ADVERTISEMENT

പരമാവധി ചെലവുകുറച്ച് ഒരുവീട് പണിതുതരാമോ?

അടുത്തിടെ ഒരു ഓട്ടോറിക്ഷക്കാരൻ എന്നോട് ചോദിച്ചു. പലരുടേയും ചോദ്യമാണത്. വീട് നിർമാണം, നമ്മുടെ ജീവിതത്തിലെ ഏറ്റവും ചെലവുള്ള പരിപാടിയാണ്. പക്ഷേ ഇന്നത്തെക്കാലത്ത് 'ചെലവ് കുറഞ്ഞ വീട്' ഒരു സങ്കൽപമാണ്.

എങ്കിൽ ചെലവ് കുറയ്ക്കാനെന്താണ് വഴി?

നിർമാണവസ്തുക്കളുടെ വില കൂടിക്കൊണ്ടേയിരിക്കുന്നു. തൊഴിലാളികളുടെ കൂലിയാണെങ്കിൽ കുറയുന്നുമില്ല. അപ്പോൾ പിന്നെ മറ്റെന്തെങ്കിലും സൂത്രങ്ങളുണ്ടൊ? 

ഇല്ല! ചെലവ് കുറയ്ക്കാൻ ഒരു എളുപ്പവഴിയുമില്ല. ഒരുഭാഗത്ത് ചെലവ് കുറച്ചാൽ അതേ വീടിന്റെ മറ്റൊരു ഭാഗത്ത് ചെലവ് കൂടും. വീടിനെപ്പറ്റിയുള്ള കാഴ്ചപ്പാടുകൾ മാറാത്തിടത്തോളം നിർമാണചെലവ് കുറയില്ല എന്നതാണ് പച്ചയായ യാഥാർഥ്യം.

എന്റെ അനുഭവത്തിൽ, വീടുനിർമാണത്തിൽ ചെലവുകുറയ്ക്കാൻ ഏറ്റവും ആദ്യത്തെ മാർഗം, 'ചെറിയ വീട് മതി' എന്ന തീരുമാനമാണ്. തറവിസ്തീർണ്ണം കണിശമായി കുറയ്ക്കുക. അങ്ങനെ സ്ക്വയർഫീറ്റ് കുറയുന്നമുറയ്ക്ക് ചെലവ് കുറഞ്ഞ് വരും.

സ്ഥിരം കാണുന്ന പല വർക്കുകളും നിർദ്ദയം ഒഴിവാക്കണം. ഉദാഹരണത്തിന് അകവും പുറവും പ്ലാസ്റ്ററിങ് ചെയ്യൽ ഒഴിവാക്കണം. ഇപ്പോഴത്തെ വിലനിലവാരം വച്ച് 1000 ചതുരശ്ര അടി വീട് പ്ലാസ്റ്ററിങ് ചെയ്യാൻ ഏകദേശം 2 ലക്ഷം രൂപ ചെലവാകും. അത് ഒരുലക്ഷത്തിലേക്ക് പിടിച്ച് കെട്ടണം. പ്ലാസ്റ്ററിങ്ങിനുമേൽ പെയിന്റിങ്, പണ്ടത്തെപ്പോലെയല്ല ചെലവേറിയ പ്രക്രിയയാണ്. 1000 ചതുരശ്രഅടി വീടിന് ഏറ്റവും ചുരുങ്ങിയത് രണ്ടരലക്ഷം രൂപ വരും. അത് ഒരു ലക്ഷത്തിലേക്ക് കൊണ്ടുവരണം. അതായത് പലയിടങ്ങളിലും പെയിന്റിങ് ഒഴിവാക്കണം. പുട്ടിയിടൽ ഏറ്റവും അത്യാവശ്യമായ സ്ഥലങ്ങളിലേക്ക് പരിമിതപ്പെടുത്തണം.

മരം തേക്കിൽനിന്ന് വിലകുറഞ്ഞ മറ്റ് മരങ്ങളിലേക്ക് മാറണം. പറ്റുമെങ്കിൽ ഉപയോഗിച്ച മരം പുനരുപയോഗിക്കണം. UPVC ജനാലകളാണെങ്കിൽ കാലങ്ങളോളം യാതൊരുവിധ പരിചരണവും വേണ്ടതില്ല. അയേൺ ബാർ ഉപയോഗിച്ച് ഗ്രിൽ പണിത് അതിൽ മരത്തിന്റെ ഷട്ടർ വച്ച് ജനാലകളുണ്ടാക്കാം.

