്തു.

ബന്ധം അവസാനിപ്പിച്ചശേഷം താമസം മാറ്റുന്നതിനായി സ്വന്തം സാധനങ്ങൾ പായ്ക്ക് ചെയ്യുകയായിരുന്നു കാമുകൻ. ഇതിനിടെ യുവതി ഉറങ്ങിപ്പോയി. പുലരുംമുൻപ് കാമുകൻ സ്ഥലം വിടുകയും ചെയ്തു. ഉറക്കമുണർന്ന് ടോയ്‌ലറ്റിൽ  പോകാനായി ബാത്റൂമിൽ കയറിയപ്പോഴാണ് ഒരുകാര്യം യുവതി തിരിച്ചറിഞ്ഞത്. കാമുകൻ നേരത്തെ ഫിറ്റ് ചെയ്ത ക്ലോസറ്റും ഇളക്കിയെടുത്ത് പായ്ക്ക് ചെയ്താണ് വീടുവിട്ടിരിക്കുന്നത്!

ഇതുകണ്ട് ചിരിക്കണോ കരയണോ എന്നറിയാത്ത അവസ്ഥയിലായിരുന്നു താനെന്ന് യുവതി പോസ്റ്റിൽ കുറിക്കുന്നു. ഇത്രയും രൂക്ഷമായ ഒരുപ്രതികരണം അവർ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. വീട്ടിൽ ആകെ ഉണ്ടായിരുന്ന ടോയ്‌ലറ്റാണ് കാമുകൻ കൈക്കലാക്കി കടന്നുകളഞ്ഞത്. പ്രാഥമികാവശ്യങ്ങൾക്ക് മറ്റു നിവൃത്തിയില്ലാതെ വന്നതോടെ യുവതിക്ക് സമീപമുള്ള റസ്റ്ററന്റിനെ ആശ്രയിക്കേണ്ടി വന്നു. അധിക ദിവസം ഇങ്ങനെ തള്ളിനീക്കാനാവില്ല എന്ന് തിരിച്ചറിഞ്ഞ യുവതി മറ്റൊരു പ്ലമറെ വിളിച്ചുവരുത്തി പുതിയ ക്ലോസറ്റ് സ്ഥാപിച്ചാണ് പ്രശ്നം പരിഹരിച്ചത്.

പോസ്റ്റ് വായിച്ച് ചിരിയടക്കാൻ കഴിയുന്നില്ല എന്നാണ് മറ്റു ചിലരുടെ കമൻ്റുകൾ. ക്ലോസറ്റ് വച്ചിരുന്ന ഭാഗത്ത് കേടുപാടുകൾ ഉണ്ടാകാതെ വൃത്തിയായി അത് നീക്കം ചെയ്ത കാമുകൻ ജോലിയിൽ വിദഗ്ധനാണെന്ന് ചൂണ്ടിക്കാട്ടുന്നവരുമുണ്ട്. എന്തായാലും ഇത്തരം മനഃസ്ഥിതിയുള്ള വ്യക്തിയിൽ നിന്നും രക്ഷപ്പെട്ടതിൽ യുവതിക്ക് ആശ്വസിക്കാം എന്ന് ഭൂരിഭാഗം ആളുകളും പറയുന്നു.

English Summary:

Plumber steal closet from lovers house after breakup- News

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com