ADVERTISEMENT

'ആരൂഢം അന്നം മുട്ടിക്കും' എന്നൊരു ചൊല്ലുണ്ട്. ഇനി പറയുന്ന കാര്യങ്ങൾ, ഉള്ളതെല്ലാം നുള്ളിപ്പെറുക്കിയും ലോണെടുത്തും വീടുപണിയുന്നവർക്കായാണ്. ബജറ്റ് പ്രശ്നമല്ലാത്ത സമ്പന്നർക്ക്  വായിക്കാതെ പോകാം. 

പ്രവാസജീവിതം നിർത്തി നാട്ടിൽ പോയ ഒരാളുമായി അടുത്തിടെ സംസാരിച്ചു. അദ്ദേഹത്തിന് ഇപ്പോൾ തിരിച്ച് ഗൾഫിലേക്ക് പോയേപറ്റൂ. നാട്ടിൽ വന്ന് അറിയാത്ത ഒരു കച്ചവടത്തിനും ഇറങ്ങിയില്ല. പക്ഷേ എല്ലാവരുടെയും ആഗ്രഹത്തിനനുസരിച്ചു ഒരു വീടുവച്ചു...അതിലൂടെ  ഇനിയൊരു അഞ്ച് വർഷം കൂടി പ്രവാസിയായി ജോലി ചെയ്യാനുള്ള 'വകുപ്പ്' അദ്ദേഹം ഉണ്ടാക്കിയിട്ടുണ്ട്...

സമ്പാദ്യം എല്ലാമെടുത്ത് 50 വയസ് കഴിഞ്ഞ് വീട് വയ്ക്കുന്നവരുടെ പ്രത്യേക ശ്രദ്ധയ്ക്ക് ചില കാര്യങ്ങൾ പറയാം...

മക്കൾ ഒരുപ്രായം കഴിഞ്ഞാൽ തൊഴിലിനായി മറ്റൊരിടത്തേക്ക് ചേക്കേറും. വിശേഷ അവസരങ്ങളിൽ മാത്രം വിരുന്നെത്തുന്ന അതിഥികളായി അവർ മാറും. അടുത്ത തലമുറയ്ക്ക് വേണ്ടി വീട് പണിതിടുന്ന കാലം കഴിഞ്ഞു. വീട് നിർമിക്കുംമുമ്പ് ചില ചോദ്യങ്ങൾ നമ്മൾ സ്വയം ചോദിക്കേണ്ടതുണ്ട്.

1. അതിഥികൾ താമസിക്കാൻ സാധ്യതയില്ലാത്ത ഇക്കാലത്ത് എന്തിനാണിത്ര ഗസ്റ്റ് ബെഡ്‌റൂം?

2. വൃത്തിയാക്കാൻ മേലാത്ത വയസ്സാംകാലത്ത് എന്തിനാണ് ഇത്ര വലിയ വരാന്തകൾ?

3. വാർത്തയും സീരിയലും മാത്രം കാണുന്ന നമുക്കെന്തിനാണ് ഹോം തിയറ്റർ?

4. രണ്ട് പേരായി ഒതുങ്ങി താമസിക്കേണ്ട നമുക്കെന്തിനാണ് നാലും അഞ്ചും ബാത്റൂമുകൾ ?

5. ലേശം കഞ്ഞി വച്ച് അതിനേക്കാൾ കൂടുതൽ മരുന്ന് സേവിക്കുന്ന നമുക്കെന്തിനാണ് വലിയ അടുക്കളയും അനുബന്ധമായി ചെറിയ അടുക്കളയും, വർക്ക് ഏരിയയും?

6. വല്ലപ്പോഴും വരുന്നവരിൽ മിക്കവരെയും സിറ്റ്ഔട്ടിൽ ഇരുത്തി പറഞ്ഞുവിടുന്ന നമുക്കെന്തിനാണ് ഫോർമൽ ലിവിങ് പോരാഞ്ഞിട്ട് ഫാമിലി ലിവിങ്?

7. മുട്ട് മാറ്റി വയ്ക്കാൻ കാത്തിരിക്കുന്ന നമുക്കെന്തിനാണ് രണ്ടുനില വീട്?...

മേൽപറഞ്ഞതല്ലാതെ ഒട്ടനവധി ചോദ്യങ്ങൾ നിങ്ങളുടെ സാഹചര്യത്തിൽനിന്ന് ഉയരുന്നുണ്ടാകും. അതിനുത്തരം കണ്ടെത്തണം.

സമ്പാദ്യത്തിനു പുറമെ എടുത്താൽപൊങ്ങാത്ത ബാങ്ക് ലോൺ എടുത്ത് കെണിയിൽ പെടാതെ, നമുക്ക് വൃത്തിയും വെടിപ്പുമായി സൂക്ഷിക്കാൻ പറ്റുന്ന ചെറിയ വീടല്ലേ ഉചിതം?  മിച്ചമുള്ള കാശുമായി ശിഷ്ടകാലം സമാധാനത്തോടെ ജീവിക്കുന്നതല്ലേ നല്ലത്? സാധാരണക്കാരായ ഓരോ മലയാളികളും ചിന്തിച്ചു നോക്കുക...

***

ലേഖകൻ ചാർട്ടേർഡ് സിവിൽ എൻജിനീയറാണ് 

English Summary:

Things to ask yourself before building your dreamhome

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com