sections
MORE

അഡാർ ലവ് ആണ് ആ വീടുകളോട്: റോഷൻ

roshan-house-thrissur
SHARE

ഒരു അഡാർ ലവ് എന്ന ചിത്രത്തിലെ 'തുള്ളിച്ചാടുന്ന പുരികത്തിന്റെ ഉടമ'യും നായകനുമായ റോഷൻ അബ്ദുൽ റഊഫ് വീടോർമകളും വിശേഷങ്ങളും പങ്കുവയ്ക്കുന്നു.. 

roshan

ഉപ്പ അബ്ദുൽ റാവൂഫ്  ഖത്തറിൽ ജോലി ചെയ്യുന്നു. ഉമ്മ ഹഫ്സത്ത് വീട്ടമ്മയാണ്. ഞങ്ങൾ നാലു മക്കളാണ്. ഒരു പെണ്ണും മൂന്നാണും. ചേച്ചി റിൻസിയ ഇപ്പോൾ ഫാഷൻ ഡിസൈനിങ് ചെയ്യുന്നു. ചേട്ടൻ റയീസ് അസിസ്റ്റന്റ് ഡയറക്ടർ ആയി പ്രവർത്തിക്കുന്നു. അനിയൻ റഷീദ് പ്ലസ്‌വണ്ണിൽ പഠിക്കുന്നു. ഞാൻ കോളജിലേക്ക് കയറിയതേയുള്ളായിരുന്നു. പക്ഷേ അപ്പോഴേക്കും സിനിമയുടെ തിരക്ക് കാരണം അറ്റൻഡൻസ് പ്രശ്നമായി, അങ്ങനെ കോഴ്സ് മുടങ്ങി. ഇപ്പോൾ ഡിസ്റ്റന്റ് ആയിട്ട് ബിബിഎ ചെയ്യുകയാണ്.

roshan-family
കുടുംബം

ഉപ്പയുടെ നാട് തൃശൂർ ജില്ലയിലെ ചാവക്കാടാണ്. അമ്മയുടേത് വടക്കേക്കാടും. വിശാലമായ അകത്തളങ്ങളുള്ള പരമ്പരാഗത ശൈലിയിലുള്ള മുസ്ലിം തറവാടുകളായിരുന്നു. വീട്ടിൽ എപ്പോഴും ഒരുപാട് ആളുകളുണ്ടാകും. അന്ന് ഞങ്ങൾ കൊച്ചുകുട്ടികളാണ്. ഞങ്ങൾ വികൃതി കാട്ടുന്നുണ്ടോ എന്നൊക്കെ ശ്രദ്ധിക്കാൻ എപ്പോഴും മുതിർന്ന ആരെങ്കിലും കൂടെയുണ്ടാകും. എന്റെ ചെറുപ്പത്തിലെ റോൾ മോഡൽ വല്യുപ്പയായിരുന്നു. ഞങ്ങൾ നാട്ടിലെത്തുമ്പോൾ വല്യുപ്പ എന്നെയും സഹോദരങ്ങളെയും കളരി പഠിപ്പിക്കുമായിരുന്നു. വല്യുപ്പ ഇപ്പോഴില്ല...ആ ശൂന്യത ആ തറവാട്ടിൽ ഇപ്പോഴുമുണ്ട്. ഉമ്മയുടെ തറവാടിനു സമീപം തന്നെയാണ് ബന്ധുക്കളുടെ വീടുകൾ. അതുകൊണ്ട് ഞങ്ങൾ ചെല്ലുമ്പോൾ കസിൻസൊക്കെ എപ്പോഴും കൂട്ടിനുണ്ടാകും.

പത്തുകൊല്ലം മുൻപാണ് ചാവക്കാട് ഉപ്പ സ്വന്തമായി വീടുപണിയുന്നത്. വളരെ സമാധാനമുള്ള ഒരു പ്രദേശമാണ്. വീടിനു പിറകിൽ പാടമാണ്. നാട്ടിലുള്ളപ്പോൾ ഞങ്ങൾ സുഹൃത്തുക്കൾ എല്ലാവരും അവിടെ ഫുട്‍ബോൾ കളിക്കാറുണ്ട്. 

roshan-house

അത്യാവശ്യ സൗകര്യങ്ങളുള്ള ഇരുനില വീടാണ്. നാലഞ്ചു മുറികൾ ഉണ്ടെങ്കിലും ഞങ്ങളെല്ലാരും ഒരു മുറിയിലാണ് മിക്കവാറും കിടന്നുറങ്ങുന്നത്. അതാണ് ഞങ്ങളുടെ സന്തോഷം. ചെറുപ്പത്തിൽ ഞങ്ങൾ സഹോദരങ്ങൾ നാലുപേരും കൂടിയാൽ വീടുതിരിച്ചു വയ്ക്കുമായിരുന്നു. ഉമ്മയ്ക്ക് വീട്‌ അടുക്കിപ്പെറുക്കി വയ്ക്കാൻ സമയം കാണൂ. ചേച്ചിക്ക് ഫാഷൻ ഡിസൈനിങ് താൽപര്യമുള്ളതുകൊണ്ട് വീടിന്റെ അകത്തളങ്ങളും ഭംഗിയായി സൂക്ഷിക്കാറുണ്ട്.

roshan-priya
പ്രിയയും റോഷനും

ഭാവിയിൽ സ്വന്തമായി ഒരു വീടു വയ്ക്കണം എന്നൊക്കെയുണ്ട്. എനിക്ക് സൗകര്യങ്ങളെക്കാൾ പ്രധാനം സന്തോഷമാണ്. എപ്പോഴും ഹാപ്പിയായിട്ട് ചെലവഴിക്കാൻ പറ്റുന്ന ഇടങ്ങളുള്ള, പോസിറ്റീവ് എനർജി നൽകുന്ന വീട്. അതാണ് ഞങ്ങൾ ഇപ്പോൾ താമസിക്കുന്ന വീട്. ഭാവിയിൽ ഒരു വീടുവയ്ക്കുകയാണെങ്കിലും അതു നിലവിലെ വീടിന്റെ പകർപ്പായിരിക്കണം എന്നാണ് ആഗ്രഹം. അതിനൊക്കെ സമയമുണ്ടല്ലോ...

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SPOT LIGHT
SHOW MORE
FROM ONMANORAMA