ഏറ്റവും വില കുറഞ്ഞ ഫ്ലോർ ടൈൽസ് ഉപയോഗിക്കണം. പരമാവധി സ്ലാബ് കോൺക്രീറ്റിൽ വീടുകൾക്ക് 8 mm കമ്പികൾ ധാരാളമാണ്. പക്ഷേ നമ്മുടെ ശീലം 10 mm കമ്പിയിലെത്തി നിൽക്കുന്നു. പഴയ ഓട് വച്ച് വാർക്കുന്ന ഫില്ലർ സ്ലാബ് രീതി അവലംബിക്കണം.

ഏറ്റവും അത്യാവശ്യമായ ഇന്റീരിയർ ജോലികളൊഴിച്ച് മറ്റെല്ലാം അനാവശ്യമാണെന്ന് കരുതി വേണ്ടെന്നുവയ്ക്കണം. ബാത്റൂമുകളുടെ എണ്ണംകുറയ്ക്കണം. ഒരുബാത്റൂമിന് ചെലവ് ഏറ്റവും കുറഞ്ഞത് ഒരു ലക്ഷം രൂപയെങ്കിലും ആവുമെന്നോർക്കുക.ലൈറ്റ് പോയിന്റുകൾ പരമാവധി കുറയ്ക്കണം. അലങ്കാര വിളക്കുകൾ ചെലവേറിയതാവും. ഇത്രയൊക്കെ ചെയ്താൽ ഏതൊരു വീടിനും 25 ശതമാനം ചെലവ് കുറയ്ക്കാൻ സാധിക്കും.

ഇതിനൊക്കെ പുറമെ, മെയിന്റൻസ് കോസ്റ്റ് എന്ന പേരിൽ ഓരോ രണ്ട് വർഷത്തിലും വീടിനുവേണ്ടി ചെലവഴിക്കേണ്ടിവരുന്ന തുക നമ്മളാരും മുൻകൂട്ടി കാണാറില്ല. 1000 ചതുരശ്ര അടി വീടിന്, ഓരോ 2/3 വർഷത്തിലും വേണ്ടി വരുന്ന തുക കുറഞ്ഞത് ഒന്നര ലക്ഷം രൂപയാവും.

റീപെയിന്റിങ്ങാണ് പ്രധാന വില്ലൻ. അത് കാലാകാലങ്ങളിൽ ചെയ്യേണ്ടിവരുന്നുണ്ട്. അത് ഒഴിവാക്കണമെങ്കിൽ ഏറ്റവും കുറഞ്ഞ പെയിന്റിങ് സർഫസ് ആയിരിക്കണം വീടിനുണ്ടാവേണ്ടത്. പെയിന്റിങ് സർഫസ് കുറയ്ക്കണമെങ്കിൽ, പ്ലാസ്റ്ററിങ് സർഫസ് കുറയ്ക്കണം.

ഇത്തരം രീതികൾ അവലംബിക്കണമെങ്കിൽ നമുക്ക് ചില തീരുമാനങ്ങളുണ്ടാവണം. ദൗർഭാഗ്യവശാൽ അത്തരം തീരുമാനങ്ങളെടുക്കാൻ പല സാധാരണക്കാർക്കും സാധിക്കാറില്ല. ചെലവ് കുറയണമെങ്കിൽ വീട് നമ്മുടെ കൈപ്പിടിക്കുള്ളിലായിരിക്കണം നിർമിക്കേണ്ടത്. നമ്മുടെ പോക്കറ്റിലിടാൻ പാകത്തിലുള്ള കൊച്ചുവീട്. അതല്ലാതെ നാം നിർമിച്ച വീട് നമ്മെ വിഴുങ്ങുന്ന തരത്തിലാവരുത്. ഇതാണ് ചെലവുകുറച്ച് വീട് പണിയണമെന്ന് ആഗ്രഹിക്കുന്നവർ മനസ്സിൽ കരുതേണ്ട അടിസ്ഥാന പ്രമാണം.

***

മനോരമവീട് ഇൻസ്റ്റഗ്രാം പേജ് ഫോളോ ചെയ്യുമല്ലോ 

English Summary:

Want to Build A Cost Effective House?- Things to Consider

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com