sections
MORE

വീടുണ്ട്, വീട്ടുകാരുണ്ട്, നാട്ടുകാരുണ്ട്...ഹാപ്പിയാണ് കോട്ടയം പ്രദീപ്

HIGHLIGHTS
  • ഈണത്തിലുള്ള ആ ഒറ്റ ഡയലോഗിലൂടെ പ്രശസ്തനായ വ്യക്തിയാണ് കോട്ടയം പ്രദീപ്.
kottayam-pradeep-home
SHARE

ഫിഷുണ്ട്, മട്ടനുണ്ട്, ചിക്കനുണ്ട്, കഴിച്ചോളൂ, കഴിച്ചോളൂ... 

വിണ്ണൈത്താണ്ടി വരുവായ എന്ന ചിത്രം കണ്ടവരാരും തൃഷയുടെ അമ്മാവനായി അഭിനയിച്ച കഥാപാത്രത്തെ മറക്കാനിടയില്ല. ഈണത്തിൽ വലിച്ചുനീട്ടിയുള്ള ആ ഒറ്റ ഡയലോഗിലൂടെ പിന്നീട് പ്രശസ്തനായ വ്യക്തിയാണ് കോട്ടയം പ്രദീപ്. ആ ഡയലോഗിന്റെ പല വകഭേദങ്ങൾ പിന്നീടുള്ള ചിത്രങ്ങളിലും പ്രദീപിനെ തേടിയെത്തി. കോട്ടയംകാരുടെ പ്രദീപേട്ടൻ വീട്ടുവിശേഷങ്ങൾ പങ്കുവയ്ക്കുന്നു.

kottayam-pradeep

വീടോർമകൾ...

കോട്ടയത്തിനടുത്തു തിരുവാതുക്കൽ എന്ന ഗ്രാമത്തിലാണ് ഞാൻ ജനിച്ചത്. ഒരു ഇടത്തരം കുടുംബമായിരുന്നു. അച്ഛൻ രാഘവൻ, അമ്മ പദ്മ. അച്ഛന് തിരുവാതുക്കൽ ചെറിയൊരു ഹോട്ടൽ ഉണ്ടായിരുന്നു. മുത്തച്ഛന് ചെറിയൊരു തുണിക്കടയും. ഒരു ഇടത്തരം വീട്. അവിടെ എപ്പോഴും ആളുകളുണ്ടാകും. കൂട്ടുകുടുംബത്തിന്റെ സ്നേഹസന്തോഷങ്ങൾ അനുഭവിച്ചാണ് ബാല്യം കടന്നുപോയത്. ഞങ്ങൾ നാലുമക്കളായിരുന്നു. മൂന്നു സഹോദരിമാരുടെ ഇളയ ആങ്ങളയായിരുന്നു ഞാൻ. അങ്ങനെ അത്യാവശ്യം കൊഞ്ചിച്ചാണ് എന്നെ വളർത്തിയത്. അങ്ങനെയാണ് എന്റെ സംസാരത്തിലും ഈ കൊഞ്ചൽ വന്നതെന്ന് വീട്ടുകാർ കളിയാക്കാറുണ്ട്.

നടനാക്കിയ കൊട്ടക...

തിരുവാതുക്കൽ ഒരു രാധാകൃഷ്ണ തിയറ്ററുണ്ട്. അതിന്റെ സമീപമാണ് അച്ഛന്റെ ഹോട്ടൽ. സിനിമ കാണാൻ വരുന്നവരുടെ ഊണും കാപ്പികുടിയും എല്ലാം ഇവിടെയാണ്. അതുകൊണ്ട് എനിക്ക് സിനിമ കാണാൻ ടിക്കറ്റ് വേണ്ട..അങ്ങനെ മാറ്റിനിയും സെക്കൻഡ് ഷോയ്ക്കുമെല്ലാം എനിക്ക് മുൻസീറ്റുതന്നെ കിട്ടും. പ്രേംനസീർ മുതൽ ജയനും മമ്മൂട്ടിയും മോഹൻലാലും വരെ എത്ര താരങ്ങൾ വെള്ളിത്തിരയിൽ എന്റെ മുന്നിൽ വിസ്മയം തീർത്തു.... അവരാണ് എന്റെ സിനിമാമോഹം ഉണർത്തിയത്. ചെറുപ്പത്തിൽ ചില്ലറ നാടകങ്ങളിൽ അഭിനയിച്ചുണ്ട് എന്നല്ലാതെ മറ്റൊരു അഭിനയ പാരമ്പര്യവും എനിക്കില്ല. എന്നിട്ടും ഒരു ഭാഗ്യം പോലെ സിനിമ എന്നെ തേടിയെത്തി.

