കുടുംബസ്വത്ത് പ്ലോട്ടുകളായി വീതംവയ്ക്കുമ്പോൾ റെറ റജിസ്ട്രേഷൻ ചെയ്യണോ?
Mail This Article
ഭൂമി പ്ലോട്ടുകളായി വിൽക്കുന്നതു സംബന്ധിച്ച് ചട്ടങ്ങൾ അടങ്ങുന്ന അറിയിപ്പ് തദ്ദേശസ്ഥാപനങ്ങളിൽ പ്രദർശിപ്പിക്കണമെന്നു സർക്കാർ നിർദേശം നൽകിയിരിക്കുകയാണ്. റിയൽ എസ്റ്റേറ്റ് ആവശ്യത്തിനുള്ള പ്ലോട്ട് വികസനം കേരള റിയൽ എസ്റ്റേറ്റ് റഗുലേറ്ററി അതോറിറ്റിയിൽ (കെ റെറ) റജിസ്റ്റർ ചെയ്യിപ്പിക്കുകയാണു പ്രധാന ഉദ്ദേശ്യം.
∙പ്ലോട്ട് തിരിക്കുമ്പോൾ കെ റെറയിൽ എന്തിനു റജിസ്റ്റർ ചെയ്യണം?
റിയൽ എസ്റ്റേറ്റ് പദ്ധതികളിൽ സുതാര്യത ഉറപ്പാക്കാൻ 2016 ലെ നിയമപ്രകാരം രൂപീകരിച്ചതാണു കെ റെറ. വിൽപന ആവശ്യത്തിനുള്ള ഭൂമിയിൽ റോഡ്, കിണർ, വാട്ടർ ടാങ്ക്, ഡ്രെയ്നേജ്, കളിസ്ഥലം, പാർക്കിങ്ങ് തുടങ്ങിയ പൊതു സൗകര്യങ്ങളുണ്ടാകും. ഇവയുടെ അവകാശം എല്ലാ പ്ലോട്ടുകൾക്കും ഉറപ്പാക്കാനും ഭാവിയിൽ തർക്കങ്ങൾ ഒഴിവാക്കാനും വേണ്ടിയാണു കെ റെറയിൽ റജിസ്റ്റർ ചെയ്യേണ്ടത്.
∙എങ്ങനെയുള്ള പ്ലോട്ടുകളാണു റജിസ്റ്റർ ചെയ്യേണ്ടത്?
കേന്ദ്ര റിയൽ എസ്റ്റേറ്റ് റഗുലേറ്ററി നിയമം അനുസരിച്ച് 500 സ്ക്വയർ മീറ്ററിനു (12.36 സെന്റ്) മുകളിലുള്ള ഭൂമി റിയല്‍ എസ്റ്റേറ്റ് ആവശ്യത്തിനു പ്ലോട്ടുകളാക്കി തിരിക്കുന്നുണ്ടെങ്കിൽ റെറ റജിസ്ട്രേഷൻ നിർബന്ധമാണ്. എന്നാൽ, പ്ലോട്ടുകൾക്കിടയിൽ പൊതുവായ റോഡ്, കിണർ തുടങ്ങിയവ ഇല്ലെങ്കിൽ റജിസ്ട്രേഷൻ നിർബന്ധമില്ല. കുടുംബസ്വത്ത് പ്ലോട്ടുകളായി വീതം വയ്ക്കുമ്പോഴും െററ റജിസ്ട്രേഷൻ ബാധകമല്ല.
∙റജിസ്റ്റർ ചെയ്യേണ്ടത് എങ്ങനെ?
കെ റെറ സൈറ്റിൽ (rera.kerala.gov.in) റജിസ്ട്രേഷൻ നടത്താം. സ്ക്വയർ മീറ്ററിന് 10 രൂപ നിരക്കിൽ ഫീസുണ്ട്. പ്ലോട്ട് തിരിക്കാൻ തദ്ദേശ സ്ഥാപനം നൽകിയ വികസന അനുമതി (ഡവലപ്മെന്റ് പെർമിറ്റ്), ടൗൺ പ്ലാനറുടെ ലേഔട്ട് അനുമതി തുടങ്ങിയ രേഖകളും സമർപ്പിക്കണം.
∙വികസന, ലേഔട്ട് അനുമതികൾ ആർക്കെല്ലാമാണു നിർബന്ധം?
റിയൽ എസ്റ്റേറ്റ് ആവശ്യത്തിന് ഏതു ഭൂമി വിഭജിച്ചു പ്ലോട്ടുകളാക്കുന്നതിനും തദ്ദേശസ്ഥാപന സെക്രട്ടറിയുടെ വികസന അനുമതി വേണം. ഭൂമിയുടെ ആകെ വിസ്തീർണം അര ഹെക്ടറിൽ (1.24 ഏക്കർ) കൂടുകയും പ്ലോട്ടുകളുടെ എണ്ണം 20 ൽ കൂടുകയും ചെയ്താൽ ജില്ലാ ടൗൺ പ്ലാനറുടെ ലേഔട്ട് അനുമതിയും വേണം. ഇതിനുശേഷം വേണം റെറയിൽ റജിസ്റ്റർ ചെയ്യേണ്ടത്. റജിസ്റ്റർ ചെയ്യാത്ത പ്ലോട്ടുകൾ വിൽക്കുകയോ പരസ്യപ്പെടുത്തുകയോ ചെയ്താൽ പദ്ധതിത്തുകയുടെ 10 % വരെ പിഴയൊടുക്കണം.
വീടിന്റെ ഇൻസ്റ്റഗ്രാം പേജ് ഫോളോ ചെയ്യുമല്ലോ...