വിദേശമോഡൽ വീട് നാട്ടിൽ പണിതു, പാഠംപഠിച്ചു! ചില വേനൽക്കാല ചിന്തകൾ
Mail This Article
ദുബായിൽ നിന്നും ഇറാനിയൻ ദ്വീപായ കിഷിലേക്കുള്ള വിമാനത്തിൽ വച്ചാണ് ഞാൻ അജീഷിനെ പരിചയപ്പെടുന്നത്, തുടർന്നങ്ങോട്ട് കിഷിൽ ഞാൻ താമസിച്ച ഒരാഴ്ചയും അയാൾ എനിക്കൊപ്പം ഉണ്ടായിരുന്നു.
കിഷിലെ രാത്രികാലങ്ങളിൽ ഹുക്ക വലിച്ചിരിക്കുമ്പോൾ ഞങ്ങൾ ആകാശത്തിനു കീഴിലുള്ള സകല കാര്യങ്ങളും ചർച്ചയാക്കും അതിൽ രാഷ്ട്രീയവും, പ്രേത കഥകളും, സിനിമയുമൊക്കെ ഉൾപ്പെടും.
അങ്ങനെ ഇരിക്കെയാണ് കണ്ണൂരിൽ തന്റെ സഹോദരിക്കായി പണിയുന്ന വീടിന്റെ പ്ലാൻ അയാൾ എന്നെ കാണിക്കുന്നത്.
പ്ലാൻ എന്ന് വച്ചാൽ മുട്ടൻ പ്ലാൻ, ഏതാണ്ടൊരു നാലായിരത്തിനടുത്തു ചതുരശ്രഅടി കാണും. പക്ഷേ ഒരു പ്രശ്നമുണ്ട്, ഈ പ്ലാനിൽ നല്ലൊരു ശതമാനം ഏരിയ വേസ്റ്റ് ആണ്. ഇക്കാര്യം കാര്യകാരണസഹിതം ഞാൻ വിശദീകരിച്ചതോടെ വിഷയം ദുബായിൽ ഉള്ള സഹോദരിയും ഭർത്താവും അറിഞ്ഞു, അതോടെ പ്ലാൻ അടിമുടി ഉടച്ചു വാർക്കാൻ തീരുമാനമായി.
ഇറാനിൽ നിന്ന് തിരിച്ചെത്തിയ ഞാൻ അതിന്റെ പണിപ്പുരയിലായി, ഏതാനും ആഴ്ചകൊണ്ട് മനസ്സിനിണങ്ങിയ ഒരു പ്ലാൻ അവർക്കു നൽകാനുമായി. പക്ഷേ പ്രശ്നം ആരംഭിക്കുന്നത് അവിടെനിന്നാണ്.
വീടിന്റെ എലിവേഷൻ ഡ്രോയിങ്ങുകളിലേക്കു കടന്നതോടെ വീട്ടുകാരിക്ക് ഒരുകാര്യത്തിൽ നിർബന്ധം- ജനാലകൾക്കു സൺഷെയ്ഡ് പാടില്ല, ദുബായിൽ കാണുന്ന ആഡംബര വില്ലകളുടേതുപോലെ ആയിരിക്കണം അതിന്റെ ബാഹ്യകാഴ്ച.
രാമൻകുട്ടി തളർന്നു. അതിന്റെ വരും വരായ്കകൾ അവരെ ഞാൻ പറഞ്ഞു മനസ്സിലാക്കി, എന്റെ സുഹൃത്തും, അവരുടെ ഭർത്താവും എനിക്കൊപ്പം നിന്നെങ്കിലും അവർ ഒരിഞ്ച് പുറകോട്ടു പോയില്ല.
അങ്ങനെ രാമൻകുട്ടി പടിയിറങ്ങി, അതേ പ്ലാൻ തന്നെ മറ്റാരെക്കൊണ്ടോ അവർ ഉദ്ദേശിച്ച രീതിയിൽ അവർ പൂർത്തിയാക്കി.
എന്തിനാണ് ഈ സൺഷെയ്ഡ് ..?
നമ്മുടെ നാട്ടിൽ ജനാലകളെ മഴയിൽ നിന്ന് രക്ഷിക്കാനാണ് ഇവ മുഖ്യമായും ഉള്ളത് എങ്കിലും നമുക്കറിയാത്ത അനേകം ഉപയോഗങ്ങൾ ഇവയ്ക്കുണ്ട്. സൺഷെയ്ഡ് ഗ്ളാസ് ജനലിലൂടെ നേരിട്ട് റൂമിൽ പതിക്കുന്ന സൂര്യപ്രകാശത്തെ തടയുന്നു, അതുവഴി വീടിനകത്തെ ചൂട് കുറയ്‌ക്കുന്നു.
