sections
MORE

'ജേര്‍ണി'യിലേക്കുള്ള യാത്രയ്ക്കായി കാത്തിരിക്കുന്നു: ആര്യ ഗോപി

arya-gopi-hus
SHARE

എഴുത്തുകാരി ആര്യ ഗോപി തന്റെ വീടോർമകളും പുതിയ വീടിന്റെ വിശേഷങ്ങളും പങ്കുവയ്ക്കുന്നു. 

അച്ഛന്‍വീട്ടിലെ ബാല്യം...

നാട്ടുകഥകളുടെ വറ്റാത്ത ഉറവയൂറുന്ന പത്തനംതിട്ടയിലെ കൊടുമണ്‍ എന്ന സ്ഥലത്തുള്ള അച്ഛന്റെ വീട്ടിലായിരുന്നു ജനനം. ആ ഗ്രാമത്തിനു കുട്ടികളുടേതുപോലെയൊരു നിഷ്കളങ്കതയുണ്ട്. ഓടിട്ട വീടുകളുടെ കുളിര്‍മ നിറഞ്ഞ തനിമ കാണണമെങ്കില്‍ ഗ്രാമവീഥികളിലൂടെ ഒന്ന് സഞ്ചരിച്ചാല്‍ മതി. മുകളില്‍ കരിംപച്ച റബ്ബര്‍മരതോട്ടവും പിറകില്‍ ഞാറ്റുപാടവും അതിന്റെയരികില്‍ പളുങ്ക്ചിതറുന്ന തെളിനീര്‍തോടും വാഴതോട്ടവും, അവ ചെന്നുതൊടുന്ന മലയോരങ്ങളും കൂടി ചേർന്നാലേ അച്ഛന്‍ വീടിനെ ഓര്‍ക്കാനാകൂ. 

arya-gopi-old-house

രണ്ടരവയസ്സ് വരെ ഓടിക്കളിച്ച ആ വീട്ടില്‍ ഒരുമറവിയും തട്ടാതെ ഇന്നുമെന്റെ ബാല്യം തങ്ങിനില്‍പ്പുണ്ട്. അച്ഛനും അമ്മയും ഹൃദയം പകുത്തി നല്‍കി ജീവിച്ച വീടായിരുന്ന അത്. അടുക്കളയോട് ചേര്‍ന്ന് വലിയൊരു പത്തായമുണ്ടായിരുന്നു അവിടെ. നെല്ലും കപ്പയും വാഴയ്ക്കായും ചേമ്പും മാത്രമല്ല ഭൂതകാലത്തിന്റെ മുഴുവന്‍ ഉണ്മയും അവരതില്‍ നിക്ഷേപിച്ചിരുന്നു. അച്ഛന്‍ പറഞ്ഞതന്നതും കേട്ടുറങ്ങിയതുമായ കഥകളില്‍ ആ വീടും നാടും ആയുസ്സിന്റെ പുസ്തകത്തിലെ ഒന്നാം അധ്യായമായി പരുവപ്പെട്ടിരിക്കുന്നു. അച്ഛന്‍ പൊട്ടുതൊട്ട് പുരികം വരച്ച് ഒരുക്കി തരുന്നത് പോലും ആ വീടോർമ്മപ്പച്ചയിൽ ജീവന്റെ ഞരമ്പായി തെളിഞ്ഞു കിടപ്പുണ്ട്.

രണ്ടാം ബാല്യം കിളിര്‍ത്ത വീട്... 

കോഴിക്കോട് ആയിരുന്ന രണ്ടാം ബാല്യം കിളിര്‍ത്ത വീട്. ചോവായൂരിലെ ആദ്യ വീട് അച്ഛന്‍ ജോലി ചെയ്ത ഗവ: ആശുപത്രിയുടെ ക്വാർട്ടേഴ്സ് ആയിരുന്നു. ബ്രിട്ടീഷുകാരുടെ കാലത്ത് പണികഴിപ്പിച്ചതായിരുന്നു അവിടുത്തെ പല കെട്ടിടങ്ങളും. മൂന്നു വയസ്സുമുതല്‍ ഞാനും രണ്ടുവയസ്സ് വരെ അനിയത്തിയും ശൈശവാനന്ദത്തിന്റെ കളിമുത്തുകള്‍ പെറുക്കിയെടുത്തയിടമായിരുന്നു അവിടം. 

