ADVERTISEMENT

ഐക്യരാഷ്ട്രസംഘടനയുടെ ദുരന്തലഘൂകരണ വിഭാഗം തലവനും മലയാളിയുമായ മുരളി തുമ്മാരുകുടി തന്റെ വീട്ടുവിശേഷങ്ങൾ പങ്കുവയ്ക്കുന്നു...

വെങ്ങോലയിലെ വീട്...

എപ്പോഴും നിറയെ ആളുകളുള്ള സ്ഥലം, അതായിരുന്നു തുമ്മാരുകുടി. അതൊരൊറ്റ വീടായിരുന്നില്ല. അമ്മയും അച്ഛനും ഞങ്ങൾ മക്കളും താമസിച്ചിരുന്ന പ്രധാന വീട്, അവിവാഹിതരായിരുന്ന രണ്ട് അമ്മാവന്മാർ താമസിച്ചിരുന്ന തളം (out house), പശുക്കൾക്കും കാളകൾക്കുമുള്ള തൊഴുത്ത്, വൈക്കോലും വിറകും ഒക്കെ നനയാതെ സൂക്ഷിച്ചു വയ്ക്കാനുള്ള തണ്ടിക, വീട്ടിൽ നിന്നും അല്പം അകലെ കുളിമുറി എന്നിങ്ങനെ ഒരുകൂട്ടം കെട്ടിടങ്ങൾ ഉൾപ്പെട്ട ഒരു സമുച്ചയമായിരുന്നു തുമ്മാരുകുടി.

murali-with-mother
അമ്മയോടൊപ്പം...

വീട്ടിൽ ബന്ധുക്കളില്ലാത്ത സമയം വിരളമായിരുന്നു. അങ്ങനെ അല്ലാത്ത സമയത്തുപോലും അച്ഛനും അമ്മയും എട്ടു മക്കളും കൂടി രണ്ടു കിടപ്പുമുറികൾ മാത്രമുള്ള ഒരു വീട്ടിൽ താമസിക്കുമ്പോൾ വീടു നിറയെ ആളുള്ളതായി തോന്നുമല്ലോ. ചേച്ചിമാരൊക്കെ വലുതായപ്പോൾ വീടിന്റെ ഓരങ്ങൾ മറച്ചുകെട്ടി ചായ്പ്പ് മുറിയുണ്ടാക്കി. അതോടെ അൽപം കൂടി സൗകര്യമായി. എന്നാലും ഒരാൾക്ക് ഒരു മുറി എന്ന സങ്കൽപം ഒരിക്കലും തുമ്മാരുകുടിയിൽ ഉണ്ടായിരുന്നില്ല. അവധിക്കാലമായാൽ അമ്മാവന്മാരുടെ മക്കളും കൊച്ചച്ഛന്മാരുടെ മക്കളുമായി തുമ്മാരുകുടിയിലെ ജനസംഖ്യ ഇരട്ടിയാകും. ഒരാൾക്ക് ഒരു മുറി പോയിട്ട് പായയുടെ ഒരു മുറി പോലും കിട്ടുന്നത് ഭാഗ്യമായിരുന്നു. 

ഇത്തരം ഒരു സാഹചര്യത്തിൽ വളർന്നതിനാൽ വീടിനെപ്പറ്റിയുള്ള എന്റെ സങ്കൽപം സാധാരണക്കാരുടേതിനേക്കാൾ വ്യത്യസ്തമാണ്. സ്വകാര്യത എന്നതല്ല വീടിനെ പറ്റിയുള്ള എന്റെ സങ്കൽപം. നിറയെ ആളുകളില്ലാത്ത വീട് എനിക്കൊട്ടും ഇഷ്ടമല്ല. എന്റെ സ്വന്തം വീട്ടിൽപോലും എന്റേതായ ഒരുമുറി എന്ന സങ്കൽപ്പമില്ല. കിടക്കാൻ ഒരു പായ കിട്ടുന്നത്രയും സന്തോഷം വേറൊന്നുമില്ല. 

ആദ്യത്തെ ഫ്ലാറ്റ്... 

