ഒഴിഞ്ഞുകിടക്കുന്നത് 90 ലക്ഷത്തോളം വീടുകൾ! എന്താണ് ജപ്പാനിൽ സംഭവിക്കുന്നത്?
Mail This Article
ലോകത്തിലെ പലരാജ്യങ്ങളിലും ഭവന പ്രതിസന്ധി രൂക്ഷമാണ്. ജനസംഖ്യയ്ക്ക് ആനുപാതികമായി വീടുകൾ ലഭ്യമല്ലാത്ത അവസ്ഥ നേരിടുന്ന രാജ്യങ്ങളും ഏറെയുണ്ട്. എന്നാൽ ജപ്പാനിലെ സ്ഥിതി നേരെ മറിച്ചാണ്. താമസിക്കാൻ ആളില്ലാതെ കിടക്കുന്ന വീടുകളാണ് ഇവിടെ പ്രതിസന്ധി സൃഷ്ടിക്കുന്നത്. ആൾപാർപ്പില്ലാതെ കിടക്കുന്ന വീടുകൾ 'അകിയ' എന്നാണ് ജപ്പാനിൽ അറിയപ്പെടുന്നത്. അകിയകളുടെ എണ്ണം 90 ലക്ഷം കവിഞ്ഞു എന്നാണ് ഒടുവിൽ പുറത്തുവരുന്ന റിപ്പോർട്ടുകൾ. അതായത് ന്യൂയോർക്ക് നഗരത്തിൽ ജീവിക്കുന്ന ആളുകളുടെ എണ്ണത്തേക്കാൾ അധികം വീടുകളാണ് ജപ്പാനിൽ ഒഴിഞ്ഞു കിടക്കുന്നത്.
ജനസംഖ്യയിൽ കുത്തനെ ഉണ്ടാകുന്ന ഇടിവാണ് ഇതിനുപ്രധാനകാരണമെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. കണക്കുകൾ പ്രകാരം രാജ്യത്തെ വാസയോഗ്യമായ വസ്തുവകകളിൽ 14 ശതമാനവും ഒഴിഞ്ഞു കിടക്കുന്ന സ്ഥിതിയുണ്ട്. മുൻകാലങ്ങളിൽ 'അകിയ'കൾ കൂടുതലുള്ളത് ഉൾപ്രദേശങ്ങളിലും ഗ്രാമപ്രദേശങ്ങളിലുമായിരുന്നു. എന്നാലിന്ന് ഈ സാഹചര്യത്തിലും മാറ്റം വന്നിട്ടുണ്ട്. ടോക്കിയോ, ക്യോട്ടോ പോലെയുള്ള വൻകിട നഗരങ്ങളിൽ ഉപയോഗശൂന്യമായി കിടക്കുന്ന ധാരാളം വീടുകൾ കാണാം.
ആവശ്യത്തിലധികം വീടുകൾ നിർമിക്കുന്നതാണ് ഈ അവസ്ഥയ്ക്ക് കാരണമെന്ന് വിലയിരുത്തപ്പെട്ടിരുന്നെങ്കിലും ജനസംഖ്യയിലെ കുറവാണ് യഥാർഥ കാരണമെന്ന് നിരീക്ഷകർ ഉറപ്പിച്ചു പറയുന്നു. മുതിർന്ന പൗരന്മാരുടെ എണ്ണം ഉയർന്നുനിൽക്കുകയും ജനന നിരക്ക് കുറയുകയും ചെയ്യുന്ന സാഹചര്യമാണ് ജപ്പാനിലുള്ളത്. അകിയകളിൽ ഏറിയ പങ്കും അവയുടെ ഉടമകൾ 'സെക്കൻഡ് ഹോം' എന്ന നിലയിലാണ് കാണുന്നത്. മറ്റു രാജ്യങ്ങളിൽ ജോലി ചെയ്യുന്നവരാണ് ഭൂരിഭാഗം ഉടമകളും. ഫെർട്ടിലിറ്റി നിരക്കിലെ കുറവുമൂലം ഈ വീടുകൾ കൈമാറാൻ അനന്തരാവകാശികൾ ഇല്ലാത്തതും വീടുകൾ ഉപേക്ഷിക്കപ്പെട്ട നിലയിൽ തുടരുന്നതിന് കാരണമാകുന്നു.
ഗ്രാമപ്രദേശങ്ങളിലെ കാര്യമെടുത്താൽ നഗരങ്ങളിലേക്ക് കുടിയേറുന്ന പുതിയ തലമുറ തിരികെ ജന്മനാട്ടിലേക്ക് മടങ്ങാൻ താൽപര്യപ്പെടാത്തതാണ് അകിയകളുടെ എണ്ണം വർധിക്കാനുള്ള കാരണം. വീടുകൾ ആൾതാമസമില്ലാത്ത കിടന്ന് നാശമാകുന്നതുമൂലം പല ഉടമകളും അവ വിൽക്കാൻ താൽപര്യപ്പെടുന്നുണ്ടെങ്കിലും വാങ്ങാൻ ആവശ്യക്കാർ എത്തുന്നില്ല. ഗതാഗത സൗകര്യം, ചികിത്സാ സൗകര്യം, കൺവീനിയൻസ് സ്റ്റോറുകൾ എന്നിങ്ങനെയുള്ള അടിസ്ഥാന സൗകര്യങ്ങൾ സമീപപ്രദേശത്ത് ഇല്ലാത്ത അകിയകളുടെ കാര്യമാണ് ഏറ്റവും കഷ്ടം.
ജപ്പാനിൽ വീട് സ്വന്തമാക്കാൻ വിദേശികൾ ആഗ്രഹിച്ചാൽ അതിനും ഏറെ തടസ്സങ്ങളുണ്ട്. ജാപ്പനീസ് ഭാഷ സംസാരിക്കാനും വായിക്കാനും അറിയാത്തവർക്ക് വീട് വാങ്ങുന്നതുമായി ബന്ധപ്പെട്ട എഴുത്തുകുത്തുകളും നടപടിക്രമങ്ങളും പിന്തുടരുക എളുപ്പമല്ല. ഇതുമൂലം വിദേശികളും അകിയകൾ വാങ്ങാൻ മടിക്കുന്നു. അകിയകളുടെ ഈ അവസ്ഥ ഭരണകൂടങ്ങൾക്കും തലവേദന സൃഷ്ടിക്കുന്നുണ്ട്. കൃത്യമായി പരിപാലിക്കാൻ ആളില്ലാത്ത വീടുകൾ നഗരവികസനത്തിന് തടസ്സമാകുന്നു.
പ്രാദേശിക ഭരണകൂടങ്ങൾക്ക് 'അകിയകളുടെ ഉടമകൾ ആരാണെന്നത് കൃത്യമായ അറിവില്ല' എന്നതാണ് മറ്റൊരു പ്രശ്നം. ആവശ്യമില്ലാത്ത വീടുകൾ ഉടമകൾ തന്നെ പൊളിച്ചു നീക്കുകയെന്നതാണ് നിലവിലെ സാഹചര്യത്തിൽ പരിഹാരം എന്ന് വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നുണ്ട്. എന്നാൽ ജപ്പാനിലെ നികുതി നയങ്ങൾ മൂലം വീടുകൾ പുതുക്കിപ്പണിയുകയോ പൊളിച്ചു നീക്കുകയോ ചെയ്യുന്നതിനേക്കാൾ കുറവ് പണചെലവ് മാത്രമേ അവ നിലനിർത്താൻ വേണ്ടിവരുന്നുള്ളൂ എന്നതിനാൽ ഉടമകൾ അതിന് തയാറാകുന്നുമില്ല.