വീടെന്ന വാക്കിനു ബഹുവചനങ്ങളുടെ അർഥമുണ്ടെന്ന്‌ അന്നു തോന്നിയതേയില്ല. ചുവന്നകാവിനിറമുള്ള തറയും ഉയര്‍ന്നു നില്‍ക്കുന്ന ഓടിന്റെ ശ്വാസവഴികളും ഇന്നും മോഹിപ്പിക്കുന്നതാണ്. ആ വീട്ടിലാണ് ഞങ്ങള്‍ പാദമുറപ്പിച്ച് ആദ്യമായി നൃത്തം ചവിട്ടിയത്. വെറും നിലത്തിരുന്നു ഹാര്‍മോണിയം മീട്ടി പാട്ടുപാടിയത്, ചിത്രം വരച്ചത്, വീടെന്നത്‌ സ്വര്‍ഗ്ഗമെന്ന കള്ളപ്പേരില്‍ ഞങ്ങളോടൊപ്പം വളര്‍ന്നു. 

'നന്മ'യെന്ന രണ്ടാം വീട്... 

arya-gopi-family

ചേവായൂരിലെ രണ്ടാം വീട്ടിലായിരുന്നു കൗമാരകാലം. 'നന്മ'യെന്ന ആ വീട്ടിലെ L ഷേപ്പുള്ള മാര്‍ബിള്‍ വരാന്തയില്‍ കവിള്‍ചേര്‍ത്തു കിടന്ന സായംസന്ധ്യകള്‍, അമ്മയുടെ പച്ചക്കറിത്തോട്ടങ്ങള്‍ വള്ളിവീശി പടര്‍ന്നിറങ്ങിയ ഓടിന്‍പുറങ്ങള്‍... എല്ലാം ആ വീടിനെ കുറിച്ചുള്ള ഓര്‍മ്മകളാണ്. വീട് ഒന്നിനും 'അരുത്' എന്ന വാക്കുകൊണ്ടു കൂമ്പൊടിച്ചില്ല. അച്ഛന്റെയും അമ്മയുടെയും പാരസ്പര്യത്തില്‍ വീട് കവിതയെന്ന പോലെ കടലാസില്‍ പകര്‍ത്താന്‍ ഏതു ഭാഷയാണ്‌ ഞാന്‍ അഭ്യസിക്കേണ്ടത് ?

കോഴിക്കോട് മലാപറമ്പില്‍ സ്വന്തമായി വീട് വാങ്ങിതാമസമാക്കിയപ്പോഴും 'നന്മ' എന്ന വീട്ടുപേരിനെ അച്ഛന്‍ കൂടെകൂട്ടി. യൗവ്വനസ്വപ്നങ്ങള്‍ക്ക് നിറം പകരാന്‍ ആ വീട് കൂടി കാരണമായി. വീടിന്റെ ടെറസ് പഠനക്കളരിയായി. ഉറക്കെയുറക്കെ വായിച്ചു ഷെല്ലിയെയും കീറ്റ്സിനെയും ഇലിയറ്റിനെയും പ്രാണന്റെ പിടച്ചില്‍ തളച്ചിട്ടത് ആ ആകാശക്കീഴെയിരുന്നാണ്. അച്ഛനും അനിയത്തി സൂര്യയും ഞാനും ആ വീട്ടില്‍ എഴുത്തുഗ്രഹങ്ങളായി അമ്മയെന്ന സൂര്യനു ചുറ്റും വലഞ്ഞു. പുസ്തകങ്ങളായിരുന്നു ആ വീടിന്റെ പ്രാണന്‍. അഭിമാനകരങ്ങളായ അനവധി മുഹൂര്‍ത്തങ്ങള്‍ ജീവിതത്തിന്റെ ഭാഗമായപ്പോള്‍ വീട് നിശബ്ദപശ്ചാത്തലമായി നിലകൊണ്ടു.