കുടുംബം...

kottayam-pradeep
കുടുംബം

ഞാൻ നാഗമ്പടം എൽഐസി ഡിവിഷൻ ഓഫിസിൽ ജോലി ചെയ്യുന്നു. ജോലിയുടെ ഇടവേളകളിലാണ് സിനിമാഭിനയം. ഭാര്യ മായ. മകൻ വിഷ്ണു ഫാഷൻ ഡിസൈനറാണ്. സിനിമാസംവിധായകൻ ആകാനുള്ള പരിശ്രമത്തിലാണ്. മകൾ വൃന്ദ മുനിസിപ്പാലിറ്റി റവന്യു വിഭാഗത്തിൽ ജോലി ചെയ്യുന്നു.

കുമാരനല്ലൂർ വീട്...

ചെറുപ്പത്തിൽ ഞങ്ങൾ കുമാരനല്ലൂർ തൃക്കാർത്തിക തൊഴാൻ വരുമായിരുന്നു. അങ്ങനെ ആ സ്ഥലം മനസ്സിൽ കൂടി. അവിടെ വീടുവാങ്ങിയാൽ എന്നും ക്ഷേത്രവും ഉത്സവവുമൊക്കെയായി ഹാപ്പിയായി കൂടാമല്ലോ എന്ന ചിന്തയിൽനിന്നാണ് കുമാരനല്ലൂർ വീടുവാങ്ങി താമസമാക്കുന്നത്.

kottayam-pradeep-home

ഇപ്പോൾ 20 വർഷമായി കുമാരനല്ലൂർ ദേവീ ക്ഷേത്രത്തിന്റെ വടക്കേനടയിൽ, പത്തു സെന്റിൽ അഞ്ചു കിടപ്പുമുറികളുള്ള ഇരുനില വീട്ടിലാണ് താമസിക്കുന്നത്. ഗൃഹപരിപാലനം ഭാര്യയുടെ ഡിപ്പാർട്മെന്റാണ്. അതുകൊണ്ട് ഞാൻ അതിൽ അധികം ഇടപെടാറില്ല. അടുത്തിടയ്ക്ക് വീട് പെയിന്റ് ചെയ്തു ഭംഗിയാക്കി. വെള്ളയും നീലയും നിറങ്ങളാണ് ഇടകലർത്തി നൽകിയത്. മുറ്റത്തു ധാരാളം തണൽമരങ്ങൾ ഉള്ളതിനാൽ വീടിനുള്ളിൽ അധികം ചൂട് അനുഭവപ്പെടാറില്ല.


ഒരു നാട്ടിൻപുറത്തിന്റെ എല്ലാ നന്മകളും ഉള്ള സ്ഥലമാണിവിടം. ടൗൺ തൊട്ടടുത്തുണ്ടുതാനും. വെളുപ്പിന് നാലുമണിക്ക് വിളിച്ചുണർത്തുന്നത് ക്ഷേത്രത്തിൽനിന്നുള്ള ദേവീഗീതമാണ്. അതുപോലെ വൈകിട്ടും..എപ്പോഴും പ്രാർഥനാമുഖരിതമായ അന്തരീക്ഷം. അതുകൊണ്ട് എവിടെപ്പോയാലും തിരിച്ചു വീട്ടിലെത്തുമ്പോൾ കിട്ടുന്ന സന്തോഷവും സമാധാനവും പറഞ്ഞു ഫലിപ്പിക്കാനാകില്ല.സിനിമാഷൂട്ടിങ് മിക്കവാറും കൊച്ചിയിലായിരിക്കും. എന്നാലും കുമാരനെല്ലൂരമ്മയുടെ മടിത്തട്ടിലുള്ള ഈ വീടു വിട്ട് ഇനി എങ്ങോട്ടുമില്ല.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SPOT LIGHT
SHOW MORE
FROM ONMANORAMA