തുമ്മാരുകുടി വിട്ടതിനു ശേഷം ആദ്യമായി ഒരു വീട്ടിൽ താമസിക്കുന്നത് ബോംബെയിലാണ്. ഇന്ദിരാഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡവലപ്മെന്റ് റിസർച്ചിൽ ചേർന്ന അന്നുതന്നെ മൂന്ന് ബെഡ്റൂമുള്ള ഒരു ഫ്ലാറ്റ് കിട്ടി. ബോംബെയിൽ അന്നും ഇന്നും വീടു കിട്ടാൻ വലിയ ബുദ്ധിമുട്ടാണല്ലോ. അന്ന് ഇത്ര സൗകര്യത്തോടെ ഒരു വീട് കിട്ടിയത് ഭാഗ്യമായി. നാട്ടിൽനിന്നും എന്റെ ബന്ധുക്കളും സുഹൃത്തുക്കളും അവിടെ വന്ന് താമസിച്ചിരുന്നു. അന്ന് കൊച്ചിയിൽ രാജ്യാന്തര വിമാനത്താവളമില്ല. ബോംബെയിലൂടെയാണ് മിക്കവാറും വിദേശത്തേക്ക് പോകുന്നത്. അങ്ങനെ വരികയും പോകുകയും ചെയ്യുന്ന ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും ഇടത്താവളമായിരുന്നു അത്. അന്നൊക്കെ ബോംബെയിൽ താമസിക്കാൻ സൗകര്യമുണ്ടെങ്കിൽ ജോലി കിട്ടുന്നതിന് ഒരു ബുദ്ധിമുട്ടുമില്ല. അങ്ങനെ അവിടെ വന്നു താമസിച്ച് ജോലി കിട്ടിയവർ പലരുണ്ട്. എന്തായാലും നല്ല രാശിയുള്ള വീടായിരുന്നു. 

തൂണിൽ ഉയർത്തിയ വീട്...

ജോലി കിട്ടി ബ്രൂണെയിൽ ചെന്നപ്പോൾ കിട്ടിയത് ഒരു പ്രത്യേക തരം വീടാണ്. വലിയ കാടായതിനാൽ പുഴയുടെ അടുത്താണ് അവർ വീടുവച്ചിരുന്നത്.  എല്ലാ വർഷവും വെള്ളപ്പൊക്കമുണ്ടാകുന്നതിനാൽ മരക്കൊമ്പുകളിൽ ഉയർത്തിയാണ് വീട് നിർമിക്കുക. പിന്നീട് പണമുണ്ടായിട്ടും പുഴയോരത്തു നിന്നും താമസം മാറ്റിയിട്ടും അവർ വീടുനിർമാണം പഴയതുപോലെ നിലനിർത്തി. കോൺക്രീറ്റ് കാലിൽ ഉയർത്തിയ മരം കൊണ്ടുള്ള വീടായിരുന്നു അവിടുത്തേത്. താഴെ കാർ പാർക്കിങ്ങും ജോലിക്കാർക്ക് താമസിക്കാനുള്ള ഇടവുമായിരുന്നു. ചുറ്റും മരങ്ങളും അതിനടുത്ത് കാടും. മുറ്റത്തെ മരത്തിൽ എപ്പോഴും വേഴാമ്പൽ ഉണ്ടായിരിക്കും. കാട്ടിൽനിന്നും ഇടയ്ക്കു വലിയ ഉടുമ്പ് (Monitor Lizard) വീട്ടിലേക്കു കയറിവരും. മൊത്തത്തിൽ പ്രകൃതിയുടെ നടുക്ക് ജീവിക്കുന്ന ഒരു പ്രതീതി. 

കടലിലേക്കുള്ള കാഴ്ച...

വില്ല എന്ന വാക്ക് ആദ്യം കേൾക്കുന്നത് മസ്കറ്റിൽ ജോലി ചെയ്യുമ്പോഴാണ്. അറേബ്യൻ കടലിലേക്ക് നോട്ടമെത്തുന്ന വിധം മനോഹരമായ ഒരു വീടായിരുന്നു കമ്പനി എനിക്ക് മസ്കറ്റിൽ നൽകിയത്. മൂന്നു ബെഡ്‌റൂമും, രണ്ട് കാർ പാർക്കിങ്ങും, ഗാർഡനും, ജോലിക്കാർക്ക് താമസസൗകര്യവുമുള്ള ഒരു വലിയ വില്ല. മസ്‌ക്കറ്റ് ധാരാളം മലയാളികളുള്ള സ്ഥലമാണ്. ഓരോ ആഴ്ചയുടെയും അവസാനത്തിൽ വീട് നിറയെ ആളുകൾ വരും. വെങ്ങോലയിൽ നിന്നും കുടുംബക്കാരും നാട്ടിൽ നിന്ന് കൂട്ടുകാരുമൊക്കെ മസ്‌ക്കറ്റിൽ വന്നിട്ടുണ്ട്. ഞാൻ താമസിച്ചിട്ടുള്ളതിൽ വെച്ച് ഏറ്റവും വലുതും മനോഹരവുമായ വീടായിരുന്നു അത്.

