ADVERTISEMENT
reshmi-on-stage
രശ്മി സ്‌റ്റേജിൽ

മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയ താരമാണ് രശ്മി അനിൽകുമാർ. കോമഡി നമ്പരുകളുമായി രശ്മി അരങ്ങത്ത് എത്തുമ്പോൾത്തന്നെ വീടുകളിൽ ചിരി വിടരും. കഷ്ടപ്പാടുകളിൽനിന്നാണ് ചിരി വിടരുന്നത് എന്നുപറയുന്നത് രശ്മിയെ സംബന്ധിച്ചിടത്തോളം ശരിയാണ്. മഴവിൽ മനോരമയിലെ കോമഡി ഫെസ്റ്റിവൽ, മിമിക്രി മഹാമേള എന്നിവ രശ്മിയെ താരമാക്കി. രശ്മി വീട് ഓർമകളും വിശേഷങ്ങളും പങ്കുവയ്ക്കുന്നു.

പണി തീരാത്ത വീട്...

കായംകുളമാണ് സ്വദേശം. അച്ഛൻ കൃഷ്ണപിള്ള. അമ്മ രത്ന പിള്ള. അച്ഛന് കോയിക്കൽ ചന്തയിൽ ഒരു ചെറിയ ഹോട്ടൽ ഉണ്ടായിരുന്നു.അതിരാവിലെ തുറക്കുന്ന ഹോട്ടൽ അടയ്ക്കുമ്പോൾ പാതിരാത്രിയാകും. അച്ഛനുമമ്മയും മിക്ക ദിവസങ്ങളിലും ഹോട്ടലിൽ തന്നെയാണ് കിടന്നുറങ്ങിയിരുന്നത്. ചെറിയ കൂട്ടുകുടുംബമായിരുന്നു ഞങ്ങളുടേത്. എനിക്കൊരു സഹോദരിയുമുണ്ട്- ചിത്ര. രണ്ടു അമ്മൂമ്മമാരാണ് ചെറുപ്പത്തിൽ ഞങ്ങളെ വളർത്തിയത്.

എന്റെ വീടിന്റെ ഓർമ തുടങ്ങുന്നത് ഞാൻ ജനിച്ച കായംകുളത്തെ വീട്ടിൽനിന്നാണ്. ഓലമേഞ്ഞ മൺവീടായിരുന്നു. ചാണകം മെഴുകിയ തറയും ഇടുങ്ങിയ അകത്തളങ്ങളുമുള്ള വീട്. ഓരോ മഴക്കാലത്തിനു മുൻപും ഓല മെടഞ്ഞു വീണ്ടും മേൽക്കൂര മേയും. മഴക്കാലത്തൊക്കെ വീട് ചോരുന്നത് പതിവായപ്പോൾ കുറച്ചു വർഷങ്ങൾക്കുശേഷം ഓല മേൽക്കൂര മാറ്റി ഷീറ്റിട്ടു. പിന്നെയും കുറച്ചു വർഷങ്ങൾക്ക് ശേഷം ഞാൻ സ്‌കൂളിൽ പഠിക്കുമ്പോഴാണ് പഴയ കൂര മുഴുവൻ പൊളിച്ചു കളഞ്ഞു സിമന്റ് കൊണ്ട് വാർത്ത ഉറപ്പുള്ള വീട് നിർമിക്കുന്നത്. രണ്ട് മുറികളും അടുക്കളയും മാത്രമാണ് വീട്ടിൽ ഉണ്ടായിരുന്നത്.  