എന്നാൽ ജനാലകൾ ഉള്ള സ്ഥലത്തു മാത്രം മതിയോ ഈ സൺഷെയ്ഡ് ..?
പോരാ .
അത് ഒരു അരഞ്ഞാണം പോലെ വീടിനെ ചുറ്റി കിടക്കണം.
എന്തിന്..?
ഈ സൺഷെയ്ഡ് ചുവരിൽ വീഴുന്ന സൂര്യപ്രകാശത്തെയും തടയുന്നുണ്ട്.
ഫലം, ചുവർ ചൂട് പിടിക്കില്ല. ചുരുക്കിപ്പറഞ്ഞാൽ വീടിനകം ചൂട് പിടിക്കാനുള്ള സാധ്യതകളായി നാം മുൻപ് കണ്ട മൂന്നു ഘടകങ്ങളിൽ രണ്ടിനെയും ഈ സൺഷെയ്ഡ് തടയും. കൂടാതെ ജനലിലൂടെ അകത്തേക്ക് പ്രവേശിക്കുന്ന വായുവിനെ അൽപനേരമെങ്കിലും തണുപ്പിക്കാൻ ഈ ഷെയ്ഡിനാകും.
തീർന്നില്ല. ഗുണങ്ങൾ ഇനിയുമുണ്ട്. പൂർണമായി സൺഷെയ്ഡിനാൽ സംരക്ഷിക്കപ്പെട്ട ഒരു വീട് പെയിന്റ് ചെയ്യേണ്ടുന്ന ഇടവേളകൾ കൂടുതലാണ്. അതായത് സൺഷെയ്ഡ് ഇല്ലാതെ നിർമിച്ച ഒരു വീട് പെയിന്റ് ചെയ്യുന്നതിന്റെ ഇടവേളയുടെ ഇരട്ടിയോ അതിലധികമോ സമയം കഴിയുമ്പോൾ മാത്രമേ ശരിയാം വണ്ണം സൺഷെയ്ഡ് ഉള്ള വീട് പെയിന്റ് ചെയ്യേണ്ടതായി ഉള്ളൂ.
ഇത്രമാത്രം ഗുണങ്ങളുള്ള ഷെയ്ഡിനെയാണ് കേവലം ഭംഗിയുടെ മാത്രം പേരും പറഞ്ഞു മലയാളി അകറ്റി നിർത്തിയിരിക്കുന്നത്. സൺഷെയ്ഡ് അവിടെ നിൽക്കട്ടെ, ഇതുപോലെ ഒരു വീടിന്റെ ഓരോ എലെമെന്റിനും ഓരോ ധർമമുണ്ട്.
നമുക്ക് വീടിനകത്തെ ചൂടിലേക്ക് തിരിച്ചുവരാം. ചൂട് കുറയ്ക്കാനായി ഒരു പ്ലാനിൽ, എലിവേഷനിൽ, ത്രീഡിയിൽ എന്തൊക്കെ നാം ശ്രദ്ധിക്കണം എന്ന് നോക്കാം.
വീടിന്റെ പുറംഭിത്തിയെ ചുറ്റിയുള്ള സൺഷെയ്ഡ് ചൂടിനെ കുറയ്ക്കും എന്ന് നാം കണ്ടു. ഈ സൺഷെയ്ഡിന്റെ അറ്റം, പുറംഭിത്തിയിൽ നിന്ന് ഏറ്റവും കുറഞ്ഞത് 75 സെന്റീമീറ്റർ എങ്കിലും വിട്ടു നിൽക്കണം, രണ്ടു നിലകൾ ഉള്ള വീടാണെങ്കിൽ രണ്ടു നിലയിലും ഇങ്ങനെ വേണം, ഈ സൺഷെയ്ഡുകൾ ചെരിഞ്ഞവ ആകണം.
ഇനിയും ചെയ്യാൻ ഏറെയുണ്ട്, ചുരുക്കിപ്പറയാം. ഗ്ലാസ് ജനാലകൾക്ക് അനിയന്ത്രിതമായ വലുപ്പം കണ്ടാൽ അത് നിയന്ത്രിക്കുക. അത് വീടിനകത്തെ ചൂട് കൂട്ടും, വിശേഷിച്ചും തെക്കും, പടിഞ്ഞാറും ഉള്ള ഭാഗങ്ങളിൽ ഉള്ളവ. ചെരിഞ്ഞ മേൽക്കൂര ഉള്ള വീടുകളിൽ പരന്ന മേൽക്കൂര ഉള്ളവയെക്കാൾ ചൂട് കുറയും.
