ADVERTISEMENT

സ്വന്തമായി കുറച്ച് സ്ഥലം വാങ്ങി വീട് വയ്ക്കുക എന്നത് പലർക്കും ആയുഷ്കാലസ്വപ്നമാണ്. എന്നാൽ എത്ര പണം സ്വരൂപിച്ചാലും ആഗ്രഹത്തിനൊത്ത സ്ഥലം വാങ്ങാൻ തികയാത്ത അവസ്ഥയാണ് ഇന്ത്യയിലെ പല മുൻനിര നഗരപ്രദേശങ്ങളിലും നിലവിലുള്ളത്.

ഈ സാഹചര്യം വെളിവാക്കി ഐഐടി ബിരുദധാരിയായ കൽപിത് എക്സിലൂടെ പങ്കുവച്ച പോസ്റ്റ് ചർച്ചകൾക്ക് വഴിയൊരുക്കിയിരിക്കുകയാണ്.

ഇന്ന് 'ഒരുകോടി രൂപ'യെന്നാൽ 'അഞ്ചു കോടി'യാണെന്ന് കൽപിത് പോസ്റ്റിൽ പറയുന്നു. ഒരുകോടി രൂപ മുടക്കിയാൽ പോലും ഭേദപ്പെട്ട ഒരു പ്ലോട്ട് സ്വന്തമാക്കാൻ കഴിയാത്ത സാഹചര്യമുണ്ട്. മെട്രോ നഗരത്തിലാണെങ്കിൽ നല്ല ഒരു ഫ്ലാറ്റ് പോലും ഈ വിലയ്ക്ക് കിട്ടാത്ത സാഹചര്യമുണ്ട്.

കൽപിതിന്റെ അഭിപ്രായത്തെ  അനുകൂലിച്ചും പ്രതികൂലിച്ചും ധാരാളമാളുകൾ പ്രതികരിക്കുന്നുണ്ട്.

ഒരാൾ സ്വന്തം അനുഭവം വിവരിക്കുന്നത് ഇങ്ങനെയാണ്: ടയർ ഫോർ നഗരത്തിൽ ഒരു കോൺക്രീറ്റ് കെട്ടിടം നിർമിക്കാൻ അടിത്തറ ഒരുക്കുന്നതിനുവേണ്ടി മാത്രം താനും പിതാവും ഒന്നരക്കോടി രൂപ ചെലവാക്കിയെന്നാണ് അദ്ദേഹം വ്യക്തമാക്കുന്നത്. എന്നാൽ കെട്ടിടം നിർമിക്കുന്നത് ചതുപ്പുപ്രദേശത്താണെന്നും എടുത്തു പറയുന്നുണ്ട്. 

ആവശ്യം എന്താണെന്നതിനെ ആശ്രയിച്ചാണ്, 'വില കൂടുതലാണോ കുറവാണോ' എന്ന് കണക്കാക്കേണ്ടത് എന്ന് ചിലർ അഭിപ്രായപ്പെടുന്നു. കയ്യിൽ അധികം പണമുള്ളപ്പോഴാണ് ആവശ്യങ്ങളും അധികമാകുന്നത് എന്ന്  മറ്റുചിലർ അഭിപ്രായപ്പെടുന്നു.

ഒരു കോടി രൂപ കയ്യിൽവച്ച് അതുപയോഗിച്ച് വീടോ സ്ഥലമോ കണ്ടെത്താനാവാതെ ദുരവസ്ഥയിലാണെന്ന് പറയുന്നവരുണ്ട്.  അതേസമയം കഷ്ടപ്പെട്ട് സമ്പാദിച്ച പത്തോ ഇരുപതോ ലക്ഷം രൂപയ്ക്ക് സ്വന്തമാക്കിയ വീടുകളിൽ സന്തോഷത്തോടെ കഴിയുന്നവരെയും കാണാം. 

'അധികമായി പണം കയ്യിലില്ലാത്തപ്പോഴാണ് ആവശ്യങ്ങളും ചുരുങ്ങുന്നത്' എന്നതിന്റെ ഉദാഹരണമായാണ് ഇക്കാര്യങ്ങൾ ആളുകൾ കമൻ്റ് ബോക്സിൽ പറഞ്ഞുവയ്ക്കുന്നത്.

കണ്ണായ സ്ഥലത്തെ ഭൂമിയുടെ വിലയിൽ വിരലിലെണ്ണാവുന്ന കാലംകൊണ്ട് വലിയ വർധന ഉണ്ടായിട്ടുണ്ടെന്ന് ഒരുവിഭാഗം ആളുകൾ തുറന്നു സമ്മതിക്കുന്നു. കാലം മുന്നോട്ടു പോകുന്നതനുസരിച്ച് പണത്തിന്റെ മൂല്യം കുറയുന്നത് പുതുമയുള്ള കാര്യമല്ല. മെട്രോ നഗരങ്ങളിലെ ജീവിതമാണ് മെച്ചപ്പെട്ടത് എന്ന കാഴ്ചപ്പാട് മാറ്റിയാൽ തീരാവുന്ന പ്രശ്നമേയുള്ളൂ എന്നാണ് മറ്റൊരാളുടെ കമന്റ്.

English Summary:

Surging Real Estate Price in Cities- Tweet Gone Viral

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com