വീടിനുള്ളിലെ ചൂടുകുറയ്ക്കണോ? ഇവ പരീക്ഷിച്ചുനോക്കൂ
Mail This Article
കോൺക്രീറ്റ് വീടുകൾ ചെങ്കൽചൂളകളായി മാറുന്ന കാലമാണ് വേനൽ. വീടിനുള്ളിലെ ചൂട് കുറയ്ക്കാൻ ചെറിയ പൊടിക്കൈകൾ ചെയ്യാം.
1. ക്രോസ് വെന്റിലേഷൻ
എതിര്‍ദിശകളിലെ ജനാലകള്‍ തുറന്നിടുന്നതിലൂടെ വീടിനുള്ളിൽ വായുസഞ്ചാരം സുഗമമാകും. രാവിലെ അഞ്ചു മണിക്കും എട്ടു മണിക്കും ഇടയിലും, വൈകിട്ട് ഏഴിനും പത്തിനും ഇടയിലുമാണ് തണുത്തകാറ്റ് കൂടുതല്‍ ലഭിക്കുന്നത്. ഈ സമയമാണ് ക്രോസ് വെന്റിലെഷന്‍ ഏറ്റവും ഫലപ്രദമാകുക.
2. ഐസ് ക്യൂബ് ഉണ്ടോ?
ഒരു ടേബിള്‍ ഫാന്‍, ഒരു സ്റ്റീല്‍ പാത്രം, കുറച്ചു ഐസ് ക്യൂബുകള്‍. ഇത്രയും ഉണ്ടെങ്കില്‍ വീടിനുള്ളിലെ ചൂടൊന്നു കുറയ്ക്കാന്‍ സാധിക്കും. ഫാനിനു മുന്‍പിലായി ഈ പാത്രം വച്ചശേഷം ഫാന്‍ പ്രവര്‍ത്തിപ്പിക്കാം. അതോടെ ഐസ് ഉരുകാനും ഫാനിന്റെ കാറ്റിനു നല്ല കുളിർമ ലഭിക്കാനും ഇടയാകും.
3. കര്‍ട്ടന്‍
കാറ്റിനെ അകത്തേക്കും പുറത്തേക്കും വിടാത്ത കര്‍ട്ടനുകള്‍ ചൂട് കാലത്ത് സ്ഥിതിഗതികള്‍ വഷളാക്കും. പകരം വായുകടക്കുന്ന തരം കര്‍ട്ടനുകള്‍ ഉപയോഗിക്കാം. കിടക്കയ്ക്ക് അരികില്‍ നനഞ്ഞ ബെഡ്ഷീറ്റോ തുണിയോ വിരിച്ചിടുന്നത് ചൂട് കുറയ്ക്കും.
4. വീട്ടിനുള്ളില്‍ ചെടികള്‍ക്ക് ഇടം നല്‍കാം
മണി പ്ലാന്റുകള്‍, ചെറുവള്ളിപടര്‍പ്പുകള്‍ എന്നിവ വയ്ക്കുന്നത് ചൂട് കുറയ്ക്കാൻ സഹായിക്കും. കിഴക്ക്- പടിഞ്ഞാറ് ഭാഗങ്ങളില്‍ ചെടികള്‍ കൂടുതല്‍ വയ്ക്കുന്നത് സൂര്യപ്രകാശം നേരിട്ട് വീട്ടിലെത്തുന്നത് തടുക്കും. ജനലിന്റെ വശത്ത് വയ്ക്കുന്ന വിന്‍ഡോ പ്ലാന്റുകള്‍ക്ക് ഇന്ന് ഏറെ ആവശ്യക്കാരുണ്ട്. ഇത് വീടിനുള്ളിലെ ഊഷ്മാവ് ക്രമപ്പെടുത്തും. ഫ്ലവര്‍ വെയിസുകളില്‍ കൃത്രിമ പൂക്കള്‍ക്ക് പകരം തണുത്ത വെള്ളം നിറച്ചശേഷം പൂക്കളും ഇലകളും ഇട്ടുനോക്കൂ.
5. വെള്ളനിറം നല്‍കാം
കടുംനിറങ്ങള്‍ ചൂട് കൂട്ടും. അതിനാൽ വീടിനുള്ളില്‍ ഇളംനിറങ്ങള്‍ നല്‍കാം. വീടിന്റെ റൂഫിൽ/ടെറസിൽ സോളര്‍ റിഫ്ലെക്റ്റീവ് വൈറ്റ് പെയിന്റ് അടിക്കുന്നത് ചൂടിനെ പ്രതിഫലിപ്പിച്ച് അകത്തളങ്ങളിൽ കുളിർമ പകരും. ടെറസില്‍ ഗാര്‍ഡന്‍ ഒരുക്കുന്നതും ചൂട് കുറയ്ക്കാന്‍ സഹായിക്കും.
എസി ഉപയോഗിക്കുമ്പോൾ
സെൻട്രലൈസ്ഡ് എസിയാണെങ്കിൽ ജനാലകളും എയർ ഹോളുകളും ഇൻസുലേറ്റ് ചെയ്തിട്ടുണ്ടെന്നു ഉറപ്പാക്കണം. പഴയ എസികൾ വേനൽക്കാലത്ത് സർവീസ് ചെയ്ത് പ്രവർത്തനക്ഷമത ഉറപ്പാക്കണം. എസി പ്രവർത്തിക്കുന്ന മുറിയിൽ പേപ്പറുകളും മറ്റും അലക്ഷ്യമായി ഇടാതിരിക്കാൻ ശ്രദ്ധിക്കണം. ഇതിൽ പൊടിയടിഞ്ഞാൽ എസിയുടെ പ്രവർത്തനക്ഷമതയെയും ഒപ്പം മുറിയിൽ ഇരിക്കുന്നവരുടെ ആരോഗ്യത്തെയും ദോഷകരമായി ബാധിക്കും.