വയനാട്ടിലെ വീടും കോഴിക്കോട്ടെ ഫ്ലാറ്റ് ജീവിതവും 

വിവാഹം കഴിഞ്ഞു പോയത് വയനാട്ടിലെ ഭര്‍ത്താവിന്റെ വീട്ടിലേക്കായിരുന്നു. പെരുമഴക്കാലത്തായിരുന്നു കല്യാണം. വയനാട്ടിലെ വീട്ടില്‍ ചെന്നുകയറുമ്പോള്‍ രാത്രിയായിരുന്നു. സ്നേഹം വിളമ്പിയൂട്ടിയപ്പോള്‍ ആ വീടും സ്വര്‍ഗ്ഗമെന്ന കള്ളപ്പേര് സ്വന്തമാക്കി. ചുരമിറങ്ങി വന്നു താമസമാക്കിയത് ഭര്‍ത്താവ് ജോലി ചെയ്യുന്ന പത്രസ്ഥാപനത്തിന്റെ അടുത്തുള്ള കെഎസ്എച്ച്ബി ഫ്ലാറ്റിലായിരുന്നു. കവിതകളും മധുവിധുവും ഇടംവലം നിന്നെന്നെ കുളിരണിയിച്ചെങ്കിലും നിലംതൊടാമണ്ണുപോലെ എന്റെ ഫ്ലാറ്റാകാശം മഴമേഘങ്ങളില്ലാതെ വിയര്‍ത്തൊട്ടി. ഫ്ലാറ്റുകള്‍ വലിയ കാലുകളില്‍ എഴുന്നുനില്‍ക്കുന്ന കരജീവികളെ പോലെ എന്നെ ഭയപ്പെടുത്തി. പകല്‍സമയം കോളേജ് അധ്യാപനത്തിന് തീറെഴുതി കൊടുത്തതിനാല്‍ രാത്രിയിലെ ഫ്ലാറ്റ് ജീവിതം എന്നെ അത്രയ്ക്ക് ആലോസരപ്പെടുത്തിയില്ല. 

എന്റെ ഭാവനയിലെ വീട്... 

ഭാവനയിലെ വീടിനു ആത്മാവിന്റെ ആരൂഡമായിരുന്നു കരുത്ത്. അക്ഷരങ്ങള്‍ ചുമരുകളായി, ഇളംപച്ചനിഴലാട്ടങ്ങള്‍ കളമെഴുതിയ പൂമുഖവും, മരം കൊണ്ടുള്ള ഇരിപ്പിടങ്ങളുള്ള തണലിടങ്ങളും ആ വീടിന് വേണം. അവിടുത്തെ തറയോടിന്റെ കാന്തികവലയത്തില്‍ കാല്‍പാദചോരപോലും കുളിര്‍ന്നുണരണം. പുസ്തകമണമുള്ള ലൈബ്രറികളുള്ള, അടുക്കളയ്ക്കപ്പുറത്തേക്ക് സ്നേഹത്തിന്റെ കരങ്ങളില്‍ വേവുന്ന പ്രണയസാഗരം വെച്ചുവിളമ്പണം. കോണ്‍ക്രീറ്റ് കാടുകളില്‍ നിലവിളിച്ചോതുന്ന പ്രേതാത്മാക്കളായി തീരരുതേയെന്നു പ്രകൃതിയുടെ മരവാതിലില്‍ മുട്ടിവിളിച്ചു നിത്യം ഭാവനാത്മകമായി പ്രാര്‍ത്ഥിക്കണം. 

'ജേര്‍ണി'യിലേക്ക്... 

arya-gopi-house-design
വീടിന്റെ ഡിസൈൻ

വീട് എന്നത് ജീവിതത്തിലെ ഏറ്റവും വലിയ സ്വപ്നം എന്നൊന്നും ഈ അടുത്ത കാലം വരെ പരിഗണിച്ചിട്ടില്ലായിരുന്നു. എന്റെ ജോലിത്തിരക്കുകള്‍, ഗവേഷണം, യാത്രാതിരക്കുകൾ, ഭര്‍ത്താവിന്റെ ബിസിനസ് തിരക്കുകള്‍ അങ്ങനെ മറ്റൊരുപാട് കാര്യങ്ങള്‍ക്ക് പ്രാമുഖ്യം നല്‍കിയപ്പോള്‍ വീടുപണി കുറച്ചു മെല്ലെയായിപോയിരുന്നു. എന്നാല്‍ ഈ വർഷം മാര്‍ച്ചോടെ തന്നെ വീടുപണി പൂര്‍ത്തിയാക്കണം എന്ന രീതിയിലാണ് ഇപ്പോള്‍ പണികള്‍ നടക്കുന്നത്. 