എങ്ങനെ ..?
നമുക്ക് നോക്കാം. സാധാരണയായി നമ്മുടെ കോൺക്രീറ്റ് വീടുകളുടെ ഫ്ലോർ ഉയരം മൂന്നു മീറ്റർ അഥവാ ഏതാണ്ട് പത്തടിയാണ്. എന്നാൽ ചെരിഞ്ഞ കോൺക്രീറ്റ് മേൽക്കൂര ഉള്ള വീടുകളുടെ ചെരിവ് ആരംഭിക്കുന്നത് ഏതാണ്ട് ഒമ്പതടിയിൽ തുടങ്ങി പതിനാല് അടി വരെ ആണ്, ഇത് ഏറിയും കുറഞ്ഞും ഇരിക്കാം. എങ്ങനെ വന്നാലും ചെരിഞ്ഞ കോൺക്രീറ്റ് മേൽക്കൂര ഉള്ള വീടുകളുടെ ശരാശരി ഫ്ലോർ ഉയരം പതിനൊന്നോ, പന്ത്രണ്ടോ അടി വരും.
ഫലം റൂമിനകത്തെ ചൂട് കുറയും.
ഈ മേൽക്കൂരകളിൽ ഓട് മേയുന്നതോടെ ചൂടിനുള്ള സാധ്യത വീണ്ടും കുറയും. ചുവർ വഴിയുള്ള താപപ്രസരണത്തെ തടയാനുള്ള നല്ലൊരു വഴിയാണ് പൊറോതേം ബ്രിക്കുകളുടെ ഉപയോഗം. മാത്രമല്ല നല്ല പുനരുപയോഗ സാധ്യതയും ഇവയ്ക്കുണ്ട്. പ്ലാസ്റ്ററിങ്ങിന്റെയും ആവശ്യമില്ല.
അൽപം വേറിട്ട് സഞ്ചരിക്കാൻ ധൈര്യമുണ്ടെങ്കിൽ മൺചുമരുകളും നല്ലതാണ്. ഇതുപോലെ തന്നെ വീടിനകത്തെ ചൂടിനെ നിയന്ത്രിക്കുന്ന ഒന്നാണ് അതിന്റെ സ്വാഭാവിക വെന്റിലേഷൻ സംവിധാനം.
ഇത് പ്ലാനിൽ നോക്കിയാൽ മനസ്സിലാക്കാവുന്നതേ ഉള്ളൂ. സ്വാഭാവിക വെന്റിലേഷന് പരിമിതി ഉണ്ടെങ്കിൽ കൃത്രിമ വെന്റിലേഷൻ അനുവർത്തിക്കണം, ഏതാണ്ടൊരു അഞ്ഞൂറോ അറുനൂറോ രൂപാ കൊടുത്താൽ കിട്ടുന്ന കൊച്ചു എക്സ്ഹോസ്റ്റ് ഫാൻ കൊണ്ട് ഇത് സാധിക്കാവുന്നതേയുള്ളൂ.
കൂടാതെ പുറംചുവരിലെ കടും വർണ്ണങ്ങൾ ഒഴിവാക്കണം, ഒരു കെട്ടിടത്തിന് ഭംഗി പകരുന്നത് അതിന്റെ ശരിയായ ആർകിടെക്ചറാണ്, അല്ലാതെ പെയിന്റ് അല്ല. ഈ കടുംനിറങ്ങൾ വീടിനകത്തെ ചൂട് വർധിപ്പിക്കും എന്ന് ത്രീഡി കാണുമ്പോൾ മനസ്സിലാക്കണം.
എന്നാൽ വീടിനകത്തെ ചൂടിനെ നിയന്ത്രിക്കാനുള്ള ഏറ്റവും നല്ല സ്വാഭാവിക രീതി ഇതൊന്നുമല്ല. വീടിന്റെ ഏതാണ്ട് മധ്യഭാഗത്തായി നിർമിക്കുന്ന, മുകളിലേക്ക് തുറക്കുന്ന ഒരു കൊച്ചുനടുമുറ്റമാണ്.
മുകളിലേക്ക് തുറക്കുക എന്ന് പറയുമ്പോൾ അതിനകത്തുകൂടി മഴ വീഴണം എന്നില്ല. വായു പ്രവാഹത്തിനുള്ള സാധ്യത ഉണ്ടായാൽ മതി.