നിറയെ മരങ്ങൾ തണൽവിരിക്കുന്ന ചെടികൾ പൂത്തു നിൽക്കുന്ന ഒരു പ്രദേശത്താണ് വീട്. പറമ്പിൽ തന്നെ ഒരു കുടുംബക്ഷേത്രവുമുണ്ട്. നാഗരാജാവിനെയും നാഗയക്ഷിയേയും കുടിയിരുത്തിയിരിക്കുന്ന സർപ്പക്കാവുമുണ്ട്. മുറ്റത്ത് ഒരു മന്ദാരമുണ്ടായിരുന്നു. വീട്ടിൽ അതിഥികൾ വരുമ്പോൾ എല്ലാവരും കൂടെ അതിന്റെ കീഴിലാണ് ഇരുന്നു വർത്തമാനം പറഞ്ഞിരുന്നത്. അങ്ങനെ സ്വീകരണമുറി ലാഭമായി. 

സ്‌കൂൾ കോളജ് കാലഘട്ടങ്ങളിൽ മിമിക്രിയും മോണോ ആക്ടുമൊക്കെ അവതരിപ്പിക്കുമായിരുന്നു. പിന്നീട് ഡിഗ്രിക്ക് ശേഷം കെപിഎസി യിൽ എത്തി. മഴവിൽ മനോരമയിലെ കോമഡി ഫെസ്റ്റിവലിൽ കൂടെയാണ് മിനിസ്ക്രീനിലേക്ക് എത്തുന്നത്. വിവാഹം കഴിഞ്ഞു രണ്ടാമത്തെ കുഞ്ഞും ഉണ്ടായിക്കഴിഞ്ഞാണ് അപ്രതീക്ഷിതമായി മിനിസ്ക്രീനിലേക്കെത്തുന്നത്.

rashmi
രശ്മി സ്‌റ്റേജിൽ

രണ്ടരമാസം പ്രായമുള്ളപ്പോൾ  ഇളയമകന് സീരിയലിൽ അവസരം കിട്ടി. ഒരു വർഷത്തോളം കുഞ്ഞിനേയും കൊണ്ട് സീരിയൽ സെറ്റുകളിൽ രശ്മി ചെന്നു. നാടക പശ്‌ചാത്തലം മനസിലാക്കിയ അണിയറപ്രവർത്തകർ സീരിയലിൽ അവസരം നൽകി. പിന്നീട് മഴവിൽ മനോരമയിലെ കോമഡി ഫെസ്റ്റിവൽ, മിമിക്രി മഹാമേള എന്നിവയാണ് എന്റെ കലാജീവിതത്തിൽ വഴിത്തിരിവായത്.

കുടുംബം... 

ഭർത്താവ് അനിൽകുമാർ ഇലക്ട്രീഷനാണ്. കുറേക്കാലം പ്രവാസിയായിരുന്നു. ഇപ്പോൾ നാട്ടിൽ തിരിച്ചെത്തി. ആലപ്പുഴ ജില്ലയിലെ കമ്പകച്ചുവടാണ് ഭർത്താവിന്റെ വീട്. മകൾ കൃഷ്ണ അഞ്ചാം ക്‌ളാസിലും മകൻ ശബരീനാഥ് ഒന്നാം ക്‌ളാസിലും പഠിക്കുന്നു. 

മിനിസ്‌ക്രീനിൽ സജീവമായ ശേഷം കായംകുളത്തെ വീട് പുതുക്കിപ്പണിതു കൊണ്ടിരിക്കുകയാണ്. പണം വരുന്നതിന് അനുസരിച്ച് ഘട്ടങ്ങളായാണ് പണി. നാലു തലമുറകൾ ജീവിച്ച വീടാണിത്. അതുകൊണ്ട് പൂർണമായി പൊളിച്ചുകളയാൻ ബുദ്ധിമുട്ടുണ്ട്. വലിയ ആഡംബരങ്ങൾ ഒന്നും മോഹിക്കാൻ ഞങ്ങൾക്ക് കഴിയില്ല. സ്വപ്നം കാണാറുമില്ല. അത്യാവശ്യം സൗകര്യങ്ങളുള്ള ഒരു ചെറിയ വീട്. ഈശ്വരൻ സഹായിച്ചാൽ അടുത്തുതന്നെ പണി പൂർത്തിയാക്കി ആ സ്വപ്നം ഞങ്ങൾ സഫലമാക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com