പരിസ്ഥിതിയോട് ഏറെ ഇണങ്ങിയ രീതിയിലാണ് 'ജേര്‍ണി 'യുടെ നിർമാണം. വീട് എന്നതൊരു കോണ്‍ക്രീറ്റ് കെട്ടിടം മാത്രമായി ഒതുങ്ങിപോകരുതെന്ന് എനിക്ക് നിര്‍ബന്ധമായിരുന്നു. സാമൂഹികപ്രതിബദ്ധതയോടെ എഴുതുകയും ജീവിക്കുകയും അധ്യാപനം നടത്തുകയും ചെയ്യുമ്പോള്‍ നമ്മുടെ വീടിനോടും നമുക്ക് ചില പ്രതിബദ്ധതകള്‍ ഉണ്ടാകേണ്ടതല്ലേ. 2016 ല്‍ വീടുപണി ആരംഭിക്കുമ്പോള്‍ തന്നെ പരമാവധി കോണ്‍ക്രീറ്റ് കുറച്ചു പ്രകൃതിക്ക്  യോജിച്ചതരത്തില്‍ വേണം നിർമാണം എന്നു തീരുമാനിച്ചിരുന്നു. അതുകൊണ്ടുതന്നെ ആര്‍ട്ടിഫിഷ്യല്‍ ടൈലുകള്‍ക്ക് പകരം തറയോടു പാകിയും, ചെങ്കല്ല് ചെത്തിയെടുത്തുമാണ് വീടിന്റെ നിര്‍മ്മാണം. വീടിന്റെ മുകളിൽ കോൺക്രീറ്റ്  മേല്‍ക്കൂരയ്ക്ക് പകരം ഓടാണ് പാകിയിരിക്കുന്നത്‌. 

വീട് നിർമിക്കുമ്പോൾ തന്നെ വീട്ടിലെ പുസ്തകങ്ങള്‍ക്കായി ഒരു ഡ്രീം സ്പേസ് ഉണ്ടാകണമെന്ന് ആഗ്രഹിച്ചിരുന്നു. അതുകൊണ്ടുതന്നെ വലിയൊരു ലൈബ്രറി വീട്ടില്‍ ഒരുക്കിയിട്ടുണ്ട്. മൂന്നു ബെഡ്റൂമുകള്‍, എഴുത്തുമുറി എന്നിവയുമുണ്ട്. എഴുത്തുജീവിതത്തില്‍ നിന്നും  ലഭിച്ച അഭിമാനകരമായ അവാര്‍ഡുകളും പ്രശസ്തിപത്രങ്ങളും സൂക്ഷിച്ചു വയ്ക്കാൻ ഡൈനിങ് ഏരിയയുടെ ഒരു ചുവരില്‍ വലിയൊരു ഷെല്‍ഫ് നിർമിച്ചിട്ടുണ്ട്. 

വീട്ടിനുള്ളില്‍ തന്നെ ആകാശം കാണുന്ന തരത്തില്‍ ഒരു ഓപ്പണ്‍ സ്പേസ് സെറ്റ് ചെയ്തിട്ടുണ്ട്. ഇവിടെ ചെറുമരങ്ങളും വള്ളിപ്പടര്‍പ്പുകളും ഒരുക്കി വീടിന് പുറത്തെ പോലെ തന്നെ ഉള്ളിലും നല്ലൊരു പച്ചപ്പ്‌ ഉണ്ടാക്കണമെന്നാണ്. എന്തായാലും പൂര്‍ണ്ണമായും പരിസ്ഥിതിയോടു ഇണങ്ങിയ ഒരു വീട് തന്നെയാകും 'ജേര്‍ണി'.

തയാറാക്കിയത്

ശ്രുതി രാജേഷ് 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SPOT LIGHT
SHOW MORE
FROM ONMANORAMA