എങ്ങനെയാണ് ഈ നടുമുറ്റം പ്രവർത്തിക്കുന്നത് എന്ന് നോക്കാം.
ചൂട് പിടിച്ച വായു മുകളിലേക്ക് ഉയരും, അങ്ങനെ ഉള്ള വായുവിന് പുറത്തോട്ടു പോകാൻ ഉള്ള സാധ്യതകൾ ഇല്ലാത്തതാണ് നമ്മുടെ വീടുകളിൽ അനുഭവപ്പെടുന്ന ചൂടിന് കാരണം. ഇങ്ങനെ ചൂട് പിടിച്ച വായുവിന് പുറത്തേക്ക് പോകാൻ ഉള്ള വഴി ഒരുക്കുക മാത്രമാണ് നടുമുറ്റം അഥവാ കോർട്യാർഡ് ചെയ്യുന്നത്. ലളിതമാണ്, സൊ സിമ്പിൾ.
ഇങ്ങനെ ചൂട് പിടിച്ച വായു മുകളിലേക്ക് പോകുമ്പോൾ താഴെ എന്ത് സംഭവിക്കും എന്ന് നോക്കാം, ബോറടിക്കരുത്.
ചൂടായ വായു ഉയർത്തപ്പെടുന്നതോടെ താഴെ ഒരു ചെറിയ ശൂന്യത അഥവാ ന്യൂനമർദ്ദം സൃഷ്ടിക്കപ്പെടും.
ന്യൂനമർദ്ദം എന്ന് കേൾക്കുമ്പോൾ നമ്മുടെ ബംഗാൾ ഉൾക്കടലിൽ രൂപപ്പെടുന്ന അത്ര വലുതൊന്നുമല്ല, ഇത് ചെറുത്. ഈ ന്യൂനമർദ്ദത്തിലേക്കു തണുത്ത വായുവിനെ കയറ്റി വിറ്റാൽ മാത്രം മതി.
എങ്ങനെ ..?
ഇവിടെയാണ് താഴത്തെ പാളികളിൽ ലൂവറുകൾ ഉള്ള ജനാലകളുടെ പ്രസക്തി.
എന്തുകൊണ്ട് താഴത്തെ പാളി ..?
അതിന്റെയും ഉത്തരം ലളിതമാണ്, തണുത്ത വായു എപ്പോഴും താഴെയാണുണ്ടാവുക.
എന്നാൽ ഈ നടുമുറ്റം എന്നത് ചെലവേറിയതല്ലേ, വലിയ പ്ലോട്ടുകളിൽ മാത്രമല്ലേ ഇത് സാധ്യമാകൂ എന്ന സംശയം ഉണ്ടാകാം. ഒരിക്കലും ഇല്ല, തരക്കേടില്ലാത്ത അഞ്ചു സെന്റ് പ്ലോട്ടുകളിൽ പോലും ഇത് സാധിച്ചെടുക്കാൻ കഴിയും.
ചെലവ് ..?
അനാവശ്യമായി നിർമിച്ച് കൂട്ടുന്ന ടോയ്‌ലെറ്റുകളിൽ ഒന്നിന്റെ പോലും ചെലവ് ഇതിനില്ല.
എന്തായാലും രണ്ടു കൊല്ലത്തിനുശേഷം ഒരു ജൂൺ മാസത്തിൽ അജീഷിന്റെ സഹോദരീ ഭർത്താവ് എന്നെ വിളിച്ചു.
" സുരേഷ്, നന്ദിയുണ്ട്."
" സൺഷെയ്ഡുകൾ ഇല്ലാത്ത വീടുകൾ കേരള കാലാവസ്ഥയിൽ യോജിക്കില്ല എന്ന സത്യം എന്റെ ശ്രീമതി ഇന്നലത്തെ ഒരൊറ്റ മഴയോടെ മനസ്സിലാക്കി"
അതുകൊണ്ടുതന്നെ നിലവിൽ നിർമിക്കപ്പെട്ടുകഴിഞ്ഞ വീടുകളിൽ ഈ താപ നിയന്ത്രണം എങ്ങനെ നടത്താം എന്ന് കൂടി നമുക്ക് ചർച്ച ചെയ്യാം.
അത് പിന്നീട് ..
നിയമപ്രകാരമുള്ള മുന്നറിയിപ്പ് : ഹുക്കവലി ആരോഗ്യത്തിനു ഹാനികരം.