ജനീവയിലെ തുമ്മാരുകുടി...

ജനീവയിൽ ഒരു വീട് കിട്ടുക എന്നത് അന്നും ഇന്നും ശ്രമകരമാണ്. അധികം വീടുകൾ വാടകയ്ക്കു ലഭ്യമല്ല. വീടിന്റെ വാടക നിയന്ത്രിച്ചിരിക്കുന്നതിനാലും വീടുനിർമ്മാണത്തിന് കർശന നിബന്ധനകൾ ഉള്ളതിനാലും അധികം വീടുകൾ ഉണ്ടാക്കപ്പെടുന്നില്ല. കിട്ടുന്ന വീട് സ്വർഗ്ഗമാക്കി ജീവിക്കുക എന്നതേ അവിടെ മാർഗ്ഗമുള്ളു. കഴിഞ്ഞ പത്തുവർഷമായി ഒരേ അപ്പാർട്ട്മെന്റിലാണ് ഞാൻ താമസിക്കുന്നത്. മാറണമെന്ന് ആഗ്രഹമുണ്ടെങ്കിലും പുതിയ വീട് അന്വേഷിക്കാനും കിട്ടാനുമുള്ള ബുദ്ധിമുട്ടോർക്കുമ്പോൾ വേണ്ടെന്നു വയ്ക്കുന്നതാണെളുപ്പം. 

ജനീവയിലെ എന്റെ വീടൊരു സത്രമാണ്. ലോകത്തെമ്പാടുനിന്നും  ധാരാളം സുഹൃത്തുക്കൾ ജനീവയിലെ എന്റെ വീട്ടിൽ വന്നു താമസിക്കാറുണ്ട് എന്നതാണ് എന്നെ ഏറ്റവും സന്തോഷിപ്പിക്കുന്നത്. ഒരേസമയം പത്ത് അതിഥികൾ വരെ ഉണ്ടായിട്ടുണ്ട്. വരുന്നവർക്ക് കൊടുക്കാൻ ഒരു റൂം ഇല്ല എന്നതൊന്നും എന്നെ ഒരിക്കലും വിഷമിപ്പിച്ചിട്ടില്ല. അതിഥികൾക്ക് വേണ്ടി ഹൃദയത്തിലാണ് സ്ഥലം വേണ്ടതെന്ന അമ്മയുടെ തത്വശാസ്ത്രം തന്നെയാണ് എന്റെയും. 

വീട്ടിൽ ബെഡ്‌റൂമുകൾ പലതുണ്ടെങ്കിലും സിറ്റിങ് റൂമിലെ സോഫയിലാണ് എന്നും ഞാനുറങ്ങുന്നത്. സോഫയിൽ നിറയെ പുസ്തകങ്ങളാണ്. അത് വായിച്ചുകിടന്നാണ് ഉറക്കം. ബന്ധുക്കൾ വരുമ്പോൾ മാത്രമാണ് ബെഡ്‌റൂമിൽ കിടക്കുന്നത്, കാരണം അവർ ബെഡ്‌റൂമിൽ കിടക്കുമ്പോൾ ഞാൻ സോഫയിൽ കിടന്നുറങ്ങുന്നത് അതിഥികൾക്ക് വിഷമമുണ്ടാക്കും എന്നതുകൊണ്ടുമാത്രം. ഫെയ്‌സ്ബുക്കിലെ പരിചയം വെച്ച് ഇപ്പോൾ മാസത്തിൽ ഒരിക്കലെങ്കിലും മലയാളി സുഹൃത്തുക്കൾ ഇവിടെയെത്താറുണ്ട്. ഞാൻ ഉണ്ടെങ്കിലും ഇല്ലെങ്കിലും ജനീവയിലെ തുമ്മാരുകുടി അവരുടേത് കൂടിയാണ്.

തുടരും...

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com